തണ്ണീർതട സംരക്ഷണനിയമം ലംഘിച്ചെന്ന് കലക്ടർ
text_fieldsആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ വാട്ടർവേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പാർക്കിങ് സ്ഥലം നിർമിക്കാൻ നിലം നികത്തിയെന്ന് ആലപ്പുഴ ജില്ല കലക്ടർ സർക്കാറിന് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പാർക്കിങ് സ്ഥലം നിര്മിക്കാൻ ചാലിെൻറ ഗതിതിരിച്ചുവിട്ടെന്നും കേരള തണ്ണീർതട സംരക്ഷണനിയമം ലംഘിച്ചെന്നും പറയുന്നുണ്ട്.
അഞ്ച് പേജുള്ള റിപ്പോർട്ടിലെ പ്രധാനപരാമർശങ്ങൾ ഇവയാണ്: പാർക്കിങ് സ്ഥലത്തിനും വഴിക്കുമായി 2014ൽ നിലം നികത്തി. ഇതിന് അനുമതി വാങ്ങിയിട്ടില്ല. ഈ സ്ഥലം ഇപ്പോൾ ലേക്ക് പാലസ് റിസോർട്ടിെൻറ പൂർണ നിയന്ത്രണത്തിലും ഉപയോഗത്തിലുമാണ്. പാർക്കിങ് സ്ഥലത്തിന് സമീപത്തെ ചാലിെൻറ ഘടന മാറ്റുകയും വീതികൂട്ടുകയും ചെയ്തു. ചാലിെൻറ ഗതിമാറ്റുന്നതിന് ഇറിഗേഷൻ വകുപ്പിെൻറ അനുമതിയുണ്ടായിരുന്നില്ല. 2008ൽ ലേക് പാലസ് റിസോർട്ടിലേക്ക് കരമാർഗം എത്താൻ സാധിക്കുമായിരുന്നില്ല.
2011ന് ശേഷം പടിപടിയായാണ് അപ്രോച്ച്റോഡും പാർക്കിങ് സ്ഥലവും നിർമിച്ചത്. ഇത് കേരള തണ്ണീർതട സംരക്ഷണ നിയമത്തിലെ മൂന്നാം വകുപ്പിെൻറ ലംഘനമാണ്. നിയമനടപടി സ്വീകരിക്കുന്നതിന് വാട്ടർവേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറെ നേരിട്ട് വിളിപ്പിച്ചിട്ടുണ്ട്.നിലം നികത്തൽ നടത്തിയിരുന്നുവെന്ന് അമ്പലപ്പുഴ തഹസിൽദാർ 2012 ഒക്ടോബർ 31ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നിലം പൂർവസ്ഥിതിയിലാക്കാൻ 2014ൽ അന്നത്തെ ജില്ലകലക്ടർ നിർദേശം നൽകിയിരുന്നെങ്കിലും ആർ.ഡി.ഒ ഇതുവരെ നടപടി സ്വീകരിച്ചില്ല. അതേസമയം റിസോർട്ടിന് മുന്നിലെ കായലിൽ ബോയ കെട്ടി തിരിക്കാൻ ലേക് പാലസ് റിസോർട്ടിന് അനുമതിയുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കമ്പനിക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ കഴിയുന്ന മുഴുവൻ രേഖകളും സമർപ്പിക്കാൻ ഒക്ടോബർ നാലുവരെ സമയം നീട്ടി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.