തോമസ് ചാണ്ടിയുടെ രാജി ചർച്ച ചെയ്തില്ല -പിണറായി
text_fieldsതിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ എൻ.സി.പി അഖിലേന്ത്യാ നേതൃത്വത്തിൻെറ തീരുമാനം കാത്തിരിക്കുയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിയുടെ രാജി വിഷയം മന്ത്രിസഭയിൽ ചർച്ചക്ക് വന്നിട്ടില്ലെന്ന് പിണറായി പറഞ്ഞു.
ഇക്കാര്യം നേരത്തേ എൽ.ഡി.എഫ് ചർച്ച നടത്തിയിരുന്നു. എൻ.സി.പിയുടെ നിലപാട് കേട്ട ശേഷം തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ എൽ.ഡി.എഫ് ചുമതലപ്പെടുത്തിയിരുന്നു. ഇന്നലെ ഹൈകോടതിയിൽ മന്ത്രിയുടെ കേസ് വന്ന സമയത്ത് എൻ.സി.പി നേതൃത്വവുമായി സംസാരിക്കാൻ കഴിഞ്ഞില്ല. അവരിന്നലെ കൊച്ചിയിലായിരുന്നു. ഇന്ന് എൻ.സി.പി നേതൃത്വം കാലത്ത് വന്നു വിശദമായി കാര്യങ്ങൾ ചർച്ച ചെയ്തു. ഇനി അവർക്ക് അവരുടെ അഖിലേന്ത്യാ നേതൃത്വവുമായി ചർച്ച ചെയ്യേണ്ടതുണ്ട്. വേണ്ട എന്ന് പറയാൻ എനിക്കാവില്ല. പെട്ടെന്ന് തീരുമാനമെടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്- പിണറായി വ്യക്തമാക്കി.
തോമസ് ചാണ്ടി പങ്കെടുക്കുന്നതിനാൽ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുന്നതായി സി.പി.ഐ മന്ത്രി ചന്ദ്രശേഖൻ കത്ത് തന്നിരുന്നു. സി.പി.ഐയുടേത് അസാധാരണമായ സംഭവമാണെന്ന് പിണറായി വ്യക്തമാക്കി. മന്ത്രസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ല. ഒരു പ്രശ്നവുമില്ല. പാർട്ടി നിലപാടുകൾ മന്ത്രിമാരെ സ്വാധീനിക്കും. പാർട്ടിയാണ് അവർക്ക് നിർദേശം നൽകിയത്. അത് അനുസരിക്കാൻ മന്ത്രിമാർ ബാധ്യസ്ഥരാണ്. മന്ത്രിയായിരിക്കുമ്പോൾ തോമസ് ചാണ്ടിക്ക് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാം തോമസ് ചാണ്ടി ധന്യഢ്യനാണോ അല്ലെയോ എന്നതല്ല പ്രശ്നം. അദ്ദേഹം മന്ത്രിയാകുന്നതിനും മുമ്പ് നടന്ന സംഭവമാണിത് - പിണറായി പറഞ്ഞു.
ഘടക കക്ഷികൾക്ക് അവരർഹിക്കുന്ന പരിഗണന കൊടുക്കുന്നത് മറ്റ് തരത്തിൽ കാണണ്ട. മുന്നണി ഭരണം ആകുമ്പോൾ മന്ത്രിമാരുടെ രാജിക്കാര്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ല. ചർച്ച ചെയ്ത് ചെയ്യേണ്ട ഒരു കാര്യമാണത്- പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.