മന്ത്രിയുടെ നിലം നികത്തൽ തണ്ണീർത്തട നിയമം പാസായ ശേഷം
text_fieldsതിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി കുട്ടനാട്ടിൽ നെൽവയലും കായലും നികത്തിയത് നിയമസഭയിൽ നെൽവയൽ തണ്ണീർത്തട നിയമം പാസാക്കിയതിനു ശേഷമെന്ന് കലക്ടർ ടി.വി. അനുപമ റവന്യൂ മന്ത്രിക്ക് സമർപ്പിച്ച മൂന്ന് പേജ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടനാടിെൻറയും മാർത്താണ്ഡം കായലിെൻറയും ഉപഗ്രഹ ചിത്രത്തിൽ ഓരോ വർഷവും നടന്ന കായൽ നികത്തൽ വ്യക്തമാണ്. രണ്ടു വർഷത്തിനു മുമ്പ് നികത്തൽ നടന്നിരുന്നു. നെൽവയൽ-തണ്ണീർത്തട നിയമം പാസാക്കുമ്പോൾ ഇതു കുട്ടനാടിന് എതിരാകുമെന്നായിരുന്നു തോമസ് ചാണ്ടി അഭിപ്രായപ്പെട്ടത്. റിപ്പോർട്ടിലെ പരാമർശങ്ങൾ പരിസ്ഥിതി പ്രവർത്തകരും അംഗീകരിക്കുന്നു.
2011ൽ കായൽ നിലം നികത്തി തുടങ്ങിയപ്പോൾ പരിസ്ഥിതി പ്രവർത്തകർ ഇതു തടയുന്നതിന് ശ്രമം നടത്തിയിരുന്നു. എന്നാൽ, റവന്യൂ ഉദ്യോഗസ്ഥരിൽനിന്ന് പിന്തുണ ലഭിച്ചില്ല. മാർത്താണ്ഡം കായൽ ബണ്ടിന് അകത്തുള്ള ഭാഗമാണ് നികത്തുന്നതെന്ന് അവർ റവന്യൂ അധികൃതരെ അറിയിച്ചിരുന്നു. പുന്നമടയിൽനിന്ന് ജങ്കാറിൽ രാത്രി എക്സ്കവേറ്ററും ടിപ്പറും മണലുമായി മാർത്താണ്ഡം കായലിലേക്ക് പോയതിന് സാക്ഷികളുണ്ട്.
ബണ്ടിനോട് ചേർന്ന ഭാഗമാണ് നികത്തിയത്. ടിപ്പറിലെ മണ്ണ് എക്സ്കവേറ്റർ ഉപയോഗിച്ച് 10 മിനിറ്റ്കൊണ്ട് ഇറക്കി ജങ്കാർ തിരിച്ചു പോകുന്നതിനും കർഷകർ സാക്ഷിയായി. ഇതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു, ബി.എം.എസ് തൊഴിലാളി യൂനിയനുകളുമായി ചില തർക്കങ്ങളുമുണ്ടായി. അതെല്ലാം തോമസ് ചാണ്ടി നിസ്സാരമായി പരിഹരിച്ചു.
കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിന് ശ്രമം തുടങ്ങിയപ്പോൾ ആദ്യം മുന്നോട്ട് വെച്ചത് ആലപ്പുഴ-കോട്ടയം റോഡ് നിർമാണമാണ്. അതിനുള്ള പദ്ധതി റിപ്പോർട്ടും തോമസ് ചാണ്ടിയുടെ നേതൃത്വത്തിൽ തയാറാക്കിയിരുന്നു. ഈ റോഡ് മാർത്താണ്ഡം വഴിയാണ് വിഭാവനം ചെയ്തത്. കോട്ടയത്ത് എത്താൻ അരമണിക്കൂർ ലാഭം കിട്ടുമെന്നായിരുന്നു വാദം. പാടശേഖരത്തിനു മുകളിലൂടെ പാലം നിർമിക്കാനായിരുന്ന പദ്ധതി.
ആറാംബ്ലോക്ക്, മെത്രാൻ കായൽ തുടങ്ങിയവയെല്ലാം ബന്ധിപ്പിക്കുന്ന തരത്തിലായിരുന്നു റോഡ്. ഇക്കാലത്താണ് കുട്ടനാട്ടിൽ വ്യപകമായി കായൽ നിലങ്ങൾ വാങ്ങാൻ പുറത്തുനിന്ന് വൻകിടക്കാരെത്തിയത്. നിസ്സാര വിലയുണ്ടായിരുന്ന കായൽ നിലങ്ങൾ വൻവിലയ്ക്ക് വാങ്ങിക്കൂട്ടി. പുതിയ റോഡിെൻറ നിർമാണങ്ങൾ നിലങ്ങളിലെ നീരൊഴുക്കിനെ ബാധിച്ചു. നിലത്തിന് ഉയർന്ന വിലകിട്ടിയതിനാൽ കർഷകരുടെ എതിർപ്പ് ക്രമേണ ദുർബലമായെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.