സ്വയം രാജിവെക്കില്ല; മുഖ്യമന്ത്രി പറഞ്ഞാൽ മാറിനിൽക്കാമെന്ന് തോമസ് ചാണ്ടി
text_fieldsതിരുവനന്തപുരം: കായൽ കൈയേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, ഇപ്പോഴത്തെ അവസ്ഥയിൽ സ്വയം രാജിവെക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. മുഖ്യമന്ത്രി പറഞ്ഞാൽ മാറിനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൈയേറ്റം തെളിഞ്ഞാൽ എല്ലാ പദവികളും രാജിവെക്കും. ആരോപണങ്ങൾക്കു പിന്നിൽ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ട്. അതേസമയം, ഭൂവിഷയങ്ങളിൽ ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നുള്ളു ഭൂമി പോലും ഇതുവരെ ൈകയേറിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുമുള്ള അന്വേഷണത്തെയും ഭയപ്പെടുന്നില്ല. നിയമസഭ സമിതിയോ വിജിലൻസോ കൈയേറ്റം അന്വേഷിക്കേട്ടയെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചു.
തോമസ് ചാണ്ടി കൈയേറ്റം നടത്തിയെന്ന് കലക്ടർ
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറ്റം നടത്തിയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് കല്കടറുടെ ഇടക്കാല റിപ്പോർട്ട്. ആലപ്പുഴയിലെ ലേക് പാലസ് ഹോട്ടലിൽ പാർക്കിങ് സ്ഥലത്തിനായി നിലംനികത്തിയത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് ആലപ്പുഴ കലക്ടർ ടി.വി. അനുപമ റിപ്പോർട്ടിൽ അടിവരയിട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ടിൽ ഉപഗ്രഹ ചിത്രങ്ങളും നൽകിയിട്ടുണ്ട്. നിർമാണത്തിനു വേണ്ടി ഭൂഘടനയിൽ മാറ്റം വരുത്തിയത് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്. ഹോട്ടൽ നടത്തുന്ന വേൾഡ് വാട്ടർ ടൂറിസം കമ്പനി അധികൃതരോട് 26ന് രേഖകളുമായി ഹാജരാകാൻ കലക്ടർ നിർദേശിച്ചു . 2013 മുതലുള്ള ഉപഗ്രഹ ദൃശ്യങ്ങൾ പരിശോധിച്ചത് വഴിയാണ് ചട്ടലംഘനം കണ്ടത്.
കൈയേറ്റത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ കലക്ടർ ശിപാർശ ചെയ്തു. ഭൂമിയുടെ ഘടന മാറ്റിയതും അന്വേഷിക്കണം. ഇവിടെ നികത്തലും കൈയേറ്റവും നടന്നിട്ടുണ്ട്. ഭൂനിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോട്ടിനു മുൻവശം അഞ്ചുകിലോമീറ്ററോളം കായൽ വേലികെട്ടി വേർതിരിച്ച് അധീനതയിലാക്കിയെന്ന് ആരോപണമുണ്ട്. ഇക്കാര്യവും അന്വേഷണ പരിധിയിൽ വരും.
തോമസ് ചാണ്ടിക്കെതിരായി ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നേരത്തേ മന്ത്രി ഇ.ചന്ദ്രശേഖരൻ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ സമയത്ത് കലക്ടറായിരുന്ന വീണാ മാധവൻ നൽകിയ റിപ്പോർട്ടിൽ നിയമലംഘനം കണ്ടെത്തിയിരുന്നില്ല. റിപ്പോർട്ടിൽ ഏറെ വൈരുധ്യവുമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി റിപ്പോർട്ട് തിരിച്ചയച്ചത്. വിശദമായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അന്വേഷണം നടത്തിയത് പുതുതായി ചുമതലയേറ്റ ടി.വി. അനുപമയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.