കോട്ടയത്ത് വീണ്ടും തോമസ് ചാഴികാടൻ; എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു
text_fieldsകോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സിറ്റിങ് എം.പി കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടൻ (71) വീണ്ടും മത്സരിക്കും. പാർട്ടി അധ്യക്ഷൻ ജോസ് കെ. മാണിയാണ് പ്രഖ്യാപനം നടത്തിയത്.
കോട്ടയം സീറ്റിൽ തോമസ് ചാഴികാടൻ തന്നെയാകും മത്സരിക്കുകയെന്ന സൂചനകൾ ശക്തമായിരുന്നു. കേരള കോൺഗ്രസ് (എം) നേതൃയോഗങ്ങൾ അടിയന്തരമായി വിളിച്ചുചേർത്താണ് ചാഴികാടന്റെ പേര് പ്രഖ്യാപിച്ചത്. യു.ഡി.എഫിനായി കേരള കോൺഗ്രസ് ജോസഫ് വിഭാഗമാകും കോട്ടയത്തു മത്സരിക്കുക എന്നാണു വിവരം. ബാങ്കിങ് രംഗത്ത് നിന്ന് പൊതുപ്രവർത്തന രംഗത്തിറങ്ങി കാൽനൂറ്റാണ്ടോളം ജനപ്രതിനിധിയായി തിളങ്ങിയ വ്യക്തിത്വമാണ് തോമസ് ചാഴികാടന്റേത്.
1991ൽ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന സഹോദരൻ ബാബു ചാഴികാടന്റെ ആകസ്മിക നിര്യാണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലൂടെയാണ് തോമസ് ചാഴികാടൻ പൊതു പ്രവർത്തന രംഗത്ത് എത്തുന്നത്. കന്നിയങ്കത്തിൽ 1991ൽ ഏറ്റുമാനൂരിൽനിന്ന് നിയമസഭയിലെത്തിയ ചാഴികാടൻ, പിന്നീട് 1996, 2001, 2006 തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി വിജയക്കൊടി നാട്ടി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോട്ടയം ലോക്സഭ മണ്ഡലത്തിൽനിന്ന് വിജയിച്ചു.
കോട്ടയം ജില്ലയിലെ വെളിയന്നൂരിൽ ജനിച്ച തോമസ് ചാഴികാടൻ, അരീക്കര സെൻറ് റോക്കീസ് സ്കൂൾ, വെളിയന്നൂർ വന്ദേമാതരം സ്കൂൾ, ഉഴവൂർ ഔർ ലേഡി ഓഫ് ലൂർദ്സ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഉഴവൂർ സെന്റ് സ്റ്റീഫൻസ്, കുറവലങ്ങാട് ദേവമാതാ കോളജുകളിൽനിന്ന് പ്രീഡിഗ്രിയും ബിരുദവും നേടി തുടർന്ന് ചാർട്ടേർഡ് അക്കൗണ്ടന്റായി. ഓഫിസറായി ജയിച്ച് ന്യൂ ബാങ്ക് ഓഫ് ഇന്ത്യയിൽ ചേർന്ന ചാഴികാടൻ (നിലവിലെ പഞ്ചാബ് നാഷനൽ ബാങ്ക്) മാനേജരായിരിക്കെയാണ് പൊതുരംഗത്തിറങ്ങിയത്. അഡീഷണൽ ചീഫ് ടൗൺ പ്ലാനറായി വിരമിച്ച ആൻ ജേക്കബ് ആണ് ഭാര്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.