കൊല്ലാൻ ശ്രമിച്ചെന്ന്ഡി.ജി.പിക്ക് തോമസിന്‍റെ പരാതി
text_fieldsതിരുവനന്തപുരം: ഡ്രൈവറെ ഉപയോഗിച്ച് തന്നെ വാഹനാപകടത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ് ഡി.ജി.പിക്ക് പരാതി നൽകി. എൻ.സി.പി മുൻ പ്രവർത്തകസമിതി അംഗം റജി ചെറിയാനാണ് ഇതിന് പിന്നിലെന്നാണ് പരാതിയിലുള്ളത്. തന്റെ ഡ്രൈവറായിരുന്ന തോമസ് കുരുവിളയ്ക്ക് പണം വാഗ്ദാനം ചെയ്ത്, യാത്രാ വിവരങ്ങൾ ചോർത്തി ഗൂഢാലോചനക്കാർക്ക് നൽകി അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രവർത്തിച്ച വ്യക്തിയാണ് ഗൂഢാലോചന നടത്തിയത്. ഡ്രൈവറുടെ സംശയകരമായ പെരുമാറ്റം കണ്ട് അയാളെ ജോലിയിൽനിന്ന് മാറ്റി. അതിനുശേഷം റജി ചെറിയാന്‍റെ വീട്ടിൽ അയാൾ ഡ്രൈവറായി.
മദ്യപിച്ചശേഷം തന്‍റെ പഴ്സണൽ സ്റ്റാഫ് അംഗത്തെ ഫോണിൽ വിളിച്ച മുൻ ഡ്രൈവർ തോമസ് കുരുവിള, തന്നെ അപായപ്പെടുത്തി കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ റജി ചെറിയാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി. കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ വെള്ളം നിറഞ്ഞുകിടക്കുന്ന പാടത്തിന് നടുവിലെത്തുമ്പോൾ, കാറിന്റെ പിന്നിലിരുന്ന് ഉറങ്ങുന്ന തന്നെ വെള്ളത്തിൽ തള്ളിയിട്ട് കൊല്ലാനായിരുന്നു പദ്ധതി. മകന്‍റെ വീട്ടിലേക്ക് തനിയെ വാഹനം ഓടിച്ചു പോകുമ്പോൾ ലോറി ഇടിച്ച് കൊലപ്പെടുത്തുമെന്നും ഉപതെരഞ്ഞെടുപ്പിൽ റജി ചെറിയാൻ മത്സരിക്കുമെന്നും എന്‍.സി.പി ജില്ല പ്രസിഡന്‍റ് സന്തോഷ് കുമാറിനെ മുൻ ഡ്രൈവർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ഇതിൽ കേസെടുത്തിട്ടുണ്ട്. 5 ലക്ഷം രൂപ റജി ചെറിയാൻ തന്നതായും ബാക്കി കൃത്യത്തിനുശേഷം നൽകാമെന്ന് വാദ്ഗാനം ചെയ്തതായും ഡ്രൈവറായിരുന്ന തോമസ് കുരുവിള പറഞ്ഞിട്ടുണ്ട്.
രണ്ടുതവണ പൊതുവേദിയിൽവെച്ച് സ്ത്രീകളെക്കൊണ്ട് അസഭ്യം പറയിച്ചു. അതിനുശേഷം തനിക്കെതിരെ പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളുള്ളതിനാലാണ് കേസിൽനിന്ന് രക്ഷപ്പെട്ടത്. തന്നെ കൊലപ്പെടുത്താനും വ്യാജ ആരോപണങ്ങൾ ചമയ്ക്കാനും ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.