തോമസിന് പക്വതയില്ല, തുറന്നടിച്ച് ശശീന്ദ്രൻ; എൻ.സി.പിയിൽ പൊട്ടിത്തെറി
text_fieldsതിരുവനന്തപുരം: തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന തോമസ് കെ.തോമസ് എം.എൽ.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ എൻ.സി.പിയിൽ പൊട്ടിത്തെറി. തോമസ് കെ. തോമസിനെ പരസ്യമായി തള്ളിപ്പറഞ്ഞ് മന്ത്രി എ.കെ. ശശീന്ദ്രൻ രംഗത്തെത്തി. ഇതോടെ ഏറെക്കാലമായി എൻ.സി.പി കേരള ഘടകത്തിൽ നീറിപ്പുകയുന്ന അസ്വാരസ്യങ്ങൾ പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങി. തോമസിനെ തള്ളിപ്പറഞ്ഞും പി.സി. ചാക്കോക്കൊപ്പം ചേർന്നും ശശീന്ദ്രൻ രംഗത്തെത്തിയതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി.
സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുമായി തോമസിന് അഭിപ്രായവ്യത്യാസമുണ്ടെന്നും എന്നാൽ, അതിന് അദ്ദേഹം ഇപ്പോൾ സ്വീകരിച്ച മാർഗം പാർട്ടി അച്ചടക്കം പൂർണമായും ലംഘിക്കുന്നതാണെന്നുമാണ് ശശീന്ദ്രന്റെ നിലപാട്. ഇക്കാര്യം മറയില്ലാതെ തുറന്നടിച്ച ശശീന്ദ്രൻ തോമസിന് പക്വതയില്ലെന്നുകൂടി ആരോപിച്ചു. വധശ്രമത്തെ പാർട്ടിയിലെ ഭിന്നതയുമായി ബന്ധിപ്പിക്കാനുള്ള തോമസ് കെ. തോമസിന്റെ ശ്രമത്തെയാണ് ശശീന്ദ്രൻ വിമർശിക്കുന്നത്.
‘വധശ്രമം നടത്താൻ മാത്രം ക്രൂരന്മാരുള്ള പാർട്ടിയല്ല എൻ.സി.പി. എം.എൽ.എ ബാലിശമായാണ് കാര്യങ്ങൾ കാണുന്നത്. പരസ്യപ്രസ്താവനയോടെ ഇരിക്കുന്ന പദവിക്ക് അദ്ദേഹം അർഹനല്ലെന്നുകൂടി തെളിയിച്ചിരിക്കുന്നു. മാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കി പാർട്ടിയിൽ ഗുരുതര പ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതിലൂടെ അദ്ദേഹം പാർട്ടിയെതന്നെ തള്ളിപ്പറയുകയാണ്. പാർട്ടിയെയും സംസ്ഥാന പ്രസിഡൻറിനെയും നിരന്തരം അവഹേളിക്കുന്ന സമീപനം അദ്ദേഹത്തിനുതന്നെ തിരിച്ചടിയാകും. വധിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ ഗുരുതര വിഷയമാണ്. പൊലീസ് അന്വേഷിക്കട്ടെ. ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാഹചര്യങ്ങൾ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ എം.എൽ.എയുടെ പരസ്യപ്രസ്താവനക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകാനും ശശീന്ദ്രൻ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽനിന്ന് ശ്രമം നടക്കുന്നെന്ന് ആരോപിച്ച് തോമസ് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്.
കള്ളക്കേസിൽ കുടുക്കാനുള്ള എം.എൽ.എയുടെ നീക്കം നിയമപരമായി നേരിടും -റെജി ചെറിയാൻ
ആലപ്പുഴ: കള്ളക്കേസിൽ കുടുക്കാനുള്ള തോമസ് കെ. തോമസ് എം.എൽ.എയുടെ നീക്കം നിയമപരമായി നേരിടുമെന്ന് എൻ.സി.പി നേതാവ് റെജി ചെറിയാൻ. എം.എൽ.എയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ആലപ്പുഴ ജില്ലയിലെ എൻ.സി.പി പ്രവർത്തകർ ഒന്നടങ്കം സംസ്ഥാന കമ്മിറ്റിയുടെ കൂടെയാണ്.
ഒറ്റതിരിഞ്ഞ് വിഭാഗീയത പ്രവർത്തനം നടത്തുന്ന തോമസ് കെ. തോമസിന് മന്ത്രിയാകാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ പരാതി. ആരോപണങ്ങൾക്ക് അദ്ദേഹത്തിന്റെ കൈയിൽ തെളിവില്ല. പൊലീസ് അന്വേഷിച്ച് ഇതിന് തെളിവുണ്ടോയെന്ന് കണ്ടുപിടിക്കണം. അത് തന്റെയും കൂടെ ആവശ്യമാണ്.
ആരുടെയും പേരിൽ എന്തും പറയാമെന്ന രീതി എം.എൽ.എക്കും ഒരു പൊതുപ്രവർത്തകനും യോജിക്കുന്നതല്ല. അതിനെതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും നിയമനടപടി സ്വീകരിക്കും. എൻ.സി.പിയിൽ താൻ വന്നകാലം മുതൽ ആരൊക്കെയോ പറയുന്നത് കേട്ട് തനിക്കെതിരെ പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിക്കുന്ന ജോലി മാത്രമാണ് തോമസ് കെ. തോമസ് ചെയ്തിരുന്നത്. അത് നടക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
എം.എൽ.എയുടെ ആരോപണം ശരിയല്ലെന്ന് മുൻ ഡ്രൈവർ
ആലപ്പുഴ: കൊല്ലാൻ ശ്രമിച്ചെന്ന തോമസ് കെ. തോമസ് എം.എൽ.എയുടെ ആരോപണം ശരിയല്ലെന്ന് മുൻ ഡ്രൈവർ ബാബുക്കുട്ടൻ എന്ന തോമസ് കുരുവിള. സത്യവിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്.തോമസ് ചാണ്ടിയുടെ കാലം മുതൽ 22 വർഷമായി എം.എൽ.എയുടെ കുടുംബവുമായി ബന്ധമുണ്ട്.
മാധ്യമങ്ങളോട് അദ്ദേഹം പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. അങ്ങനെ ഒരുനീക്കവും നടന്നിട്ടില്ല. 2002ൽ തോമസ് ചാണ്ടിയുടെ കാലത്താണ് ഡ്രൈവർ ജോലിക്ക് കയറിയത്.വാഹനമോടിക്കുമ്പോൾ സ്ഥിരമായി കുറ്റം പറയുന്നതിനാലാണ് ജോലി ഉപേക്ഷിച്ചത്. തന്നെ ഒരാളും വിളിച്ചിട്ടുമില്ല. ആരെയും കണ്ടിട്ടുമില്ല. പറയപ്പെടുന്ന രാഷ്ട്രീയ പാരമ്പര്യം തോമസ് കെ. തോമസിനില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.