സി.എ.ജി റിപ്പോര്‍ട്ട് നിഷ്‌കളങ്കമല്ല; കേരള ഭരണം സ്തംഭിപ്പിക്കാൻ കേന്ദ്രശ്രമം -തോമസ് ഐസക്
text_fieldsതിരുവനന്തപുരം: കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട് നിഷ്‌കളങ്കമായ ഒന്നല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേരള ഭരണം സ്തംഭിപ്പിക്കാനുള്ള കേന്ദ്ര ശ്രമത്തിൻെറ ഭാഗമാണിത്. കിഫ്ബി മസാല ബോണ്ടില്‍ സി.എ.ജി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ഇ.ഡി അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരട് റിപ്പോര്‍ട്ടില്‍ കിഫ്ബിയെക്കുറിച്ച് രണ്ട് പാരഗ്രാഫ് മാത്രമെയുള്ളു. എന്നാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ വന്നത് കരടിൽ ചര്‍ച്ചചെയ്യാത്ത ഭരണഘടനാ സ്ഥാപനങ്ങളെക്കുറിച്ചുള്ള നിഗമനങ്ങളാണ്. ഇത് നാല് പേജില്‍ വിസ്തരിച്ച് എഴുതിയിരിക്കുകയാണ്. റിപ്പോർട്ട് എൻഫോഴ്സ് ഡയരക്ടറേറ്റിന് എങ്ങനെ ലഭിച്ചുവെന്നും തോമസ് ഐസക് ചോദിച്ചു.
സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താൻ സി.എ.ജി തന്നെ ഇറങ്ങുകയും അതിനുവേണ്ടി വാര്‍ത്തകള്‍ ചോര്‍ത്തുകയുമാണ് ചെയ്യുന്നത്. കേരളത്തിൻെറ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് ശ്രമം. കിഫ്ബിയിൽ നിക്ഷേപിക്കുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ഇത് ഇടയാക്കും. ഫണ്ട് തരുന്നവരെ പിന്തിരിപ്പിച്ച് പ്രവർത്തനം തടസ്സപ്പെടുത്താനാണ് നീക്കം. അടിസ്ഥാനരഹിതമായ വിവാദങ്ങള്ളാണ് ഉയർത്തുന്നത്.
കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻെറ (സി.എ.ജി) കണ്ടെത്തൽ. സർക്കാരിനു 3100 കോടി രൂപയുടെ ബാധ്യതയാണ് വരുത്തിയത്. മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചത്, രാജ്യത്തിന് പുറത്തു നിന്നു സംസ്ഥാനങ്ങൾ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദം ലംഘിച്ചാണെന്നും സി.എ.ജി റിപ്പോർട്ടിൽ പറയുന്നുണ്ട്. സി.എ.ജി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച എൻഫോഴ്സ്മെൻറ് ഡയരക്ടറേറ്റ്, വിശദാംശങ്ങൾ തേടി ഇ.ഡി ആർ.ബി.ഐയ്ക്ക് കത്തയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.