Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘താങ്കൾ മറ്റു ബി.ജെ.പി...

‘താങ്കൾ മറ്റു ബി.ജെ.പി നേതാക്ക​ളേക്കാൾ വകതിരിവുള്ള ആളാണെന്നാണു കരുതിയത്, മറിച്ചു പറയിപ്പിക്കരുത്’ -ജോർജ് കുര്യനോട് തോമസ് ഐസക്

text_fields
bookmark_border
‘താങ്കൾ മറ്റു ബി.ജെ.പി നേതാക്ക​ളേക്കാൾ വകതിരിവുള്ള ആളാണെന്നാണു കരുതിയത്, മറിച്ചു പറയിപ്പിക്കരുത്’ -ജോർജ് കുര്യനോട് തോമസ് ഐസക്
cancel

കൊച്ചി:കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ അപ്പോൾ സഹായം ലഭിക്കുമെന്ന കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വിവാദ പ്രസ്താവനക്കെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്. ‘നടക്കില്ല ജോർജ് കുര്യൻ മന്ത്രിജി’ എന്ന മുന്നറി​യിപ്പോടെയാണ് ഐസക്കിന്റെ മറുപടി. ‘നിങ്ങൾ കേരളമെന്നു പറയില്ലല്ലോ ഖേരളം എന്നല്ലേ സംഘികൾ പറയൂ’ എന്നും അദ്ദേഹം ചോദിച്ചു.

‘നടക്കില്ല ജോർജ് കുര്യൻ മന്ത്രിജി, കേരളത്തെ പിന്നോക്ക സംസ്ഥാനമായി പ്രഖ്യാപിക്കാൻ കഴിയില്ല. കേരളം നമ്പർ വൺ ആണ്. നിങ്ങൾക്ക് ഇല്ലെങ്കിലും ഞങ്ങൾക്ക് അതിൽ അഭിമാനമുണ്ട്. ഈ നമ്പർ വൺ കേരളത്തെ സൃഷ്ടിച്ചതിൽ ഒരു പങ്കുമില്ലാത്ത ഒരു പാർടി കേരളത്തിൽ ഉണ്ടെങ്കിൽ അത് നിങ്ങളുടെ പാർടിയും പൂർവഗാമികളുമാണ്. അതുകൊണ്ട് നിങ്ങളെപ്പോലുള്ളവരുടെ കേരളത്തോടുള്ള പുച്ഛത്തിൽ അത്ഭുതമില്ല.. വിവരക്കേടു മറയ്ക്കാൻ ജനിച്ച നാടിനെ ഇങ്ങനെ അപമാനിക്കരുത്. താങ്കൾ കേരളത്തിലെ മറ്റു ബിജെപി നേതാക്കളെ അപേക്ഷിച്ച് കുറച്ചു മിതഭാഷിയും വകതിരിവുമുള്ള ആളാണെന്നാണു കരുതിയത്. മറിച്ചു പറയിപ്പിക്കരുത്..’ -തോമസ് ഐസക് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് കൊടുക്കുന്നത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ, അപ്പോള്‍ കിട്ടും. ഞങ്ങള്‍ക്ക് റോഡില്ല, ഞങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല, ഞങ്ങള്‍ക്ക് അങ്ങനെയുള്ള കാര്യമില്ല എന്ന് കേരളം പ്രഖ്യാപിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സമൂഹികപരമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണ് എന്ന് പറഞ്ഞാൽ അത് കമീഷന്‍ പരിശോധിക്കും. പരിശോധിച്ചുകഴിഞ്ഞാല്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് കൊടുക്കും. അങ്ങനെയാണ് തീരുമാനിക്കുക. അല്ലാതെ സർക്കാർ അല്ലല്ലോ’. എന്നായിരുന്നു ജോര്‍ജ് കുര്യൻ പറഞ്ഞത്.

തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂർണരൂപം:

നടക്കില്ല ജോർജ് കുര്യൻ മന്ത്രിജി. കേരളത്തെ പിന്നോക്ക സംസ്ഥാനമായി പ്രഖ്യാപിക്കാൻ കഴിയില്ല. കേരളം നമ്പർ വൺ ആണ്. നിങ്ങൾക്ക് ഇല്ലെങ്കിലും ഞങ്ങൾക്ക് അതിൽ അഭിമാനമുണ്ട്. ഈ നമ്പർ വൺ കേരളത്തെ സൃഷ്ടിച്ചതിൽ ഒരു പങ്കുമില്ലാത്ത ഒരു പാർടി കേരളത്തിൽ ഉണ്ടെങ്കിൽ അത് നിങ്ങളുടെ പാർടിയും പൂർവഗാമികളുമാണ്. അതുകൊണ്ട് നിങ്ങളെപ്പോലുള്ളവരുടെ കേരളത്തോടുള്ള പുച്ഛത്തിൽ അത്ഭുതമില്ല. കേരളമെന്നു പറയില്ലല്ലോ. ഖേരളം എന്നല്ലേ സംഘികൾ പറയൂ.

കേരളം നമ്പർ വൺ ആകുമ്പോൾ അതിന്റേതായ പ്രശ്നങ്ങളും ഉണ്ടാകും. മറ്റു മഹാഭൂരിപക്ഷം സംസ്ഥാനങ്ങൾക്കും അഭിമുഖീകരിക്കേണ്ടിവരില്ലാത്ത രണ്ടാംതലമുറ പ്രശ്നങ്ങളാണ് ഒന്നാമത്തേത്. സാമൂഹ്യ മേഖലകളിൽ ഊന്നിയതുകൊണ്ട് പശ്ചാത്തലസൗകര്യങ്ങളിൽ വേണ്ടത്ര നിക്ഷേപം നടത്താനായില്ല. തന്മൂലം പശ്ചാത്തലസൗകര്യങ്ങളിൽ പിന്നോക്കമാണെന്നതാണ് രണ്ടാമത്തേത്. ഇവയ്ക്കൊക്കെ അടിയന്തരമായി പരിഹരം കണ്ടില്ലെങ്കിൽ നേട്ടങ്ങൾ നിലനിർത്താനാവില്ല.

ഇതിനൊക്കെ ആവശ്യമായ പണം എവിടെ നിന്നും കണ്ടെത്തും? ഇപ്പോൾ തന്നെ കേരളത്തിന്റെ ചെലവിന്റെ 65 ശതമാനം നമ്മൾ തന്നെയാണ് കണ്ടെത്തുന്നത്. അതുകൊണ്ട് കേന്ദ്രത്തിന്റെ സഹായം വേണം. വെറുതേയല്ല. ഇവിടെ നിന്നും പിരിച്ചുകൊണ്ടു പോകുന്ന പണത്തിന്റെ 30 ശതമാനം മാത്രമല്ലേ ഇപ്പോൾ കേരളത്തിനു തിരിച്ചു തരുന്നുള്ളൂ. അതിൽ നിന്നു മതി. മുഴുവൻ വേണ്ട. കുറച്ചുകൂടി.

കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങൾക്കു ധനസഹായം നൽകുന്നത് മൂന്ന് രീതികളിലാണ്. (1) ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം. (2) കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി. (3) കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള പദ്ധതികളിലൂടെ. ഇതിൽ ധനകാര്യ കമ്മീഷൻ പിന്നോക്കാവസ്ഥ മാനണ്ഡമായെടുത്താണ് പണം വിതരണം ചെയ്യുന്നത്. പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് ഓരോ കമ്മീഷനും കൂടുതൽ കൂടുതൽ പണം അനുവദിക്കുന്നു. മുന്നോക്കം നിൽക്കുന്നവർക്ക് കൂടുതൽ കൂടുതൽ കൂടുതൽ കുറവും. അങ്ങനെ 3.8 ശതമാനം ധനകാര്യ കമ്മീഷന്റെ അവാർഡിൽ വിഹിതമുണ്ടായ കേരളത്തിന് ഇപ്പോൾ 1.9 ശതമാനമായി. എന്തു ചെയ്യാം. ഒരു കമ്മീഷന്റെ അവാർഡ് അല്ലേ. സഹിക്കുകയേ നിർവാഹമുള്ളൂ.

അതുകൊണ്ടാണ് കേന്ദ്രത്തോട് ചോദിക്കുന്നത്. അവിടെയും നമുക്ക് അവഗണനയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികൾ എടുക്കൂ. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ സംബന്ധിച്ച പദ്ധതികളുടെയെല്ലാം മാനദണ്ഡം പിന്നോക്ക സംസ്ഥാനങ്ങളെ ഊന്നിയാണ്. നമ്മൾ തഴയപ്പെടുന്നു.

ഈ ബജറ്റിൽ പറഞ്ഞ ഹൈസ്കൂളുകളിൽ ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതി എടുക്കൂ. പ്രൈമറി ക്ലാസുകളിൽപ്പോലും ഇന്റർനെറ്റ് എത്തിച്ച നമുക്ക് അതിൽ നിന്ന് എന്തു കിട്ടാൻ? അതുകൊണ്ടാണ് നമ്മൾ ഇന്ത്യയുടെ വ്യത്യസ്ഥതകൾ കണക്കിലെടുത്ത് ഒരേ ദേശീയ മാനദണ്ഡങ്ങൾ ഇത്തരം സ്കീമുകളിൽ അടിച്ചേൽപ്പിക്കരുതെന്നു പറയുന്നത്. ഓരോ സംസ്ഥാനത്തിനും കേന്ദ്രാവിഷ്കൃത പദ്ധതികൾ സ്വന്തം സാഹചര്യങ്ങൾ കണക്കിലെടുത്ത് ആവിഷ്കരിക്കാൻ സ്വാതന്ത്ര്യം വേണമെന്നു പറയുന്നത്. പക്ഷേ, ആരു കേൾക്കാൻ. ഇക്കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒരേ അഭിപ്രായക്കാരാണെന്നു പറയട്ടെ. കോൺഗ്രസും ഇത്തരമൊരു സ്വാതന്ത്ര്യം സംസ്ഥാനത്തിന് അനുവദിക്കാൻ തയ്യാറായിരുന്നില്ല.

ഈയൊരു സാഹചര്യത്തിലാണ് ഓരോ കേന്ദ്ര ബജറ്റിനു മുമ്പും കേരളത്തിന്റെ ധനമന്ത്രി കേന്ദ്ര സർക്കാരിനു മുന്നിൽ നമ്മുടെ ചില പ്രധാനപ്പെട്ട ആവശ്യങ്ങൾ നിവേദനമായി സമർപ്പിച്ചത്. കേന്ദ്രത്തിന്റെ നേരിട്ടുള്ള പദ്ധതിയായോ പ്രത്യേക സഹായമായോ വേണം ഇവയ്ക്കു പണം നൽകാൻ. ഇത്തവണ വയനാട് ദുരന്തം, വന്യജീവി ആക്രമണം, വിഴിഞ്ഞം, തോട്ടവിളകൾ എന്നിവയ്ക്കായിരുന്നു മുൻഗണന. ബീഹാറിനും മറ്റും എന്തെല്ലാം സഹായങ്ങൾ പ്രത്യേകമായി നൽകി! കേരളത്തിന്റെ നിവേദനത്തിനു കടലാസു വില കല്പിച്ചോ, താങ്കൾ അടക്കം 2 മന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായിട്ട്?

ഒക്കെപ്പോട്ടെ. ഒരു AIIMS എങ്കിലും? എവിടെയാണ് ജോർജ് കുര്യൻ AIIMS സ്വാഭാവികമായും ആദ്യം വരേണ്ടത്? അതൊരു ത്രിതീയ ആരോഗ്യ സ്ഥാപനമാണ്. പ്രാഥമിക ആരോഗ്യ മേഖലയിൽ ഒന്നാം നമ്പറായിരിക്കുന്ന കേരളത്തിൽ ഇനി വേണ്ടതു മികവുറ്റ ത്രിതീയ ആരോഗ്യ സ്ഥാപനങ്ങളാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഇന്നും മുൻഗണന വേണ്ടത് പ്രാഥമിക ആരോഗ്യ സ്ഥാപനങ്ങൾക്കാണല്ലോ. എന്നാൽ അവിടെയെല്ലാം AIIMS സ്ഥാപിച്ചശേഷവും കേരളത്തെ അവഗണിക്കുന്നതിനുള്ള ന്യായമെന്താണ്? കോൺഗ്രസും ഈ ചോദ്യത്തിന് ഉത്തരം നല്കേണ്ടതുണ്ട്. നിങ്ങളല്ലേ കൂടുതൽ കാലം ഇന്ത്യ ഭരിച്ചവർ? ഇത്ര വകതിരിവില്ലാത്തവരാണ് ഡൽഹിയിലിരുന്നു ഭരിക്കുന്നവരും ഭരിച്ചവരും.

ഇനി ഒന്നുകൂടി പറയട്ടേ. നിങ്ങൾ പിന്നോക്കാവസ്ഥയുടെ പേര് പറഞ്ഞ് വാരിക്കോരി കൊടുക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉണ്ടല്ലോ. ഓരോ വർഷം കഴിയുംതോറും ദേശീയ ശരാശരി പ്രതിശീർഷ വരുമാനത്തിൽ നിന്നും അവർ പിന്നോക്കം പോയിക്കൊണ്ടിരിക്കുകയാണ്.

ഉദാഹരണത്തിന് ഏതാനും സംസ്ഥാനങ്ങളുടെ ദേശീയ ശരാശരി പ്രതീക്ഷിത വരുമാനമായുള്ള തോതിൽ 1980-നും 1991-നും ഇടയ്ക്ക് വന്ന മാറ്റത്തിന്റെ കണക്ക് പറയട്ടെ. ബീഹാർ 56 ശതമാനത്തിൽ നിന്ന് 29 ശതമാനമായും യുപി 78 ശതമാനത്തിൽ നിന്ന് 42 ശതമാനമായും എംപി 83 ശതമാനത്തിൽ നിന്ന് 71 ശതമാനമായും ഒഡീഷ 81 ശതമാനത്തിൽ നിന്ന് 71 ശതമാനമായും കുറഞ്ഞു. പണം വാരിക്കോരി കൊടുത്തിട്ടു കാര്യമില്ല. നയങ്ങൾ മാറണം. കേരളത്തെ കണ്ടുപഠിക്കാൻ ബിജെപി ഭരിക്കുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളോടു പറഞ്ഞാട്ടെ.

ഇപ്പോൾ മന്ത്രിജിക്കു മനസിലായോ വിടുവായത്തം പറഞ്ഞ പ്രശ്നത്തിന്റെ സങ്കീർണത. വിവരക്കേടു മറയ്ക്കാൻ ജനിച്ച നാടിനെ ഇങ്ങനെ അപമാനിക്കരുത്. താങ്കൾ കേരളത്തിലെ മറ്റു ബിജെപി നേതാക്കളെ അപേക്ഷിച്ച് കുറച്ചു മിതഭാഷിയും വകതിരിവുമുള്ള ആളാണെന്നാണു കരുതിയത്. മറിച്ചു പറയിപ്പിക്കരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:george kurianDr TM Thomas Isaac
News Summary - thomas isaac against george kurian
Next Story