മൂന്നുവര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കും -തോമസ് ഐസക്
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ മൂന്നുവര്‍ഷത്തിനുള്ളില്‍ ലാഭകരമാക്കാന്‍ പുനരുദ്ധാരണ നടപടികളുമായി ധനമന്ത്രി ടി.എം. തോമസ് ഐസക്. ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ സഹായമില്ലാതെയും കടംവാങ്ങാതെയും വിതരണം ചെയ്യുന്ന തരത്തില്‍ കെ.എസ്.ആര്‍.ടി.സിയെ സ്വയംപര്യാപ്തമാക്കുമെന്നതാണ് പ്രഖ്യാപനങ്ങളിലൊന്ന്.
വര്‍ഷവും 1000 എന്ന കണക്കില്‍ മൂന്നുവര്‍ഷംകൊണ്ട് 3000 സി.എന്‍.ജി ബസുകള്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) വഴി വാങ്ങിനല്‍കും. ബസുകളുടെ എണ്ണം 50 ശതമാനം കൂടി വര്‍ധിപ്പിക്കും. മൂന്നുമാസത്തിനുള്ളില്‍ മാനേജ്മെന്‍റ് പുനഃസംഘടിപ്പിക്കും. ഡബിള്‍ ഡ്യൂട്ടി, ത്രിബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക പുനഃക്രമീകരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) എ.കെ.ജി ഹാളില്‍ സംഘടിപ്പിച്ച സ്പെഷല്‍ കണ്‍വെന്‍ഷനിലാണ് മന്ത്രി പുനരുദ്ധാരണ നടപടികള്‍ അവതരിപ്പിച്ചത്.
തൊഴിലാളികളുടെ കൂടി പങ്കാളിത്തത്തോടെയും കൂലി, പെന്‍ഷന്‍ എന്നിവ സംരക്ഷിച്ചുമാണ് പദ്ധതികള്‍ നടപ്പാക്കുക. നിലവില്‍ പലിശ ഇനത്തില്‍ മാത്രം 250 കോടി രൂപ പ്രതിമാസം വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അടക്കണം. പലിശ ബാധ്യത ഒഴിവാക്കിയാലേ കെ.എസ്.ആര്‍.ടി.സി സാമ്പത്തിക പ്രതിബന്ധങ്ങളില്‍നിന്ന് കരകയറൂ. കണക്കുകള്‍ പരിശോധിച്ചാല്‍ ഇപ്പോള്‍ കടം വാങ്ങുന്ന തുക മുന്‍ വായ്പകളുടെ മുതലും പലിശയുമടക്കാനാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പലിശബാധ്യതയില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയെ മുക്തമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഉല്‍പാദനക്ഷമതയില്‍ ദേശീയ ശരാശരിയുമായുള്ള അന്തരം പകുതിയായി കുറക്കണം. ഒരുവര്‍ഷംകൊണ്ട് ഈ ലക്ഷ്യം 75 ശതമാനവും രണ്ടു വര്‍ഷംകൊണ്ട് 100 ശതമാനവും പൂര്‍ത്തീകരിക്കും. വര്‍ക്ഷോപ്പുകള്‍ പൗരാണിക പ്രദര്‍ശനകേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കാന്‍ മാത്രം പഴഞ്ചനാണ്. ഇവ ആധുനീകരിക്കുന്നതിനും കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനും ജി.പി.എസ് ഏര്‍പ്പെടുത്തുന്നതിനും സര്‍ക്കാര്‍ ചെലവ് വഹിക്കും. പൊതുമേഖലയെ കൈവിടുന്ന ഭരണമല്ല ഇടതുസര്‍ക്കാറിന്‍േറതെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. ദിവാകരന്‍, ടി.കെ. രാജന്‍, സി.വി. വര്‍ഗീസ്, സി.കെ. ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.