'ആവേശത്തിൽ നഞ്ചുകലക്കരുത്': പാർട്ടി അണികളോട് തോമസ് ഐസക്; 'എന്നെ സ്ഥാനാർഥിയോ മന്ത്രിയോ ആക്കാൻ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ല'
text_fieldsആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ അണികളോട് 'ആവേശത്തിൽ നഞ്ചു കലക്കരുതെ'ന്നാവശ്യപ്പെട്ട് മന്ത്രി തോമസ് ഐസക്. മൂന്നു തവണ മത്സരിച്ചവരെ വീണ്ടും സ്ഥാനാര്‍ഥികള്‍ ആക്കേണ്ടെന്ന മാനദണ്ഡത്തില്‍ തോമസ് ഐസക്ക് കളത്തിന് പുറത്താകുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലും മറ്റും അദ്ദേഹത്തിന് മുറവിളി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തിയത്.
''എന്നെ സ്ഥാനാർത്ഥിയോ മന്ത്രിയോ ആക്കാൻ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതുവരെ സ്ഥാനാർത്ഥിയും മന്ത്രിയുമായത് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ഘടകങ്ങളുടെ തീരുമാനം അനുസരിച്ചാണ്. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ ആരു മത്സരിക്കുന്നതും പാർട്ടി തീരുമാനം അനുസരിച്ചാണ്. പാർട്ടിയിലെ എന്‍റെ ചുമതല തീരുമാനിക്കാൻ ഘടകങ്ങളുണ്ട്. അവിടെ തീരുമാനിക്കും. ആ ചുമതലയൊന്നും മറ്റാരും ഏറ്റെടുക്കേണ്ടതില്ല.
അതുകൊണ്ട് എന്റെ പേരും ചിത്രവും പാർട്ടി വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കരുത് എന്ന് ശക്തമായിത്തന്നെ താക്കീതു ചെയ്യുന്നു. അത്തരം കളികളൊന്നും വെച്ചുപൊറുപ്പിക്കുന്ന പാർട്ടിയല്ല സി.പി.എം. അഭൂതപൂർവമായ ജനപിന്തുണയാണ് എൽ.ഡി.എഫ് സർക്കാരിനുള്ളത്. തുടർ ഭരണം ഉറപ്പുള്ള രാഷ്ട്രീയസാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുകയാണ്. ജനങ്ങളും പാർടി സഖാക്കളും അതിന്റെ ആവേശത്തിലാണ്. ആ ആവേശത്തിൽ നഞ്ചുകലക്കുന്ന ഒരു പ്രവർത്തനവും പ്രതികരണവും പാർട്ടി അംഗങ്ങളുടെയോ സഖാക്കളുടെയോ ഭാഗത്തു നിന്നുണ്ടാകരുത്..'' -തോമസ് ഐസക് ഫേസ് ബുക് കുറിപ്പിൽ ആവശ്യപ്പെട്ടു.
അതേസമയം, മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കിനും മൂന്നു തവണ മത്സരിച്ചവരെ വീണ്ടും സ്ഥാനാര്‍ഥികള്‍ ആക്കേണ്ടെന്ന മാനദണ്ഡത്തില്‍ ഇളവു നല്‍കണമെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ജി. സുധാകരന്‍ ഏഴു തവണയും തോമസ് ഐസക്ക് അഞ്ചു തവണയുമാണ് ഇതുവരെ നിയമസഭാംഗങ്ങളായത്.
മുതിര്‍ന്ന നേതാക്കളായ സുധാകരനും തോമസ് ഐസക്കും മത്സര രംഗത്തുണ്ടാവുന്നത് ജില്ലയിലാകെത്തന്നെ പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കുമെന്നും മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്നും വിജയസാധ്യത പരിഗണിക്കണമെന്നുമാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്.
ആലപ്പുഴയിലും അമ്പലപ്പുഴയിലും ഇവര്‍ക്ക് രണ്ട് പേര്‍ക്കും തന്നെയാണ് വിജയസാധ്യതയുള്ളത്. യു.ഡി.എഫ് മണ്ഡലമായിരുന്ന അമ്പലപ്പുഴയിൽ ജി. സുധാകരന്‍ വന്നതോടെയാണ് അനുകൂലമായത്. ആലപ്പുഴയിലും ഐസക്കിനാണ് ഏറ്റവും വിജയസാധ്യത. സംസ്ഥാന സെക്രട്ടറി വിജയരാഘവൻ കൂടി പങ്കെടുത്ത സെക്രട്ടേറിയേറ്റ് യോഗത്തിലാണ് അഭിപ്രായം ഉയർന്നത്.
തോമസ് ഐസകിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും പല വാർത്തകളും പ്രചരിക്കുന്നുണ്ട്. സിപിഐഎമ്മിന്റെ സ്ഥാനാർത്ഥിപ്പട്ടിക പാർടി സെക്രട്ടറിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നതാണ് രാഷ്ട്രീയമായ കടമ. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന് സിപിഐഎമ്മിന് സംഘടനാപരമായ രീതിയുണ്ട്. അതുപ്രകാരമാണ് ഇതുവരെ തീരുമാനങ്ങൾ ഉണ്ടായത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആ സംഘടനാരീതി അംഗീകരിക്കാൻ എല്ലാ പാർടി അംഗങ്ങളും ബാധ്യസ്ഥരുമാണ്. പത്രങ്ങളും ചാനലുകളും പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങൾ വിഴുങ്ങി അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്യേണ്ടവരല്ല അവർ. ആലപ്പുഴയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ചിലർ പാർടിയ്ക്കെതിരെ വിമർശനം ഉയർത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതെല്ലാം പാർടി വിരുദ്ധമാണ്. എന്നെ സ്ഥാനാർത്ഥിയോ മന്ത്രിയോ ആക്കാൻ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതുവരെ സ്ഥാനാർത്ഥിയും മന്ത്രിയുമായത് പാർടിയുടെ ഉത്തരവാദിത്തപ്പെട്ട ഘടകങ്ങളുടെ തീരുമാനം അനുസരിച്ചാണ്. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ ആരു മത്സരിക്കുന്നതും പാർടി തീരുമാനം അനുസരിച്ചാണ്. മത്സരിക്കണമെന്ന് പാർടി തീരുമാനിച്ചാൽ മത്സരിക്കും. മറ്റു ചുമതലകൾ നിശ്ചയിച്ചാൽ അത് അനുസരിക്കും. ഏതു പാർടി അംഗത്തെയും പോലെ എനിക്കും ബാധകമാണ് ഈ തത്ത്വം. പാർടിയിലെ എന്റെ ചുമതല തീരുമാനിക്കാൻ ഘടകങ്ങളുണ്ട്. അവിടെ തീരുമാനിക്കും. ആ ചുമതലയൊന്നും മറ്റാരും ഏറ്റെടുക്കേണ്ടതില്ല. അതുകൊണ്ട് എന്റെ പേരും ചിത്രവും പാർടി വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കരുത് എന്ന് ശക്തമായിത്തന്നെ താക്കീതു ചെയ്യുന്നു. അത്തരം കളികളൊന്നും വെച്ചുപൊറുപ്പിക്കുന്ന പാർടിയല്ല സിപിഐഎം. അഭൂതപൂർവമായ ജനപിന്തുണയാണ് എൽഡിഎഫ് സർക്കാരിനുള്ളത്. തുടർ ഭരണം ഉറപ്പുള്ള രാഷ്ട്രീയസാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുകയാണ്. ജനങ്ങളും പാർടി സഖാക്കളും അതിന്റെ ആവേശത്തിലാണ്. ആ ആവേശത്തിൽ നഞ്ചുകലക്കുന്ന ഒരു പ്രവർത്തനവും പ്രതികരണവും പാർടി അംഗങ്ങളുടെയോ സഖാക്കളുടെയോ ഭാഗത്തു നിന്നുണ്ടാകരുത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തുള്ള പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്ന് പാർടി അനുഭാവികളോടും ബന്ധുക്കളോടും പാർടിയെയും മുന്നണിയെയും സ്നേഹിക്കുന്ന സകല മനുഷ്യരോടും അഭ്യർത്ഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.