ഇ.ഡിയിൽ ഹാജരാവില്ലെന്ന് തോമസ് ഐസക്; കിഫ്ബി ഡി.ജി.എം ഹാജരാകാൻ കോടതിയുടെ അനുമതി
text_fieldsകൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട അന്വേഷണഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടററേറ്റ് (ഇ.ഡി) മുമ്പാകെ നിലവിലെ സാഹചര്യത്തിൽ ഹാജരാകാൻ തയാറല്ലെന്ന് മുൻ മന്ത്രി ഡോ. തോമസ് ഐസക് ഹൈകോടതിയിൽ. എന്നാൽ, ഫെബ്രുവരി 27, 28 തീയതികളിൽ ഉദ്യോഗസ്ഥൻ ഹാജരായി വിശദീകരണം നൽകാമെന്ന് കിഫ്ബി വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തിൽ ഫിനാൻസ് ഡെപ്യൂട്ടി ജനറൽ മാനേജരാണ് കോടതിയിലെത്തുക. തുടർന്ന്, ഡി.ജി.എം അജോഷ് കൃഷ്ണകുമാറിന് ഹാജരാകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അനുമതി നൽകി. ഇദ്ദേഹത്തിനൊപ്പം നാല് ഓഫിസർമാരുമുണ്ടാകും. ഇവർ നൽകുന്ന വിശദീകരണം കണക്കിലെടുത്തായിരിക്കും സി.ഇ.ഒ അടക്കം ഹാജരാകേണ്ട കാര്യത്തിൽ തീരുമാനമെടുക്കുക.
മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ വിദേശ നാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി നൽകിയ സമൻസിനെതിരെ കിഫ്ബിയും തോമസ് ഐസക്കും നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. എന്ത് കാര്യമാണ് വിശദീകരിക്കേണ്ടതെന്നുപോലും വ്യക്തമാക്കാത്ത സാഹചര്യത്തിൽ ഹാജരാകാനാകില്ലെന്ന നിലപാടാണ് തോമസ് ഐസക്കിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്ത അറിയിച്ചത്. ആവശ്യപ്പെട്ട രേഖകളൊക്കെ കിഫ്ബി നൽകിയിട്ടുണ്ട്. എന്നിട്ടും തന്നോട് ഹാജരാകണമെന്ന് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് അറിയില്ലെന്നും വാദിച്ചു.
എന്നാൽ, തോമസ് ഐസക് ഹാജരാകണമെന്ന നിലപാട് ഇ.ഡി ആവർത്തിച്ചു. പ്രാഥമിക അന്വേഷണമല്ലേ നടക്കുന്നതെന്നും കോടതിയുടെ മേൽനോട്ടം ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും വ്യക്തമാക്കിയ കോടതി, പിന്നെന്താണ് വരുന്നതിൽ തടസ്സമെന്ന് ആരാഞ്ഞു. പ്രാഥമിക അന്വേഷണമാണെങ്കിലും എന്ത് കാര്യത്തിലാണ് ഉത്തരം നൽകേണ്ടതെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്ന് തോമസ് ഐസക്കിന്റെ അഭിഭാഷകൻ വാദിച്ചു. മസാല ബോണ്ട് ഉപയോഗിച്ചത് എങ്ങനെയെന്നത് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇ.ഡിക്കായി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ വ്യക്തമാക്കി. മസാല ബോണ്ട് പുറപ്പെടുവിച്ചതിന്റെ എല്ലാ കാര്യങ്ങളും തോമസ് ഐസക്കിന് അറിയാം. അറസ്റ്റ് ചെയ്യില്ലെന്നും മൊഴിയെടുക്കുന്നത് വിഡിയോയിൽ പകർത്തുമെന്നും ഇ.ഡി അഭിഭാഷകൻ വിശദീകരിച്ചു. തുടർന്ന്, ഹരജി വീണ്ടും മാർച്ച് ഏഴിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.