കേരളത്തിലെ ന്യൂനപക്ഷങ്ങളെ കോൺഗ്രസ് നേതാക്കൾ ബ്ലാക്ക്മെയിൽ െചയ്യുന്നുവെന്ന് തോമസ് ഐസക്ക്
text_fieldsതിരുവനന്തപുരം: കേരളത്തിലെ ന്യൂനപക്ഷങ്ങളെ ബ്ലാക്ക്മെയിൽ ചെയ്ത് വോട്ടു വാങ്ങാമെന്ന വ്യാമോഹത്തിലാണ് ചില കോൺഗ്രസ് നേതാക്കളെന്ന് തോമസ് ഐസക്ക്. യു.ഡി.എഫിനെ ജയിപ്പിച്ചില്ലെങ്കിൽ തങ്ങൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേർന്നു കളയുമെന്നാണ് ഭീഷണിയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മൂന്നിലൊന്ന് ഭൂരിപക്ഷത്തോടെ കോൺഗ്രസിനെ ജയിപ്പിച്ചില്ലെങ്കിൽ, കൈപ്പത്തിയിൽ ജയിച്ചവരെ ചാക്കിലാക്കി ബി.ജെ.പി സർക്കാരുണ്ടാക്കുമെന്ന പ്രധാന നേതാവിന്‍റെ ഗദ്ഗദത്തിനു പിന്നാലെയാണ് ഈ ബ്ലാക്ക്മെയിലിംഗ്. ജയിച്ചാലും ബി.ജെ.പി, തോറ്റാലും ബി.ജെ.പി എന്നാണ് കോൺഗ്രസുകാരുടെ ഇപ്പോഴത്തെ അവസ്ഥ.
ഒറ്റനോട്ടത്തിൽ പരിഹാസ്യമെന്നു തോന്നുമെങ്കിലും ഇതിലൊരു വെല്ലുവിളിയുണ്ട്. ജയിപ്പിച്ചു ഭരണം തന്നില്ലെങ്കിൽ ബി.ജെ.പിയായിക്കളയുമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തുടർച്ചയായി ആക്രോശിക്കുന്നത് എന്തുകൊണ്ടാണ്? എന്താണ് അവരുടെ ഉള്ളിലിരുപ്പ്?
മലപ്പുറം ജില്ലയുടെ രാഷ്ട്രീയസ്വഭാവത്തിൽ ഗണ്യമായ മാറ്റം സംഭവിക്കുകയാണ്. പുതിയ തലമുറയുടെ പൊതുചായവ് ഇടതുപക്ഷത്തേയ്ക്കാണ്. കോണിയ്ക്ക് വോട്ടു ചെയ്തില്ലെങ്കിൽ സ്വർഗം കിട്ടില്ല എന്ന ഭീഷണിയൊന്നും പുതിയ തലമുറ വകവെയ്ക്കുന്നില്ല. എൽഡിഎഫ് നിലവിലുള്ള സീറ്റുകൾ നിലനിർത്തുകയും പുതിയ അട്ടിമറികൾക്ക് തിരി കൊളുത്തുകയും ചെയ്യുമെന്ന വേവലാതി ലീഗിലും യുഡിഎഫിലും വ്യാപകമാണ്. മലപ്പുറം ജില്ലയുടെ രാഷ്ട്രീയ സ്വഭാവം കീഴ്മേൽ മറിയുകയാണ്. മലപ്പുറം കൈവിടുമെന്ന ഭീതിയാണ്, "തോൽപ്പിച്ചാൽ ബി.ജെ.പി.യായിക്കളയും" എന്ന കോൺഗ്രസിന്‍റെ വെല്ലുവിളിയുടെ ഉറവിടം. നരകഭീഷണിയെ വകവെയ്ക്കാത്തവരുടെ മുന്നിൽ ഈ ഭീഷണി ചെലവാകുമോ എന്ന് നമുക്കു കാത്തിരുന്നു കാണാമെന്നും അദ്ദേഹം കുറിക്കുന്നു.
ഭീഷണിയും വെല്ലുവിളിയും സംഘപരിവാറിന്‍റെ ഭാഷയാണല്ലോ. ഇപ്പോൾ തറ്റുടുത്തു നിൽക്കുന്നവർ നാളെ ബി.ജെ.പിയായാൽ എന്താണ് സംഭവിക്കുക? അതാലോചിച്ചാൽ മതിയെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഭീഷണി മുഴക്കുന്നവർക്ക് ആകെ അറിയാവുന്ന 'രാഷ്ട്രീയ പ്രവർത്തനം' അക്രമമാണ്. കോൺഗ്രസിൽ നിന്നുകൊണ്ട്, ഇക്കാലമത്രയും അത് സി.പി.എമ്മിനെതിരെയാണ് പ്രയോഗിച്ചത്. അക്കൂട്ടർ ബി.ജെ.പിയിൽ ചേർന്നാലോ? ലക്ഷ്യം മതന്യൂനപക്ഷങ്ങളായിരിക്കും. അതായത്, തോൽപ്പിച്ചാൽ കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ ദൈനംദിന ജീവിതത്തിനു തങ്ങൾ വെല്ലുവിളിയാകും എന്നാണ് വ്യംഗ്യത്തിൽ പറഞ്ഞുവെയ്ക്കുന്നതെന്നും അദ്ദേഹം ഒാർമ്മിപ്പിക്കുന്നു.
ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.