‘‘ബിജെപിയിൽ ചേർന്നാൽപ്പോലും ഇന്ത്യൻ മുസ്ലീം സംഘപരിവാറിൻെറ ദയ പ്രതീക്ഷിക്കേണ്ടതില്ല‘‘
text_fieldsബി.ജെ.പിയിൽ ചേർന്നാൽപോലും ഇന്ത്യൻ മുസ്ലീം സംഘപരിവാറിൻെറ ദയ പ്രതീക്ഷിക്കേണ്ടതില്ല എന്ന് കേരള ധനമന്ത്രി ഡോ: ടി.എം തോമസ് ഐസക്. ഇതിൻെറ തെളിവാണ് ഡൽഹിയിൽ ബി.ജെ.പി ന്യൂനപക്ഷ സെൽ ദേശീയ വൈസ് പ്രസിഡൻറ് അക്തർ റാസയുടെ ഞെട്ടിപ്പിക്കുന്ന സംഭവം. സംഘപരിവാറിനുള്ളിൽ പുകയുന്ന അന്യമത വിദ്വേഷത്തിൻെറ ചെറിയ ഉദാഹരണം മാത്രമാണ് അക്തർ റാസയുടെ അനുഭവമെന്നും തോമസ് ഐസക് തൻെറ െഫയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം:
ബിജെപിയിൽ ചേർന്നാൽപ്പോലും ഇന്ത്യൻ മുസ്ലിം സംഘപരിവാറിൻെറ ദയ പ്രതീക്ഷിക്കേണ്ടതില്ല എന്നതിന്റെ തെളിവാണ് ദില്ലിയിലെ ബിജെപി മൈനോറിറ്റി സെല്ലിന്റെ ദേശീയ വൈസ്പ്രസിഡൻറ് അക്തർ റാസയുടെ ഞെട്ടിപ്പിക്കുന്ന അനുഭവം. കലാപത്തിനുള്ള ആഹ്വാനം ലഭിച്ചു കഴിഞ്ഞാൽ പിന്നെ സ്വന്തം പാർട്ടിയിലെ സഹപ്രവർത്തകനാണെന്നോ ചുമതലയുള്ള സംഘടനാപ്രവർത്തകനാണോ എന്നൊന്നും സംഘിയ്ക്കു നോട്ടമില്ല. മുസ്ലിമാണോ? ആക്രമിക്കപ്പെട്ടിരിക്കും.
തന്റെ തെരുവിൽ 19 മുസ്ലിം വീടുകളുണ്ടായിരുന്നുവെന്നും എല്ലാം തിരഞ്ഞുപിടിച്ച് തീകൊളുത്തപ്പെട്ടുവെന്ന് രാജ്യത്തോട് തുറന്നു പറയുകയാണ് അക്തർ റാസ. വന്നത് പുറത്തു നിന്നുള്ള അക്രമികൾ. അവരെ സഹായിച്ചത് അക്തർ റാസയുടെ സഹപ്രവർത്തകർ. മുസ്ലിം സമുദായത്തിൽപ്പെട്ടവരുടെ വീടുകൾ ചാപ്പകുത്തിക്കൊടുക്കുമ്പോൾ അവർ റാസയുടെ വീട് ഒഴിവാക്കിയില്ല. ആറു മോട്ടോർ ബൈക്കുകളടക്കം വീട്ടിനുള്ളിലുള്ളതെല്ലാം റാസയുടെ സഹപ്രവർത്തകർ ചാമ്പലാക്കി. ഏതാനും വാര അകലെയുണ്ടായിരുന്ന അദ്ദേഹത്തിൻെറ ബന്ധുവീടുകളും വെറുതെ വിട്ടില്ല.
ഇന്ത്യയുടെ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പാർട്ടിക്കാരനാണ് റാസ. ബിജെപിയുടെ ആജ്ഞ ശിരസാവഹിച്ച് പ്രവർത്തിച്ചവരാണ് ദെൽഹി പോലീസ്. ബിജെപി നേതാവായ റാസ സഹായത്തിന് പോലീസിനെ വിളിച്ചു. പക്ഷേ, ഒരു ഫലവുമുണ്ടായില്ല. എത്രയും പെട്ടെന്ന് രക്ഷപെടാനായിരുന്നത്രേ ഉപദേശം. ബിജെപിയിലെ തന്റെ സഹപ്രവർത്തകരിൽ നിന്നോ, ബിജെപിയുടെ ചരടുവലിയ്ക്കൊപ്പിച്ച് ചലിക്കുന്ന ദില്ലി പോലീസിനോ ഇതേ പാർടിയുടെ നേതാവായ അക്തർ റാസയെ ആപത്തിൽ നിന്ന് രക്ഷിക്കാൻ തോന്നിയതേയില്ല.
റാസയെപ്പോലുള്ളവർ ബിജെപിയുടെ തൊലിപ്പുറത്തൊട്ടിച്ചു വെച്ച മിനുക്കങ്ങൾ മാത്രം. പക്ഷേ, ഒരു കലാപകാലത്ത് അക്തർ റാസ വെറും മുസ്ലിം മാത്രമാണ്. ബിജെപിയുടെ കൊടി പിടിച്ചുവെന്നോ പ്രകടനത്തിൽ പങ്കെടുത്തെന്നോ സംഘടനാപ്രവർത്തനം എന്ന പേരിൽ കുറേ അധ്വാനിച്ചുവെന്നതോ ഒന്നും അക്രമത്തിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള ന്യായങ്ങളല്ല.
ഒരു ഫോൺ കോൾ കൊണ്ടുപോലും പാർടി നേതൃത്വത്തിൽ ഒരാളും തന്നെ ആശ്വസിപ്പിച്ചില്ലെന്നു കൂടി അക്തർ റാസ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സംഘപരിവാറിനുള്ളിൽ പുകയുന്ന അന്യമതദ്വേഷത്തിൻെറ ഒരു ചെറിയ ഉദാഹരണം മാത്രമാണ് അക്തർ റാസയുടെ അനുഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.