പ്രവാസി ചിട്ടി: പ്രതിപക്ഷനേതാവിെൻറ ആശങ്ക അടിസ്ഥാനരഹിതമെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: നിയമപരമായ എല്ലാ നിബന്ധനകളും പാലിച്ച് കെ.എസ്.എഫ്.ഇ ആരംഭിക്കുന്ന പ്രവാസി ചിട്ടിയെക്കുറിച്ച് പ്രതിപക്ഷനേതാവിെൻറ പ്രസ്താവന വസ്തുതകൾ മനസ്സിലാക്കാതെയാെണന്ന് ധനമന്ത്രി ഡോ. തോമസ് െഎസക്. അടിസ്ഥാനരഹിതമായ വിവാദങ്ങളുണ്ടാകുന്നത് പ്രവാസികളിൽ അനാവശ്യ ആശങ്ക സൃഷ്ടിക്കും. എല്ലാ നിബന്ധനകളും പാലിച്ചാണ് ഇത് തുടങ്ങുന്നത്. നിയമപരമായ എല്ലാ അനുവാദങ്ങളും ലഭ്യമാക്കിയിട്ടുമുണ്ട്. ഇതുസംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ ധനമന്ത്രി കെ.എം. മാണിയും ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വാർത്തക്കുറിപ്പിൽ വിശദീകരിച്ചു. ചിട്ടിയുടെ സെക്യൂരിറ്റിക്ക് ബാങ്ക് ഗാരൻറി വേണമെന്ന നിബന്ധനയാണ് കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിെനതിരായി ചൂണ്ടിക്കാട്ടുന്നത്. ചിട്ടിത്തുകക്ക് ലഭ്യമാക്കാവുന്ന മൂന്നുതരം സെക്യൂരിറ്റികളില്‍ ഒന്നുമാത്രമാണ് ബാങ്ക് ഗാരൻറി.
സർക്കാർ സെക്യൂരിറ്റിയും ഇന്ത്യൻ ട്രസ്റ്റ് ആക്ട് അനുസരിച്ച സെക്യൂരിറ്റിയുമാണ് മറ്റു രണ്ടെണ്ണം. ഇതിൽ ട്രസ്റ്റ് ആക്ട് പ്രകാരമാണ് കിഫ്ബി വഴി പ്രവാസിച്ചിട്ടിക്ക് ലഭ്യമാക്കുന്ന സെക്യൂരിറ്റി. ചിട്ടിനിയമത്തിെൻറ സെക്ഷൻ 14 (1)(സി) പ്രകാരവും 20(1)(സി) പ്രകാരവുമാണ് അംഗീകൃത സെക്യൂരിറ്റികളിൽ ചിട്ടിപ്പണം നിക്ഷേപിക്കാൻ വ്യവസ്ഥയുള്ളത്. അംഗീകൃത സെക്യൂരിറ്റികളിലെ മുതലിനും പലിശക്കും 1882ലെ ഇന്ത്യൻ ട്രസ്റ്റ് നിയമത്തിെൻറ 20ാം വകുപ്പ് പ്രകാരം സംസ്ഥാന സർക്കാറുകൾ റദ്ദാക്കാനാകാത്ത ഗാരൻറി നൽകുന്നുണ്ട്.
2016 ലെ കിഫ്ബി നിയമപ്രകാരം കിഫ്ബി ബോണ്ടുകൾക്കും സർക്കാർ നൂറുശതമാനം ഗാരൻറി നൽകുന്നു. അതുകൊണ്ടുതന്നെ ചിട്ടിത്തുക കിഫ്ബിയിൽ ബോണ്ടായി നിക്ഷേപിക്കുന്നത് പൂർണമായും നിയമവിധേയവും സുരക്ഷിതവുമാണ്. ചിട്ടിയുടെ സെക്യൂരിറ്റി തുക സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കുന്നതിനാവശ്യമായ നിയമഭേദഗതി വരുത്തിയത് മുൻ ധനമന്ത്രിയായിരുന്ന കെ.എം. മാണിയാണ്. ഈ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ, എല്ലാ കിഫ്ബി ബോണ്ടുകൾക്കും നൂറുശതമാനം സർക്കാർ ഗാരൻറി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവാസിചിട്ടിയുടെ സെക്യൂരിറ്റി തുക കിഫ്ബിയിൽ നിക്ഷേപിക്കുന്നതിന് ഇത്തരത്തിൽ ഒരു ഉത്തരവുപോലും ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരുത്തണമെങ്കിൽ ആരുമായും ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാെണന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.