Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പള്ളി കുശുമ്പും...

മുല്ലപ്പള്ളി കുശുമ്പും അസൂയയും പരസ്യമായി സമ്മതിക്കുന്നു- തോമസ് ഐസക്

text_fields
bookmark_border
മുല്ലപ്പള്ളി കുശുമ്പും അസൂയയും പരസ്യമായി സമ്മതിക്കുന്നു- തോമസ് ഐസക്
cancel

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ നടത്തിയ വിവാദ പരാമർശത്തെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഫേസ്ബുക് കുറിപ്പ്. നാടിനെക്കുറിച്ച് ആരെങ്കിലും നല്ലതു പറയുന്നത് തനിക്ക് ക്ഷോഭമുണ്ടാക്കുമെന്ന് തുറന്നു പറഞ്ഞ മുല്ലപ്പള്ളിയുടെ സത്യസന്ധത അംഗീകരിക്കുന്നു. കുശുമ്പും അസൂയയുമൊന്നും സാധാരണ ആരും പരസ്യമായി സമ്മതിച്ചു തരാറില്ല. തനിക്ക് അതൊക്കെ ക്ഷോഭമായി പുറത്തു വരുന്നുവെന്ന് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുന്ന ചർമ്മശേഷിയെ നമിക്കണമെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

"വാട്ട് ആർ യു ടാക്കിംഗ്… അപ്പോളജി… മി… നത്തിംഗ് ഡൂയിംഗ്…"

ഖേദകരമെന്ന് പറയാതെ വയ്യ. ഞാനെന്ന ഭാവവും അൽപ്പത്തരവും ഇതുപോലെ സംഗമിക്കുന്ന ഒരു മുഹൂർത്തം നിത്യജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത വീഡിയോ വേറെയുണ്ടാകുമോ എന്ന് സംശയമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ അവസ്ഥ തികച്ചും ദയനീയമാണ്. സഖാവ് ശൈലജ ടീച്ചറെ അപമാനിച്ച് കേമത്തം പ്രദർശിപ്പിക്കാനിറങ്ങിയ ആൾ സ്വയം അപമാനിതനായി, സ്വപക്ഷത്തിന്റെ പോലും ബാധ്യതയായി മാറി.

കോൺഗ്രസിനു സംഭവിച്ച രാഷ്ട്രീയ ജീർണതയുടെ കണ്ണാടിയാണ് കെ.പി.സി.സി പ്രസിഡന്‍റ്. ഇത്രയ്ക്കു വിവേകരഹിതവും സംസ്ക്കാരശൂന്യവുമായി പ്രതികരിക്കുന്ന ഒരാൾ ആ കസേരയിൽ മുമ്പ് ഇരുന്നിട്ടുണ്ടോ? ഈ ചോദ്യം വേറൊരു തരത്തിലും ചോദിക്കാം.

"രാഷ്ട്രീയ നാവിന്റെ വേലി ചാട്ടം" പോലൊരു മുഖപ്രസംഗം ഏതെങ്കിലും കെപിസിസി പ്രസിഡന്റിനെതിരെ മനോരമയ്ക്ക് എഴുതേണ്ടി വന്നിട്ടുണ്ടോ? കോൺഗ്രസിനും യുഡിഎഫിനും സജീവമായ പിന്തുണ കൊടുക്കുന്ന അവർക്കുപോലും സഹികെട്ടിരിക്കുന്നു. കെപിസിസി പ്രസിഡന്റ് കോൺഗ്രസിന്റെ ബാധ്യതയായി മാറിക്കഴിഞ്ഞു.

ചുമതലാ നിർവഹണത്തിന്റെ പേരിൽ കേരളത്തിലെ ആരോഗ്യമന്ത്രിയെ അകമഴിഞ്ഞു പുകഴ്ത്തിയ വിഖ്യാത പത്രപ്രവർത്തകയാണ് ലോറ സ്പിന്നി. ഒന്നും രണ്ടും ലോകയുദ്ധങ്ങളെക്കാൾ കൂടുതൽ മനുഷ്യജീവൻ അപഹരിച്ച സ്പാനിഷ് ഫ്ലൂവിനെക്കുറിച്ച് വിഖ്യാതമായ പുസ്തകമെഴുതിയ എഴുത്തുകാരി. അവരാണ് The coronavirus slayer! How Kerala's rock star health minister helped save it from Covid-19 എന്ന തലക്കെട്ടിൽ കെ കെ ശൈലജ ടീച്ചറുടെ ഇന്റർവ്യൂ ദി ഗാർഡിയൻ പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവരക്കേടുകൾക്കെതിരെ ലോകമറിയുന്ന മാധ്യമപ്രവർത്തകയ്ക്കുപോലും പ്രതികരിക്കേണ്ടി വരുമ്പോൾ നാണക്കേട് നാടിനാണ്.

സ്പാനിഷ് ഫ്ലൂവിനെക്കുറിച്ചു ഗവേഷണം നടത്തിയ പത്രലേഖികയ്ക്ക് കോവിഡ് 19നെക്കുറിച്ചും ഓരോ രാജ്യത്തും അതു സൃഷ്ടിക്കുന്ന വെല്ലുവിളിക്കുറിച്ചും അതിജീവനത്തിന് ഓരോ നാടും കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചുമൊക്കെ ജിജ്ഞാസ തോന്നുക സ്വാഭാവികം. അവരുടെ ജേണലിസ്റ്റ് ഉൾക്കാഴ്ചയാണ് കേരളത്തിനു നേരെ തിരിഞ്ഞത്. അത് തികച്ചും സ്വാഭാവികമായിരുന്നു താനും. നേച്ചർ, നാഷണൽ ജിയോഗ്രാഫിക്, സയന്റിസ്റ്റ്, ദി എക്കണോമിസ്റ്റ് തുടങ്ങിയ വിഖ്യാത പ്രസിദ്ധീകരണങ്ങളിലെ എഴുത്തുകാരിയായ ലോറ സ്പിന്നിയെപ്പോലുള്ള മാധ്യമപ്രവർത്തകരെ പി ആർ കരാർപ്പണിക്കാരാക്കി ചിത്രീകരിച്ച് അപമാനിക്കാൻ തുനിഞ്ഞത്, എത്രമാത്രം സങ്കുചിത മനസായിരിക്കണമെന്ന് ആലോചിക്കൂ..

എന്താണ് മുല്ലപ്പള്ളിയെപ്പോലുള്ളവർ ചെയ്യുന്നത്? നല്ലതു ചെയ്യുന്നവരെയും നല്ലതു പറയുന്നവരെയും ഹീനമായ ഭാഷയിൽ അപമാനിച്ച് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. കോവിഡ് പോലൊരു മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ മുൻപന്തിയിൽ നിൽക്കുന്നവരുടെ ധാർമ്മികവീര്യം ചോർത്താൻ കഴിയുമോ എന്നാണ് സംഘടിതമായി കോൺഗ്രസ് ചിന്തിക്കുന്നത്. ഷൈലജ ടീച്ചറോടെന്നല്ല, ഒരു കമ്മ്യൂണിസ്റ്റുകാരനോടും ഈ അടവ് വിലപ്പോവില്ലെന്ന് മുല്ലപ്പള്ളിയെ ഓർമ്മിപ്പിക്കട്ടെ.

ഇതെന്തു രാഷ്ട്രീയമാണെന്ന് ചിന്തിക്കേണ്ടത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പിന്നിൽ അണിനിരന്നിട്ടുള്ള സാധാരണ മനുഷ്യരാണ്. വൈറസിന് മന്ത്രിയെന്നോ നേതാവെന്നോ എൽഡിഎഫ് എന്നോ യുഡിഎഫ് എന്നോ ഇല്ല. ഈ വൈറസിന്റെ സാമൂഹ്യവ്യാപനം തടയാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്യുകയാണ് എൽഡിഎഫ് സർക്കാർ. അതിനു നേതൃത്വം കൊടുക്കുന്നവരെ അപമാനിച്ച് നിഷ്ക്രിയരാക്കാൻ ശ്രമിക്കുന്നവർ വൈറസിന്റെ സാമൂഹ്യവ്യാപനമാണ് മോഹിക്കുന്നത്. കേരളമുണ്ടാക്കിയ പ്രതിരോധ സംവിധാനമപ്പാടെ തകർന്നു കാണാൻ മോഹിക്കുന്നവരാണ് മുല്ലപ്പള്ളിയടക്കമുള്ള കോൺഗ്രസുകാർ. പെരുകുന്ന മരണസംഖ്യയിൽ രാഷ്ട്രീയ ലാഭം പ്രതീക്ഷിക്കുന്ന ദുഷ്ടത.

മുല്ലപ്പള്ളി രാമചന്ദ്രന് ക്ഷോഭം വന്നതിന്റെ കാരണമാണ് ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ "കളറായത്". നാടിനെക്കുറിച്ച് ആരെങ്കിലും നല്ലതു പറയുന്നത് തനിക്ക് ക്ഷോഭമുണ്ടാക്കുമെന്ന് തുറന്നു പറഞ്ഞ സത്യസന്ധത അംഗീകരിക്കുന്നു. കുശുംബും അസൂയയുമൊന്നും സാധാരണ ആരും പരസ്യമായി സമ്മതിച്ചു തരാറില്ല. തനിക്ക് അതൊക്കെ ക്ഷോഭമായി പുറത്തു വരുന്നുവെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുന്ന ചർമ്മശേഷിയെ നമിക്കണം. ഇത്തരം പത്രസമ്മേളനങ്ങൾ നിത്യേനെ നടത്തുന്നത്, മാനസികപിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കും. ലോറാ സ്പിന്നിയൊക്കെ ശ്രദ്ധിച്ചു തുടങ്ങിയ നിലയ്ക്ക് മറുനാട്ടിലും പിരിമുറുക്കം അയയും.

ഒരർത്ഥത്തിൽ മുല്ലപ്പള്ളി രാമചന്ദ്രന്റേത് പ്രത്യേകതരം ത്യാഗമാണ്. ഒരു മഹാമാരിക്കാലം അടിച്ചേൽപ്പിക്കുന്ന വിഷാദത്തിലും മാനസികസംഘർഷത്തിലും നിന്ന് തന്റെ ജനതയെ മോചിപ്പിക്കാൻ സ്വയം പരിഹാസ്യകഥാപാത്രമാവുന്ന ത്യാഗം. അദ്ദേഹം ക്ഷോഭം കൊണ്ട് വലിഞ്ഞു മുറുകുമ്പോൾ, ഒരു ജനത എല്ലാം മറന്നു പൊട്ടിച്ചിരിക്കുന്നു.

"വാട്ട് ആർ യു ടാക്കിംഗ്… റിലാക്സേഷൻ?….. മി?… നത്തിംഗ് ഡൂയിംഗ്…" എന്നൊരുവേള അദ്ദേഹം പറഞ്ഞേക്കാം. അതു വിനയം കൊണ്ടാകാനേ വഴിയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas IssacMullappally RamachandranKK Shailaja Teacher
Next Story