കയർമേഖലയിൽ 1000 കോടി മുടക്കും –മന്ത്രി തോമസ് െഎസക്
text_fieldsആലപ്പുഴ: കയർ മേഖലയുടെ വികസനത്തിനായി അഞ്ചുവർഷത്തിൽ 1000 കോടി മുടക്കുമെന്ന് ധനകാര്യ-കയർ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കയർകേരള 2017 സംഘാടകസമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണത്തിന് കയർ ഉൽപന്ന വിപണന മേളകൾ നടത്താൻ സംസ്ഥാനത്ത് 100 സ്റ്റാളുകൾ തുടങ്ങും.
25 കോടി വിൽപന ലക്ഷ്യമിട്ട് 50 ശതമാനം വരെ വിലകുറച്ചാണ് ഉൽപന്നങ്ങൾ വിൽക്കുക. ഇതിലൂടെ സർക്കാർ ജീവനക്കാർക്ക് കയർ ഉൽപന്നങ്ങൾ വാങ്ങാൻ ആയിരം രൂപയുടെ കൂപ്പൺ ഏർപ്പെടുത്തും. കയർ തടുക്കുകൾ സർക്കാർ ഓഫിസുകളിൽ വാങ്ങി ഉപയോഗിക്കാം. വീടുകളിലും ഫ്ലാറ്റുകളിലുമെത്തി വിൽപനയും ആലോചിക്കുന്നു. ഒക്ടോബറിൽ ആലപ്പുഴയിലെ ബോംബെ കയർ കമ്പനി പുനഃസ്ഥാപിക്കും. ആസ്പിൻവാൾ സർക്കാർ ഏറ്റെടുക്കും. മറ്റു സംസ്ഥാനങ്ങളിൽ മൊത്തക്കച്ചവട വിപണന ശൃംഖലകൾ തീർക്കും. മാനേജീരിയൽ സബ്സിഡി, പ്രവർത്തന മൂലധനം എന്നീ ഇനങ്ങളിലായി സംഘങ്ങൾക്ക് 23 കോടി അനുവദിക്കും. മുൻകാലത്ത് പല സ്കീമുകൾക്കായി നൽകിയിട്ടും ചെലവാക്കാത്ത ആറരക്കോടി പ്രവർത്തന മൂലധനമായി ഉപയോഗിക്കാൻ അനുവാദം നൽകി.
ആധുനിക ഓട്ടോമാറ്റിക് ഫീഡിങ് സ്പിന്നിങ് യന്ത്രമാണ് സഹകരണസംഘങ്ങൾക്ക് നൽകാനുദ്ദേശിക്കുന്നത്. 150 സംഘങ്ങൾക്ക് ഇത് നൽകും. പരമ്പരാഗത രീതിയിൽ ഉൽപാദിപ്പിക്കുന്ന കയർ സംഭരിച്ച് പണം നൽകും. കുടുംബശ്രീയുമായി സഹകരിച്ച്് ഇതിനായി 1000 ഡീഫൈബറിങ് യൂനിറ്റുകളാണ് പഞ്ചായത്തുകളിൽ സ്ഥാപിക്കുന്നത്. 400 രൂപയെങ്കിലും തൊഴിലാളികൾക്ക് ഉറപ്പാക്കി ചകിരി കയർഫെഡ് സംഭരിച്ച് സംഘങ്ങൾക്ക് നൽകും. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഒരു പഞ്ചായത്ത് 10 ലക്ഷം രൂപയുടെ കയർഭൂവസ്ത്രം ഉപയോഗിച്ചാൽ തന്നെ പ്രശ്നങ്ങൾ മാറുമെന്ന് മന്ത്രി പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, കയർ വികസന ഡയറക്ടർ എൻ. പത്മകുമാർ, കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, കയർ യന്ത്രനിർമാണ ഫാക്ടറി ചെയർമാൻ കെ. പ്രസാദ്, ഫോംമാറ്റിങ്സ് ചെയർമാൻ അഡ്വ. കെ.ആർ. ഭഗീരഥൻ, കയർഫെഡ് അഡ്മിനിസ്േട്രറ്റർ സായികുമാർ, എൻ.സി.ആർ.എം.ഐ. ഡയറക്ടർ കെ.ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.