ഒടുവിൽ ധനമന്ത്രി സമ്മതിച്ചു;വിലക്കയറ്റമുണ്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമെന്ന യാഥാർഥ്യം അംഗീകരിച്ച് ഒടുവിൽ ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക്കും. കഴിഞ്ഞമാസം സംസ്ഥാനത്ത് 2.13 ശതമാനം വില വർധിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചു. ചരക്കുസേവന നികുതി (ജി.എസ്.ടി) ബിൽ ചർച്ചയിലാണ് മന്ത്രി വിലക്കയറ്റം സമ്മതിച്ചത്.
സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണ് നിലനിൽക്കുന്നതെന്നും ജി.എസ്.ടിയുടെ മറവിൽ കൊള്ളലാഭമുണ്ടാക്കുകയാണെന്നും ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, വില കൂടിയിട്ടില്ലെന്നും നേരത്തേയുള്ള എക്സൈസ് നികുതി പോലുള്ളവ ബില്ലിൽ കാണിക്കാതിരുന്നതും ജി.എസ്.ടി ബില്ലിൽ രേഖപ്പെടുത്തിയതുമാണ് പ്രശ്നമാക്കിയതെന്നാണ് മന്ത്രി മറുപടി നൽകിയത്.
സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്കുശേഷം ബിൽ വ്യാഴാഴ്ച വീണ്ടും ചർച്ചക്ക് വന്നപ്പോഴാണ് വിലക്കയറ്റമുണ്ടെന്ന് മന്ത്രി സമ്മതിച്ചത്. കേന്ദ്ര സർക്കാറിെൻറ അഴകൊഴമ്പൻ നിലപാടാണ് ഇത്തരമൊരു സ്ഥിതി സൃഷ്ടിച്ചതെന്നും അടുത്ത ജി.എസ്.ടി കൗൺസിലിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. െകാള്ളലാഭമുണ്ടാക്കുന്നവർക്കെതിരെ നടപടി വേണമെന്ന് കഴിഞ്ഞ ജി.എസ്.ടി കൗൺസിലിൽ ഉന്നയിച്ചപ്പോൾ ചില സംസ്ഥാനങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇൗ വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തും. ഒാണക്കാലത്ത് വിലക്കയറ്റം തടയാൻ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി െഎസക് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.എം. മാണി തുടങ്ങിയവരാണ് വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. വില നിയന്ത്രിക്കാൻ സർക്കാറിന് അധികാരമുണ്ടായിരിക്കെ ഇടപെടാത്തത് അംഗീകരിക്കാനാവില്ലെന്ന് ഇവർ കുറ്റപ്പെടുത്തി. വ്യാപാരികൾ വർഷം 37 നികുതി റിേട്ടൺ കൊടുക്കുന്നതും വിമർശിക്കപ്പെട്ടു. ഇേപ്പാൾ റിേട്ടൺ സമർപ്പിക്കേണ്ടെന്നും നികുതി വിവരങ്ങളുടെ സംക്ഷിപ്തം നൽകിയാൽ മതിയെന്നും മന്ത്രി മറുപടി നൽകി. വ്യാപാരികളുടെ കോമ്പൗണ്ടിങ് നികുതിയുടെ പരിധി 50 ലക്ഷത്തിൽനിന്ന് 75 ലക്ഷമാക്കണമെന്ന ഭേദഗതി അംഗീകരിച്ചു. മൂലനിയമത്തിനു വിരുദ്ധമായി വരുന്ന ഭേദഗതികൾ സഭ തള്ളി.
സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത കേരള മോേട്ടാർ വാഹന നികുതി ചുമത്തൽ (ഭേദഗതി) ബില്ലും നിയമസഭ പാസാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.