മര്യാദക്കുള്ള കോടിയൊക്കെ പറ, ഇതെന്തുവാ 100 കോടിയൊക്കെ -തോമസ് കെ. തോമസ്
text_fieldsതിരുവനന്തപുരം: 100കോടി ഒരാൾ ഓഫർ ചെയ്യണമെന്നുണ്ടെങ്കിൽ ആദ്യം താൻ അവരുടെ കൂടെ ഉള്ളയാൾ ആകണ്ടേയെന്നും ആദ്യം തന്നെ വിലക്ക് വാങ്ങണ്ടേയെന്നും തോമസ് കെ. തോമസ് എം.എൽ.എ. കോവൂർ കുഞ്ഞുമോൻ എം.എൽ.എക്കും ആന്റണി രാജു എം.എൽ.എക്കും ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എൻ.സി.പിയിലേക്ക് കൂറുമാറാൻ താൻ 100 കോടി വാഗ്ദാനം നൽകിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫിലെ ഏകാംഗ കക്ഷി എംഎൽഎമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി-ലെനിനിസ്റ്റ്) എന്നിവർക്കാണ് ഏഴുമാസം മുമ്പ് 50 കോടി വീതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തത്. ഇക്കാര്യം ആന്റണി രാജു സ്ഥിരീകരിച്ചുവെങ്കിലും കുഞ്ഞുമോൻ നിഷേധിച്ചിരുന്നു.
‘മര്യാദക്കുള്ള കോടിയൊക്കെ പറ, ഇതെന്തുവാ 100 കോടിയൊക്കെ? ഇതെന്താ മഹാരാഷ്ട്രയോ? അവിടെ പോലും 25 കോടിയോ 15 കോടിയോ കൊടുത്തുള്ളൂ. ഇവിടെ 50 കോടിയും 100 കോടിയുമൊക്കെ കൊടുത്ത് വാങ്ങാനുള്ള അത്രയും വലിയ അസറ്റാണോ ആന്റണി രാജുവൊക്കെ? എനിക്ക് അറിയത്തില്ല’ -തോമസ് കെ. തോമസ് പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ ആന്റണി രാജുവാണെന്നും അദ്ദേഹം ആരോപിച്ചു.
‘ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു സംഭാഷണം നടന്നിട്ടില്ലെന്നാണ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ പറഞ്ഞത്. 100 കോടി, 50 കോടി എന്നൊക്കെയുള്ള രഹസ്യ സംഭാഷണം നടത്താനുള്ള സ്ഥലമാണോ നിയമസഭ ലോബി. നൂറുകണക്കിന് എം.എൽ.എമാരും സന്ദർശകരും കയറിയിറങ്ങുന്ന ലോബിയിലാണോ ഇങ്ങനെ ഒരുകാര്യം സംസാരിക്കുന്നത്? വിശ്വസിക്കത്തക്ക രീതിയിൽ അല്ലല്ലോ ഇതൊന്നും. അങ്ങനെ ഉണ്ടെങ്കിൽ ഏതെങ്കിലും ഹോട്ടലോ സീക്രട്ട് മുറിയോ പോലെ പ്രൈവസിയുള്ള സ്ഥലത്ത് പോയിരുന്നല്ലേ സംസാരിക്കുക.
പാർട്ടിക്കകത്ത് നിന്ന് തന്നെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്നറിയില്ല. അതൊക്കെ അന്വേഷിക്കണം. മന്ത്രിയാകും എന്ന് പാർട്ടി തീരുമാനിക്കുകയും ശരദ് പവാറും പി.സി. ചാക്കോയും അതിനനുസൃതമായി പ്രവർത്തിക്കുകയും ചെയ്തപ്പോഴാണല്ലോ ഈ ആരോപണം ഉയർന്നുവന്നത്. അതുവരെ ഇതൊന്നും ആരും പറഞ്ഞിരുന്നല്ലോ.
ഞാൻ ഇത്തരം പാരമ്പര്യത്തിൽ വളർന്ന ആളല്ല. ഞാൻ വീണ്ടും ജനിച്ച ദൈവദൂതനാണെന്ന് (ബോൺ എഗെയ്ൻ ക്രിസ്റ്റ്യൻ born again christian) എപ്പോഴും പറയാറുണ്ട്. അത് വളരെ കറക്ടാണ്. ഞങ്ങൾ അങ്ങനെ ജീവിച്ചവരാണ്. താൽക്കാലിക ലാഭത്തിന് കള്ളം പറയാറില്ല. രാഷ്ട്രീയ കുതികാൽ വെട്ടുന്ന രീതി ഞങ്ങൾക്കില്ല.
വൈകീട്ട് മൂന്നുമണിക്ക് വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദമാക്കും. ആരോപണം നിഷേധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ കത്ത് പുറത്തുവിടും. അജിത് പവാർ എന്നെ ബന്ധപ്പെട്ടിട്ടില്ല. ആരോപണം സംബന്ധിച്ച വിഷയത്തിൽ പി.സി. ചാക്കോ ഇടപെട്ടിട്ടുണ്ട്’ -തോമസ് കെ. തോമസ് അറിയിച്ചു.
അതേസമയം, തോമസ് കെ.തോമസ് 100 കോടി വാഗ്ദാനം നൽകിയെന്ന വാർത്ത ഗൗരവമുള്ളതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം പ്രതികരിച്ചു. കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് വരുന്നത് അപമാനകരമാണെന്ന്. ജനപ്രതിനിധികൾക്ക് വില പറഞ്ഞ് ലക്ഷങ്ങളും കോടികളും വെച്ചുനീട്ടി കാളച്ചന്തയിലെ കാളകളെ പോലെ എം.എൽ.എമാരെ വാങ്ങുന്നത് ഇന്ത്യയുടെ പലഭാഗത്തുമുണ്ട്. എന്നും നാം ഉയർത്തിപ്പിടിച്ച ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല ഇത്. ഇതേക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.