തട്ടിപ്പും വെട്ടിപ്പും നടത്തി എൻ.സി.പിയിൽ വന്നയാളല്ല; മന്ത്രിസ്ഥാനം ഉറപ്പെന്ന് തോമസ്.കെ. തോമസ്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ പുനഃസംഘടിപ്പിക്കുമ്പോൾ മന്ത്രിസ്ഥാനം ഉറപ്പാണെന്ന് എൻ.സി.പി എം.എൽ.എ തോമസ് കെ. തോമസ്. തട്ടിപ്പും വെട്ടിപ്പും നടത്തി എൻ.സി.പിയിൽ വന്നയാളല്ല താനെന്നും മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടിയിൽ ധാരണയുണ്ടെന്നും തോമസ് കെ. തോമസ് പറഞ്ഞു. മന്ത്രിയാകാൻ പി.സി. ചാക്കോയുടെ പിന്തുണയില്ലെന്ന വാദത്തിന് പാർട്ടി ആരുടെയും കുത്തകയല്ലെന്നും ആരുടെയും ഔദാര്യത്തിൽ പാർട്ടിയിലെത്തിയ ആളല്ല താനെന്നും തോമസ് കെ. തോമസ് പ്രതികരിച്ചു.
മന്ത്രിസ്ഥാനം വെച്ചുമാറില്ലെന്ന എ.കെ ശശീന്ദ്രന്റെ പ്രസ്താവനക്കും അദ്ദേഹം മറുപടി നൽകി. എന്തുകള്ളവും പറയാൻ മടിയില്ലാത്ത ആളാണ് ശശീന്ദ്രൻ. അതുപോലെ കള്ളം പറഞ്ഞ് സ്ഥാനമാനങ്ങൾ നേടാൻ ശ്രമിക്കുന്ന ആളല്ല താൻ. സർക്കാരുമായുള്ള മുൻധാരണ പ്രകാരമാണ് മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നത്. എൻ.സി.പിയിൽ നിന്ന് രണ്ട് എം.എൽ.എമാർ വിജയിച്ചപ്പോൾ മന്ത്രിസ്ഥാനം പങ്കുവെക്കണമെന്നത് കേന്ദ്രനേൃത്വത്തിന്റെ തീരുമാനമാണ്. അതുപോലെ പാർട്ടി മാറി വന്ന ആരെയും വിശ്വസിക്കാൻ കൊള്ളില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു. കോൺഗ്രസ് വിട്ട് എൻ.സി.പിയിലേക്ക് വന്ന ആളാണ് പി.സി. ചാക്കോ. ഒരു പാർട്ടിയിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും പറ്റി പിന്നീട് ആ പാർട്ടിയെയും നേതാക്കളെയും തള്ളിപ്പറഞ്ഞ വ്യക്തിയാണ്. അദ്ദേഹം നാളെ എൻ.സി.പി വിട്ടുപോകില്ലെന്ന് ആരു കണ്ടു.-തോമസ് കെ. തോമസ് ചോദിച്ചു.
സംസ്ഥാനമന്ത്രിസഭ രണ്ടരവർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പുനഃസംഘടിപ്പിക്കുന്നത്. കെ.ബി. ഗണേഷ്‍കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം ലഭിച്ചേക്കും. എന്നാൽ മന്ത്രിസ്ഥാനം വേണമെന്ന എൽ.ജെ.ഡിയുടെയും എൻ.സി.പി അംഗം തോമസ് കെ. തോമസിന്റെയും ആവശ്യം തള്ളാനാണ് സാധ്യത. കോവൂർ കുഞ്ഞുമോന്റെ ആവശ്യവും പരിഗണിക്കില്ലെന്നാണ് റിപ്പോർട്ട്. അതിനിടെ, മന്ത്രിസഭ പുനഃസംഘടനയെ കുറിച്ച് അറിയില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.