കൂറുമാറ്റത്തിന് കോഴ; മന്ത്രിമാറ്റ നീക്കത്തിന്‍റെ തുടർച്ച
text_fieldsതിരുവനന്തപുരം: സ്വന്തം പാർട്ടിയുടെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ആ പാർട്ടിക്കുതന്നെ എന്ന മുന്നണികളിലെ പതിവ് മുഖ്യമന്ത്രി പിണറായി വിജയൻ ഈയിടെ തെറ്റിച്ചു. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ സമീപിച്ചപ്പോൾ തൽക്കാലം സാധ്യമല്ലെന്നായിരുന്നു പിണറായിയുടെ മറുപടി. ഈ അസാധാരണ മറുപടി പിണറായിൽനിന്ന് ഉണ്ടായത് എന്തുകൊണ്ടാണ്? സ്വന്തം പാർട്ടിയുടെ മന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം നിഷേധിച്ചിട്ടും പി.സി. ചാക്കോ എന്തുകൊണ്ട് പ്രതികരിച്ചില്ല? മന്ത്രിക്കുപ്പായം ഉറപ്പിച്ച് മുഖ്യമന്ത്രിയെ കാണാൻ ചെന്ന തോമസ് കെ. തോമസ് കപ്പിനും ചുണ്ടിനുമിടയിൽ അത് കൈവിട്ടിട്ടും എന്തുകൊണ്ട് മിണ്ടുന്നില്ല? രാഷ്ട്രീയ കേന്ദ്രങ്ങളിൽ തങ്ങിനിന്ന ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പുറത്തുവന്ന കോഴക്കഥ.
തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം നിരസിക്കുമ്പോൾ ഈ വിവരം മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ടായിരുന്നു. പി.സി. ചാക്കോയും തോമസ് കെ. തോമസും എ.കെ. ശശീന്ദ്രനും ഒന്നിച്ചാണ് മുഖ്യമന്ത്രിയെ കാണാൻ ചെന്നത്. കോഴ വാഗ്ദാനം ലഭിച്ച ആന്‍റണി രാജു നേരിട്ട് നൽകിയ മൊഴിയും പൊലീസ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച വിവരങ്ങളും മുഖ്യമന്ത്രി പങ്കുവെച്ചപ്പോൾ പി.സി. ചാക്കോയും തോമസ് കെ. തോമസും ഞെട്ടി. എന്നാൽ, ശശീന്ദ്രന് കാര്യങ്ങൾ നേരത്തേ അറിയാമായിരുന്നെന്നാണ് സൂചന.
രണ്ടരവർഷ കരാർപ്രകാരം ആന്‍റണി രാജുവും അഹമ്മദ് ദേവർകോവിലും മാറി പകരം കെ.ബി. ഗണേഷ്കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിയായപ്പോൾ എ.കെ. ശശീന്ദ്രനെ മാറ്റി മന്ത്രിയാകാൻ തോമസ് കെ. തോമസ് നീക്കം നടത്തിയിരുന്നു. അന്ന് സ്ഥാനമൊഴിയില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ ശശീന്ദ്രന് പി.സി. ചാക്കോയുടെ പിന്തുണയുണ്ടായിരുന്നു. മാസങ്ങൾ നീണ്ട കരുനീക്കങ്ങൾക്കൊടുവിൽ ചാക്കോയെ സ്വന്തം പക്ഷത്ത് കൊണ്ടുവന്ന് മന്ത്രിമാറ്റം പാർട്ടിയുടെ തീരുമാനമാക്കി മാറ്റാൻ തോമസ് കെ. തോമസിന് സാധിച്ചു. നേരത്തേ സ്ഥാനമൊഴിയാൻ വിസ്സമ്മതിച്ച ശശീന്ദ്രൻ ഇക്കുറി മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. തോമസ് കെ. തോമസിനെ മന്ത്രിസഭയിലെടുക്കാൻ മുഖ്യമന്ത്രി അനുവദിക്കില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. കൂറുമാറ്റ നീക്കം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച വിവരം ശശീന്ദ്രനും അറിയാമായിരുന്നെന്ന് ചുരുക്കം. അതിനപ്പുറം മന്ത്രിമാറ്റം അട്ടിമറിക്കാനുള്ള ചരടുവലികൾ നടന്നുവോ എന്നത് വരുംദിവസങ്ങളിൽ അറിയാം. വിവാദത്തിൽ ആന്‍റണി രാജു എം.എൽ.എയുടെ റോളാണ് ഇനി അറിയാനുള്ളത്. തന്‍റെ തട്ടകമായ കുട്ടനാട് നിയമസഭ സീറ്റ് ലക്ഷ്യമിട്ടാണെന്ന് തോമസ് കെ. തോമസ് ആരോപിക്കുന്നു. ആന്‍റണി രാജു അത് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.