തോമസ് മാര്‍ അത്താനാസിയോസിന് അന്ത്യാഞ്ജലി
text_fieldsതിരുവല്ല: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുതിർന്ന മെത്രാേപ്പാലീത്തയും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായിരുന്ന അന്തരിച്ച തോമസ് മാര്‍ അത്താനാസിയോസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഞായറാഴ്ച വൈകീട്ട് ഓതറ സെൻറ് ജോര്‍ജ് ദയറ അങ്കണത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ദേവാലയത്തോടു ചേര്‍ന്ന് ഭൗതികശരീരം കബറടക്കി.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ച എറണാകുളത്ത് ട്രെയിനില്‍നിന്ന് വീണുമരിച്ച മെത്രാപ്പോലീത്തയുടെ ഭൗതികശരീരം ചെങ്ങന്നൂര്‍ ഭദ്രാസന ആസ്ഥാനമായ ബഥേല്‍ അരമനയിലും പിന്നീട് പുത്തന്‍കാവ് സെൻറ് മേരീസ് കത്തീഡ്രലിലും ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് വിലാപയാത്രയായാണ് ഓതറ ദയറയിലേക്ക് എത്തിച്ചത്. ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിച്ചു.
ഭൗതികശരീരം പൊതുദര്‍ശനത്തിനുെവച്ച ഇടങ്ങളിലും വിലാപയാത്ര കടന്നുപോയ വീഥികളുടെ ഇരുവശവും വിശ്വാസികള്‍ പ്രിയ ഇടയന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് എറണാകുളത്തുനിന്ന് ബഥേല്‍ അരമന ചാപ്പലില്‍ മൃതദേഹം എത്തിച്ചത്. ശനിയാഴ്ച ഉച്ചയോടെ നഗരികാണിക്കല്‍ പുത്തന്‍കാവ് കത്തീഡ്രലില്‍ എത്തി.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മർത്തോമ സഭ അധ്യക്ഷൻ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത, ക്നാനായ ആര്‍ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മാര്‍ ജോസഫ് പൗവത്തില്‍, ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ, സ്താഫാനോസ് മാര്‍ ഗ്രീഗോറിയോസ്, ബിഷപ് ഉമ്മന്‍ ജോര്‍ജ് തുടങ്ങിയവരും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാരായ മാത്യു ടി. തോമസ്, ജി. സുധാകരന്, പി. തിലോത്തമന്, രാമചന്ദ്രന് കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രിമാരായ കെ.എം. മാണി, പി.ജെ. ജോസഫ്, രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആേൻറാ ആൻറണി, കെ.സി. വേണുഗോപാൽ, എം.എല്‍.എമാരായ സജി ചെറിയാൻ, വീണ ജോര്‍ജ്, രാജു എബ്രഹാം, ആര്. രാജേഷ്, ചിറ്റയം ഗോപകുമാര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ കെ. രാഘവൻ, ഭവന നിര്‍മാണ ബോര്‍ഡ് ചെയര്മാന് പി. പ്രസാദ്, ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെൻറ് ബോര്‍ഡ് ചെയര്മാന് കെ. അനന്തഗോപൻ, ജസ്റ്റിസ് ബഞ്ചമിന് കോശി, പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി, വൈസ് പ്രസിഡൻറ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.