തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ പാണക്കാട് സന്ദർശിച്ചു
text_fieldsമലപ്പുറം: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവറന്‍റ് ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട് സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ 11ഓടെയാണ് അദ്ദേഹം ഫാ. സജു ബി. ജോണ്‍, ഫാ. എസ്. ജോര്‍ജ്, ചുങ്കത്തറ മാര്‍ത്തോമ കോളജ് പ്രിന്‍സിപ്പല്‍ രാജീവ് തോമസ് എന്നിവരോടൊപ്പം പാണക്കാട്ടെത്തിയത്. സാദിഖലി ശിഹാബ് തങ്ങളുടെയും മുഈനലി ശിഹാബ് തങ്ങള്‍, നഈമലി ശിഹാബ് തങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു.
മരിച്ച ഹൈദരലി ശിഹാബ് തങ്ങളോടുണ്ടായിരുന്ന സ്‌നേഹവും ബഹുമാനവും അറിയിക്കാനും അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള നിര്യാണത്തില്‍ സഭയുടെ അനുശോചനം അറിയിക്കാനും പുതുതായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ സാദിഖലി തങ്ങള്‍ക്ക് അനുമോദനം അറിയിക്കാനുമാണ് ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ പാണക്കാടെത്തിയത്.
പാണക്കാടെന്ന് കേള്‍ക്കുമ്പോള്‍ തന്നെ കേരള ജനതയുടെ മനസില്‍ ആദ്യം വരുന്നത് സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും ഇടമെന്നും ജനങ്ങള്‍ക്ക് ആവശ്യങ്ങള്‍ പറയാനും സൗഖ്യസമാധാനം ലഭിക്കാനുമുള്ള ആത്മീയ പ്രഭവ കേന്ദ്രമെന്നുമാണെന്ന് അദ്ദേഹം പറഞ്ഞു. മതേതരത്വത്തിന് മങ്ങലേല്‍ക്കുന്ന സാഹചര്യത്തില്‍ അതിനെ ഊട്ടിയുറപ്പിക്കുന്ന സ്ഥലമാണ് പാണക്കാട്. ബാബരി മസ്ജിദ് തകര്‍ത്ത ഘട്ടത്തില്‍ മുസ്ലിം സമുദായം ക്ഷേത്രങ്ങള്‍ക്ക് കാവല്‍ നിന്നത് അദ്ദേഹം അനുസ്മരിച്ചു.
കേരളത്തില്‍ നിലനില്‍ക്കുന്ന സാമൂഹിക സമാധാനവും മതസൗഹാർദവും കാത്തുസൂക്ഷിക്കുന്നതില്‍ വലിയ പങ്കുള്ളവരാണ് ഇവിടുത്തെ മത നേതാക്കളെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റു ഭാഗങ്ങള്‍ സംഘര്‍ഷഭരിതമാകുമ്പോള്‍ കേരളം വ്യത്യസ്തമായി നിലനില്‍ക്കുന്നത് മതസമൂഹങ്ങള്‍ പുലര്‍ത്തുന്ന പരസ്പര വിശ്വാസവും ബഹുമാനവുംകൊണ്ടാണ്. മുസ്‌ലിം, ക്രൈസ്തവ ഐക്യം കേരളത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന യാഥാര്‍ഥ്യമാണ്. ദുഃഖത്തിലും സന്തോഷത്തിലും ജാതി, മത, കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യര്‍ ഒന്നിച്ചുനില്‍ക്കണമെന്ന സന്ദേശമാണ് ഇത്തരം സന്ദര്‍ശനങ്ങള്‍ നല്‍കുന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.