തോമസ്: കഠിനാധ്വാനിയായ കർഷകൻ
text_fieldsപേരാമ്പ്ര: ‘അവൻറ കൈ നിങ്ങളൊന്നു തൊട്ടുനോക്കണം കാരിരുമ്പിനെക്കാൾ കട്ടിയുണ്ട്, ചെറുപ്രായം മുതൽ തൂമ്പപിടിച്ചുണ്ടായ തഴമ്പാണത്’, കൈവശഭൂമിക്ക് നികുതി സ്വീകരിക്കാത്തതിനെ തുടർന്ന് ചെമ്പനോട വില്ലേജ് ഒാഫിസിൽ ജീവനൊടുക്കിയ തോമസിെൻറ സുഹൃത്തിെൻറ വാക്കുകളാണിത്. ഈ വാക്കിലുണ്ട് തോമസെന്ന കർഷകെൻറ കഠിനാധ്വാനം. വീട്ടുവളപ്പിൽ എല്ലാതരം കൃഷിയും ഇദ്ദേഹം ചെയ്തിരുന്നു. കൂടാതെ കോഴിഫാമും പശുവളർത്തലുമുണ്ടായിരുന്നു. എന്നാൽ, കുറച്ച് വർഷംമുമ്പ് രോഗം പിടിപെട്ടതോടെ ആദ്യത്തെപ്പോലെ കാർഷികവൃത്തിയിൽ ഏർപ്പെടാൻ കഴിഞ്ഞില്ല. മൂന്നു പെൺമക്കളിൽ രണ്ടു പേരെ വിവാഹം കഴിച്ചയച്ചിരുന്നു. രണ്ടാമത്തെ മകളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമാവുന്നതേയുള്ളൂ. ഇതിെൻറ വകയിൽ കുറച്ച് കടമുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
ഇളയ മകളെ എം.എസ്.ഡബ്ല്യുവിന് പഠിക്കാൻ വിടാൻ തീരുമാനിച്ചതായിരുന്നു. ഇതെല്ലാംകൂടെ കടക്കെണിയിലായതോടെയാണ് ഭാര്യ മോളിയുടെ പേരിലുള്ള സ്ഥലംവെച്ച് വായ്പയെടുക്കാൻ തീരുമാനിച്ചതത്രെ. എന്നാൽ, ഈ ഭൂമിക്ക് നികുതി സ്വീകരിക്കാത്തതുകൊണ്ട് അത് മുടങ്ങി. എങ്ങനെയെങ്കിലും വായ്പ സംഘടിപ്പിക്കാനാണ് വില്ലേജ് ഒാഫിസിൽ ഒരു വർഷം മുമ്പ് നികുതി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തിയത്. ആ സമരം അവസാനിപ്പിക്കാൻ അന്ന് താൽക്കാലികമായി നികുതി സ്വീകരിച്ചതല്ലാതെ പിന്നീട് നടപടിയുണ്ടായില്ല. തുടർന്ന് മൂന്നു മാസം മുമ്പ് ഇദ്ദേഹം തെൻറ ആവശ്യം നടപ്പാക്കാത്തപക്ഷം വില്ലേജ് ഓഫിസിൽ ആത്മഹത്യ ചെയ്യുമെന്നു കാട്ടി ഓഫിസർക്കു കത്ത് നൽകിയിരുന്നു. ഏപ്രിൽ മാസമൊടുവിൽ ജോയിയുടെ ഭാര്യ മോളി അധികൃതരുടെ മുന്നിലെത്തി പ്രശ്നം പരിഹരിക്കണമെന്നും തെൻറ ഭർത്താവ് കടുത്ത മനഃപ്രയാസത്തിലുമാണെന്നും കരഞ്ഞപേക്ഷിച്ചിരുന്നു. മോളിയുടെ പക്കൽനിന്ന് പുതിയ അപേക്ഷ എഴുതി വാങ്ങിയ അധികൃതർ പക്ഷേ, തുടർനടപടി സ്വീകരിക്കാതെ കുടുംബത്തെ വലക്കുകയാണ് ചെയ്തതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.