തൂണേരി ഷിബിൻ വധക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്
text_fieldsകൊച്ചി: നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ലീഗ് പ്രവര്‍ത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈകോടതി. വിചാരണ കോടതി വെറുതെവിട്ട പ്രതികളെയാണ് ഹൈകോടതി ശിക്ഷിച്ചത്. ഒന്നാംപ്രതി തെയ്യമ്പാടി മീത്തലെ പനച്ചിക്കണ്ടി ഇസ്മായിൽ, രണ്ടാംപ്രതി തെയ്യമ്പാടി മുനീർ, മൂന്നാംപ്രതി വാരങ്കണ്ടി താഴെക്കുനി സിദ്ധീഖ്, നാലാംപ്രതി മണിയന്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതാഴെക്കുനി ഷുഹൈബ്, 15, 16 പ്രതികളായ കൊച്ചന്റവിട ജാസിം, കടയംകോട്ടുമ്മൽ അബ്ദുസമദ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഷിബിന്‍റെ പിതാവ് ഭാസ്കരന് പ്രതികൾ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.
പ്രതികൾ 1.10 ലക്ഷം രൂപ വീതം പിഴ ഒടുക്കണം. ഇതിൽ അഞ്ച് ലക്ഷം രൂപ കൊല്ലപ്പെട്ട ഷിബിന്റെ പിതാവിനും ബാക്കിയുള്ള തുക പരുക്കേറ്റവര്‍ക്കും തുല്യമായി നൽകണമെന്ന് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, സി.പ്രദീപ് കുമാർ എന്നിവർ വിധിന്യായത്തിൽ വ്യക്തമാക്കി. നാലാം പ്രതി സിദ്ദിഖിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വിദേശത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ആറ് പ്രതികളെ കഴിഞ്ഞ ദിവസം നാദാപുരം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിദേശത്തുള്ള ഒന്നാംപ്രതിക്കെതിരെ വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഹൈകോടതി പ്രതികളെ അറസ്റ്റ് ചെയ്ത് ചൊവ്വാഴ്ചക്കകം ഹാജരാക്കണമെന്ന് ഉത്തരവിട്ടിരുന്നു.
ഷിബിൻ കൊലക്കേസുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളേയും സംശയത്തിന്റെ ആനുകൂല്യത്തിലാണ് വിചാരണകോടതി വെറുതെവിട്ടിരുന്നത്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാരിന്റെയും ഷിബിന്റെ മാതാപിതാക്കളുടേയും ഹരജിയില്‍ പ്രതികളെ വെറുതേവിട്ട നടപടി ഹൈകോടതി തിരുത്തി. കേസിലെ 17 പ്രതികളിൽ ഒന്നുമുതൽ ആറുവരേയും 15, 16 പ്രതികളും കുറ്റക്കാരാണെന്ന് ഹൈകോടതി കണ്ടെത്തിയത്. ഹൈകോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂന്നാം പ്രതി അസ്ലം നേരത്തേ കൊല്ലപ്പെട്ടിരുന്നു. വിചാരണാകോടതി വെറുതെവിട്ടതിനുശേഷമായിരുന്നു ഇത്.
2015 ജനുവരി 22നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന ഷിബിനെ ലീഗ് പ്രവർത്തകർ കൊലപ്പെടുത്തിയത്. രാഷ്ട്രീയ കാരണങ്ങളാൽ ലീഗ് പ്രവർത്തകർ സംഘംചേർന്ന് ഷിബിനെ വെട്ടിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ആറ് യുവാക്കളെ വധിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് കേസ്. യൂത്ത് ലീഗ് പ്രവർത്തകരായ തെയ്യമ്പാടി ഇസ്മയിൽ, സഹോദരൻ മുനീർ എന്നിവർ ഉൾപ്പെടെ 17 പ്രതികളാണ് കേസിൽ പ്രതികളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.