ക്ലാസിക് സിനിമകളുടെ നിര്‍മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു
text_fieldsതിരുവനന്തപുരം: മലയാളത്തിന് മികച്ച ക്ലാസിക് ചലച്ചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലന്‍ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കലാമേന്മയുള്ള ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന നിലയിലാണ് ഗാന്ധിമതി ബാലന്റെ പ്രസക്തി. കാലത്ത് മോഹൻലാലിനെയും മമ്മൂട്ടിയെയും വച്ച് കൂടുതൽ സിനിമ ചെയ്ത നിർമാതാവായിരുന്നു. പഞ്ചവടിപ്പാലം, തൂവാനത്തുമ്പികൾ, മൂന്നാംപക്കം, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മാളൂട്ടി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച കമ്പനിയാണ് ഗാന്ധിമതി ഫിലിംസ്. 1990ൽ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാൻ കാലത്ത് ആണ് ഗാന്ധിമതിയുടെ അവസാന ചിത്രം.
ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ ആയിരുന്നു. ഇവന്‍റ്സ് ഗാന്ധിമതി എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ, 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു. അദ്ദേഹം ആലിബൈ ഗ്ലോബൽ കമ്പനി എന്ന പേരിൽ സൈബർ ഫൊറൻസിക് സ്റ്റാർട്ടപ് കമ്പനി സ്ഥാപിച്ചു. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട് .സിനിമ കൂടാതെ സാഹിത്യ , സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യം ആയിരുന്നു ഗാന്ധിമതി ബാലന്‍.
ഭാര്യ: അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ -ആലിബൈ സൈബർ ഫൊറൻസിക്സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ - മെഡ്റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി) മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ - ആലിബൈ സൈബർ ഫൊറൻസിക്സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്സ്പോർട്സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.