ഉദ്ഘാടകനായി ‘തൊപ്പി’, വഴിയിൽ തടയുമെന്ന് നാട്ടുകാർ; കടയുടമകൾക്കെതിരെ കേസ്
text_fieldsകോട്ടക്കൽ: കട ഉദ്ഘാടനത്തിന് എത്താനിരുന്ന വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിനെ വഴിയിൽ തടയുമെന്ന് നാട്ടുകാർ. ഇതോടെ സംഘർഷാവസ്ഥ ഒഴിവാക്കാൻ യൂട്യൂബറെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. മലപ്പുറം കോട്ടക്കൽ ഒതുക്കങ്ങലിലാണ് സംഭവം. കുട്ടികളുൾപ്പെടെ നൂറുകണക്കിനാളുകളാണ് തൊപ്പി എത്തുന്നതറിഞ്ഞ് കാണാൻ വന്നത്. ഗതാഗത തടസ്സമുണ്ടാക്കിയതിന് കടയുടമകൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.
പുതുതായി ആരംഭിക്കുന്ന ഷോപ്പിന്‍റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ടാണ് നിശ്ചയിച്ചിരുന്നത്. ഉദ്ഘാടകനായി നിശ്ചയിച്ചതാകട്ടെ വിവാദങ്ങളിൽ ഉൾപ്പെട്ട യൂട്യൂബറും. ഇതോടെ ഇയാളെ തടയുമെന്നറിയിച്ച് ഒരുവിഭാഗം ആളുകൾ രംഗത്തെത്തി. ഷോപ്പിന്റെ ഉദ്ഘാടനവിവരങ്ങൾ ഉടമ െപാലീസിനെയും അറിയിച്ചിരുന്നില്ല. ഇതോടെ നിഹാദിനെ പാതിവഴിയിൽ പൊലീസ് തടയുകയായിരുന്നു. ശേഷം വിവരങ്ങൾ പറഞ്ഞ് തിരിച്ചയച്ചു.
‘തൊപ്പി’ വരുന്നതറിഞ്ഞ് നിരവധി പേരാണ് ഒതുക്കുങ്ങലിൽ തടിച്ചുകൂടിയിരുന്നത്. ബലം പ്രയോഗിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് നൽകിയതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.
നേരത്തെ, പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തിയ കേസിൽ തൊപ്പിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വളാഞ്ചേരിയിലെ കട ഉദ്ഘാടന വേദിയിലായിരുന്നു നിഹാൽ അശ്ലീല പരാമർശം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.