തോപ്പിൽ ഭാസിയുടെ ‘ഒളിവിലെ ഓർമകൾ’ വീണ്ടും അരങ്ങിലേക്ക്
text_fieldsകായംകുളം: വിപ്ലവ പ്രവർത്തനങ്ങളുടെ കനൽ വഴികളിലൂടെ സഞ്ചരിച്ചവരുടെ ഓർമകളുണുർത്തുന്ന തോപ്പിൽ ഭാസിയുടെ ‘ഒളിവിലെ ഓർമകൾ’ വീണ്ടും അരങ്ങിലേക്ക്. അടിയാളവർഗത്തിന്റെ ജീവിതങ്ങൾ കശക്കിയെറിഞ്ഞ മാടമ്പിമാരുടെ പ്രമാണിത്വത്തെ ചോദ്യം ചെയ്യാനിറങ്ങിയ ഒരുപറ്റം ചെറുപ്പക്കാരുടെ ധീരമുന്നേറ്റത്തിന്റെ സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കുകയെന്നതാണ് കെ.പി.എ.സി ഇതിലൂടെ ലക്ഷ്യമാക്കുന്നത്. മൂന്നു പതിറ്റാണ്ടുകൾക്കുമുമ്പ് സംസ്ഥാനത്തിനകത്തും പുറത്തുമായി നൂറുകണക്കിന് വേദികളെ ആവേശം കൊള്ളിച്ച നാടകം അതേരുപത്തിൽ തന്നെയാണ് പുനരവതരിപ്പിക്കുന്നത്.
ബുധനാഴ്ച തിരുവനന്തപുരം കാർത്തിക തിരുന്നാൾ ഓഡിറ്റോറിയത്തിൽ സംവിധായകൻ അടൂർ ഗോപാലാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. മധ്യതിരുവിതാംകൂറിലെ തീക്ഷ്ണ സമരങ്ങളുടെ ഭാഗമായി തോപ്പിൽ ഭാസി ഒളിവിൽ കഴിഞ്ഞ കാലത്തെ രാഷ്ട്രീയ ചരിത്രം ഉൾക്കൊള്ളുന്ന ആത്മകഥയായ ‘ഒളിവിലെ ഓർമകൾ’ അതേപേരിൽ അദ്ദേഹം നാടകമാക്കുകയായിരുന്നു. 1992ൽ ഭാസിയുടെ സംവിധാനത്തിലാണ് ‘ഒളിവിലെ ഓർമകൾ’ ആദ്യം അവതരിപ്പിച്ചത്.
വയലാറും കെ. കേശവൻ പോറ്റിയും എഴുതി കെ. രാഘവൻ സംഗീതം നൽകിയ അഞ്ച് ഗാനങ്ങളും നിലനിർത്തിയിട്ടുണ്ട്. മനോജ് നാരായണനാണ് സംവിധായകൻ. ഒരു ഇൻസ്പെക്ടർ അടക്കം അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ട 1949 ഡിസംബർ 31ലെ ‘ശൂരനാട്’ സംഭവമാണ് പ്രധാന ഇതിവൃത്തം. പാവപ്പെട്ടവർ മീൻ പിടിച്ച് ഉപജീവനം നടത്തിയിരുന്ന ശൂരനാട്ടെ ‘പുറമ്പോക്ക് കുളം’ പ്രമാണിമാരുടെ താൽപര്യത്തിൽ ലേലം ചെയ്തത് തൊഴിലാളികൾ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് വഴിതെളിച്ചത്. വിലക്ക് ലംഘിച്ച് കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ തൊഴിലാളികൾ മീൻപിടിച്ചു. ഇതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. കമ്മ്യൂണിസ്റ്റുകാർക്ക് സഹായം ചെയ്ത പായിക്കാട്ട് വീട്ടിലെത്തിയ പൊലിസും ഗുണ്ടകളും സ്ത്രീകളെ അക്രമിക്കുന്നത് തടയാൻ സി.കെ. കുഞ്ഞുരാമൻ അടക്കമുള്ള സഖാക്കൾ ഓടിയെത്തി. തുടർന്നുണ്ടായ സംഘട്ടനത്തിൽ സബ് ഇൻസ്പെക്ടറടക്കമുള്ളവർ കൊല്ലപ്പെട്ടു.
ഇതോടെ കമ്യൂണിസ്റ്റുകാരുടെ തലക്ക് സർക്കാർ ഇനാം പ്രഖ്യാപിച്ചു. പിടികൂടപ്പെട്ട പ്രതികൾ കൊടിയ പീഡനങ്ങൾക്ക് വിധേയരായി. പലരും ലോക്കപ്പിൽ കൊല്ലപ്പെട്ടു. തണ്ടാശേരി രാഘവൻ, കളക്കാട്ട്തറ പരമേശ്വരൻനായർ, പായിക്കാലിൽ ഗോപാലപിള്ള, മഠത്തിൽ ഭാസ്കരൻ നായർ, കാട്ടൂർ ജനാർദ്ദനൻ നായർ, കാഞ്ഞിരപ്പള്ളി വടക്ക് പുരുഷോത്തമകുറുപ്പ്, പായിക്കാലി രാമൻ നായർ, ഉന്തിലേത്ത് വാസുപിള്ള, മലമേൽ കൃഷ്ണപിള്ള തുടങ്ങിവരാണ് പൊലീസ് മർദനത്തിൽ രക്തസാക്ഷികളായത്.
ചാലിത്തറ കുഞ്ഞച്ചന്റെ തിരോധാനം ഇന്നും ദുരൂഹമായി തുടരുന്നു. ഗൂഢാലോചന കുറ്റം ചുമത്തി തോപ്പിൽ ഭാസിയൂം ശങ്കരനാരായണൻ തമ്പിയും പേരൂർ മാധവൻപിള്ളയും പ്രതികളായി. ഇതെല്ലാം സത്ത ചോരാതെ നാടകമായി അരങ്ങിലേക്ക് എത്തുന്നുവെന്നതാണ് പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.