കേരളത്തിൽ തോറിയം അധിഷ്ഠിത ആണവനിലയം: പരിശോധിക്കാമെന്ന് കേന്ദ്രം
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ കടൽതീരത്ത് തോറിയം അടങ്ങുന്ന മോണോസൈറ്റിന്റെ വലിയ തോതിലുള്ള നിക്ഷേപമുള്ള സാഹചര്യം പരിഗണിച്ച് സ്ഥലം കണ്ടെത്തി നൽകിയാൽ തോറിയം അധിഷ്ഠിത ആണവനിലയത്തിന് അനുമതി നൽകുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്ര ഊർജ നഗരകാര്യമന്ത്രി മനോഹർ ലാൽ.
ഊർജ നഗരകാര്യ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതിയുടെ സാങ്കേതിക വാണിജ്യനഷ്ടം കേരളത്തിൽ 10 ശതമാനത്തിന് താഴെയാണെന്നും ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും മനോഹർലാൽ അഭിപ്രായപ്പെട്ടു.
എൻ.ടി.പി.സിയുടെ ബാർഹ് നിലയത്തിൽനിന്ന് അനുവദിച്ച 177 മെഗാവാട്ട് വൈദ്യുതിയുടെ കാലാവധി മാർച്ച് 2025ന് അവസാനിക്കുന്നത് ജൂൺ 2025 വരെ നീട്ടിത്തരണമെന്ന കേരളത്തിന്റെ ആവശ്യം പരിശോധിക്കും. പമ്പ്ഡ് സ്റ്റോറേജ്, ബാറ്ററി എനർജി സ്റ്റോറേജ്, ജലവൈദ്യുതി പദ്ധതികൾക്കായി വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും അനുഭാവത്തോടെ പരിശോധിക്കും.
ജലവൈദ്യുതി പദ്ധതികൾക്ക് കേന്ദ്ര അനുമതി ലഭ്യമാകുന്നതിന് ഏകജാലക സംവിധാനം ഒരുക്കുന്നത് പരിഗണിക്കാമെന്നും റെയിൽവേ ട്രാക്കിന് കുറുകെയുള്ള പ്രസരണ ലൈനുകൾക്ക് നൽകേണ്ട വേ ലീവ് ചാർജ് വർധന പുനഃപരിശോധിക്കണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്തെ അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ആതിഥ്യം വഹിച്ച വിരുന്ന് സത്കാരത്തിൽ അദ്ദേഹം പങ്കെടുത്തു. തിരുവനന്തപുരം, കോഴിക്കോട് മെട്രോ, കൊച്ചി മെട്രോ മൂന്നാംഘട്ടം എന്നിവയുടെ അനുമതി സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി കേന്ദ്ര മന്ത്രിക്ക് കൈമാറി.
യോഗത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, കേന്ദ്ര-സംസ്ഥാന ഊർജ നഗര കാര്യാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ മനോഹർലാൽ ഇന്ന് ലക്ഷദ്വീപ് സന്ദർശനത്തിനുശേഷം കൊച്ചിയിലെത്തി മടങ്ങും. കൊച്ചിയിൽ മെട്രോ റെയിൽ, വാട്ടർ മെട്രോ എന്നിവയുടെ അവലോകനയോഗങ്ങളിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.