പരീക്ഷ വിശേഷങ്ങൾ പങ്കുവെച്ച് ആ നാലുപേരും നടന്നുകയറി; മരണത്തിന്റെ ചുഴിയിലേക്ക്
text_fieldsപാലക്കാട്: ക്രിസ്മസ് പരീക്ഷ കഴിഞ്ഞിറങ്ങുമ്പോൾ എത്രയും പെട്ടെന്ന് വീടെത്തണം എന്നായിരുന്നു ആ നാലു പെൺകുട്ടികളും ആഗ്രഹിച്ചത്. എന്നാൽ മടക്കമില്ലാത്ത ഒരു യാത്രയായിരുന്നു അവർക്കായി വിധി കരുതിവെച്ചത്. പരീക്ഷ വിശേഷങ്ങൾ പങ്കു വെച്ചുകൊണ്ടാവണം അവർ അഞ്ചുപേരും നടന്നത്. നിർമാണത്തിലെ അപാകത മൂലം മഴ പെയ്താൽ മോശമാകുന്ന റോഡിലൂടെയായിരുന്നു അവരുടെ യാത്ര. പെട്ടെന്നാണ് ലോറി അവരുടെ ദേഹത്തേക്ക് കയറിയത്. ഒന്നു നിലവിളിക്കാൻ പോലും സാധിക്കാതെ ആ നാലുപേരും ലോറിക്കടിയിൽ പെട്ടു.
കൂട്ടുകാരുടെ ദേഹത്തേക്ക് ലോറി പാഞ്ഞുകയറുന്നത് കണ്ട് പേടിച്ചലറിയ ഒരു പെൺകുട്ടി ഓടി മാറിയത് കൊണ്ടുമാത്രം മരണത്തിന്റെ ചുഴിയിൽ പെടാതെ രക്ഷപ്പെട്ടു. കരിമ്പ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥികളായിരുന്നു ഇർഫാനയും റിദയും മിതയും ആയിഷയും.
ഇംഗ്ലീഷ് പരീക്ഷയായിരുന്നു ഇന്ന്. വൈകീട്ട് മൂന്നേ കാൽ വരെയായിരുന്നു പരീക്ഷ. ആശുപത്രിയിലെത്തിക്കും മുമ്പേ നാലു പേരും മരണപ്പെട്ടു. സിമന്റ് ലോഡുമായെത്തിയ ലോറിയാണ് വിദ്യാർഥിനികളുടെ ദേഹത്തേക്ക് മറിഞ്ഞത്. ഈ ലോറി മറ്റൊരു വണ്ടിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു.
വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വിദ്യാർഥിനികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സിമന്റ് ലോറി മറിഞ്ഞ് കല്ലടിക്കോട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉടൻ സംഭവസ്ഥലത്തേക്ക് പോകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.