ആ ജീവനുകള്‍ രക്ഷിക്കാനായില്ലല്ലോ...
text_fieldsഏറ്റുമാനൂര്‍: പള്ളിക്കുന്ന് കടവില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിക്കാൻ ആഴക്കയത്തിലേക്ക് എടുത്തു ചാടിയവരാണ് ആറുമാനൂര്‍ കോതച്ചേരി വീട്ടില്‍ ജോസ് കുര്യന്‍ എന്ന പട്ടാളക്കാരനും സുഹൃത്ത് പേരൂര്‍ പുത്തന്‍പറമ്പില്‍ വീട്ടില്‍ പി.പി. ശ്രീജിത്തും. പള്ളിക്കുന്ന് കടവിലെ ഇടുങ്ങിയ പാറക്കെട്ടുകളുടെ ഇടയിലേക്ക് എടുത്തു ചാടുമ്പോൾ ജീവനോടെ കരക്കെത്തിക്കാമെന്ന പ്രതീക്ഷയായിരുന്നു ഇരുവര്‍ക്കും.
രാവിലെ 11.30ഓടെയാണ് കുട്ടികള്‍ അവിടെയെത്തിയത്. അവരാദ്യം ജോസും ശ്രീജിത്തും കൂട്ടരും ചൂണ്ടയിട്ടുകൊണ്ടിരുന്ന താഴത്തെ കടവിലെത്തി അൽപനേരം നോക്കിനിന്നു. തുടര്‍ന്നാണ് തൊട്ടപ്പുറത്തെ കടവിലേക്ക് നീങ്ങിയത്. വസ്ത്രം മാറി ആ പാറക്കെട്ടിലേക്ക് കയറി ഇരിക്കുന്നതും പാട്ടു പാടുന്നതുമൊക്കെ കേള്‍ക്കാമായിരുന്നുവെന്ന് ജോസും കൂട്ടരും പറയുന്നു.
ചൂടു കനത്തതോടെ ഒന്നു കുളിച്ചുകളയാമെന്ന് കരുതിയാണ് ജോസ് ആറ്റിലേക്ക് ഇറങ്ങിയത്. അപ്പോഴാണ് നവീനേ.... എന്നുള്ള നിലവിളി കേള്‍ക്കുന്നത്. നോക്കുമ്പോള്‍ ഒരു കൈ വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നതാണ് കണ്ടത്. കുട്ടികള്‍ അലറിക്കരയുന്നത് കേട്ട് ശ്രീജിത്തും ജോസും ചേര്‍ന്ന് അപ്പുറത്തെ കടവിലേക്ക് ഓടി. ഒപ്പമുണ്ടായിരുന്നവരും പിന്നാലെ കൂടി.
കുട്ടികളിലൊരാള്‍ വെള്ളത്തില്‍ പോയെന്നാണ് അപ്പോള്‍ കരുതിയത്. മറ്റ് കുട്ടികള്‍ ചൂണ്ടിക്കാട്ടിയ സ്ഥലം നോക്കി ജോസും ശ്രീജിത്തും ആഴക്കയത്തിലേക്ക് എടുത്തു ചാടി. ആദ്യ റൗണ്ടില്‍ കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാം തവണ നവീനെ കണ്ടെത്തി. നവീനുമായി കരക്കെത്തുമ്പോഴാണ് മറ്റൊരാളും മുങ്ങിയെന്നതറിയുന്നത്. പിന്നെ രണ്ടാമതും ചാടി അമലിനെയും കരക്കെത്തിക്കുകയായിരുന്നു.
ഒപ്പം മുങ്ങിയെങ്കിലും ശ്രീജിത്തിന് ശ്വാസം കിട്ടാതെ വന്നതോടെ ജോസാണ് രണ്ടു പേരെയും മുങ്ങിയെടുത്തത്. ജോസ് പട്ടാളത്തിലായിരുന്നപ്പോള്‍ നിരവധിപേരെ വെള്ളത്തില്‍നിന്ന് കരകയറ്റിയിട്ടുണ്ട്. സര്‍വിസില്‍നിന്ന് വിരമിച്ച ശേഷം ആദ്യത്തെ സംഭവമായിരുന്നു ഇതെന്നും ആ കുരുന്നുകളുടെ മുഖം മനസ്സില്‍നിന്ന് മായുന്നില്ലെന്നും ജോസ് പറഞ്ഞു. പുറത്തെടുക്കുമ്പോൾ കുട്ടികള്‍ക്ക് ചലനമില്ലായിരുന്നുവെന്ന് ശ്രീജിത്ത് പറഞ്ഞു. കരക്കെത്തിച്ച കുട്ടികള്‍ക്ക് ഫസ്റ്റ് എയ്ഡ് നല്‍കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ജോസും ശ്രീജിത്തും സങ്കടം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.