കണ്ണീർതാളായി ആ പാഠപുസ്തകങ്ങൾ
text_fieldsതൊടുപുഴ: ഫൈസലിനും കുടുംബത്തിനുമൊപ്പം ചാമ്പലായ വീട്ടിൽനിന്ന് പുറത്തെടുത്തിട്ട മെഹ്റിനയുടെയും അസ്നയുടെയും സ്കൂൾപാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും സ്ഥലത്തെത്തിയവരുടെ കണ്ണുകൾ നിറച്ചു.
ഭംഗിയുള്ള കൈയക്ഷരത്തിൽ 'അസ്ന ഫൈസൽ, ക്ലാസ് ആറ്, ഡിവിഷൻ ബി' എന്ന് എഴുതിയിരിക്കുന്നു. പാതികത്തി ബാക്കിയായ പാഠപുസ്തകങ്ങളും കൊലുസും കളിപ്പാട്ടങ്ങളും ചാരംപൂണ്ട് കിടക്കുന്നു. രണ്ട് കൊച്ചുപെൺകുട്ടികളുടെ സ്വപ്നങ്ങൾകൂടിയാണ് മുത്തച്ഛന്‍റെ പകയിൽ ചാരമായത്.
നന്നായി പഠിച്ച് വലിയ ജോലി നേടണമെന്നൊക്കെയായിരുന്നു മെഹ്റിന്‍റെയും അസ്‌നയുടെയും ആഗ്രഹം. പഠനത്തില്‍ മാത്രമല്ല, കലാപ്രവര്‍ത്തനങ്ങളിലും ആയോധന കലയിലുമെല്ലാം ചെറുപ്രായത്തിൽതന്നെ അവർ മിടുക്ക് തെളിയിച്ചു.
മെഹ്റിന്‍ തൊടുപുഴ എ.പി.ജെ. അബ്ദുൽകലാം ഹയർ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും അസ്ന കൊടുവേലി സാഞ്ചോസ് സി.എം.ഐ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനിയുമാണ്. നീണ്ടകാലത്തെ അവധിക്കുശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ ഇരുവരും വളരെ സന്തോഷിച്ചിരുന്നതായി അയൽവാസികൾ പറയുന്നു. സ്കൂളിലെ വിശേഷങ്ങളെല്ലാം അവർ വീട്ടുകാരുമായും അയൽക്കാരുമായും പങ്കുവെക്കുമായിരുന്നു. അയൽവാസിയായ രാഹുലിന്‍റെ വീട്ടിലെ നിത്യസന്ദര്‍ശകരായ ഇവരുടെ കളിക്കൂട്ടുകാരായിരുന്നു രാഹുലിന്‍റെ മക്കളായ നിഖിയും നിഹയും. ഇവര്‍ ഒരുമിച്ചാണ് കളരിയില്‍ രാഹുലിനൊപ്പം പോയിരുന്നതും.
മഞ്ചിക്കല്ലിലെ പുതിയ വീട്ടിൽ താമസിക്കാൻ പോകുന്നതിന്‍റെ സന്തോഷവും വിശേഷവും ഇരുവരും കൂട്ടുകാരോട് പറയുമായിരുന്നു. വീടിന് മതില്‍ കെട്ടിയപ്പോള്‍തന്നെ കുട്ടികൾ അവിടെയെത്തി ചെടികൾ നട്ടു. മുത്തച്ഛനും പിതാവും തമ്മിൽ വഴക്കായിരുന്നതിനാല്‍ പുതിയ വീട്ടിലേക്ക് മാറുന്നത് ഏറെ ആശ്വാസത്തോടെയാണ് ആ കുരുന്നുകൾ കണ്ടിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് പിതാവ് ഫൈസല്‍ കടയില്‍ നിന്നെത്തിയപ്പോള്‍ രാഹുലിന്‍റെ വീട്ടിലേക്ക് വാങ്ങിയ മുട്ടയും ശര്‍ക്കരയും എത്തിച്ചുകൊടുത്ത് യാത്രപറഞ്ഞ് ഉറങ്ങാൻ പോയതായിരുന്നു മെഹ്റിനും അസ്നയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.