മ്യാൻമറിൽ കുടുങ്ങിയവരെ നാട്ടിലെത്തിച്ചു
text_fieldsനെടുമ്പാശ്ശേരി: തൊഴിൽ തട്ടിപ്പിനിരയായി മ്യാൻമറിൽ കുടുങ്ങിയവരിൽ മൂന്നുപേരെ ഇന്ത്യൻ എംബസി ഇടപെട്ട് നാട്ടിലെത്തിച്ചു. ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് നിജാസ്, വർക്കല സ്വദേശി നിതീഷ് ബാബു എന്നിവരാണ് എത്തിയത്. കൊൽക്കത്ത വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇവരെ നോർക്ക ഇടപെട്ടാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്. നോർക്ക സെൻറർ മാനേജർ കെ.ആർ. രതീഷിന്‍റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു.
തായ്‌ലൻഡിൽ ഉയർന്ന വേതനത്തിന് ജോലിക്കെന്ന പേരിൽ റിക്രൂട്ട് ചെയ്തശേഷം അനധികൃതമായി മ്യാൻമറിലേക്ക് കടത്തുകയായിരുന്നു. വാഗ്ദാനം ചെയ്ത തൊഴിലോ ശമ്പളമോ നൽകാതെ അടിമപ്പണി ചെയ്യിച്ചു. തുടർന്ന് പ്രതിഷേധിച്ചപ്പോൾ ഇവരെ പട്ടാളത്തിന് കൈമാറി. എംബസിയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് മോചനം സാധ്യമായത്.
അതേസമയം, മ്യാൻമറിൽ ഇനിയും ഇന്ത്യാക്കാർ കുടുങ്ങിക്കിടക്കുന്നതായി തിരിച്ചെത്തിയവരിലൊരാളായ ആലപ്പുഴ സ്വദേശി സിനാജ് സലീം പറഞ്ഞു. ജോലിയിൽനിന്ന് വിടുതലാവശ്യപ്പെട്ട് സമരം ചെയ്തപ്പോൾ ക്രൂരമായ മർദനമേൽക്കേണ്ടതായും അദ്ദേഹം വെളിപ്പെടുത്തി.കുംഭകോണത്തെ ഏജൻസി വഴിയാണ് തായ്‌ലൻഡിൽ ഫെയ്സ് ബുക് പരസ്യ വിഭാഗത്തിൽ ജോലി വാഗ്ദാനം ചെയ്ത് ജൂലൈ 21ന് കൊണ്ടുപോയത്. കേന്ദ്രമന്ത്രി വി. മുരളീധരൻ, എം.പിമാരായ കെ.സി. വേണുഗോപാൽ, എ.എം. ആരിഫ് എന്നിവർ ഇടപെട്ടാണ് എംബസി വഴി മോചനം സാധ്യമാക്കിയതെന്നും സിനാജ് സലീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.