Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യാടിത്തറ മതമെന്ന്...

രാജ്യാടിത്തറ മതമെന്ന് പറയുന്നവർ പാകിസ്താനിലേക്ക് നോക്കണം -കെ.ടി. ജലീൽ

text_fields
bookmark_border
രാജ്യാടിത്തറ മതമെന്ന് പറയുന്നവർ പാകിസ്താനിലേക്ക് നോക്കണം -കെ.ടി. ജലീൽ
cancel

മലപ്പുറം: രാഷ്ട്രത്തിന്റെ നിർമിതിയുടെ അടിത്തറ മതമാകണമെന്ന് പ്രചരിപ്പിക്കുന്നവർ നമ്മളോടൊപ്പം സ്വാതന്ത്ര്യം നേടി ഇന്ത്യ വിഭജിക്കപ്പെട്ട് രൂപവത്കരിച്ച പാകിസ്താനിലേക്ക് നോക്കണമെന്ന് മുൻമന്ത്രി കെ.ടി. ജലീൽ. ഡി.വൈ.എഫ്.ഐയുടെ ഫ്രീഡം സ്ട്രീറ്റ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് മലപ്പുറത്ത് സംസാരിക്കുകയായിരുന്നു കെ.ടി. ജലീൽ.

നമ്മുടെ പൂർവികർ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ മുഖത്ത് കാളിമ പടർത്താനാണ് രാജ്യം ഭരിക്കുന്ന മതാന്ധതയുടെ വാഹകരായ വർഗീയ വാദികൾ ശ്രമിക്കുന്നത്. ദേശീയതയുടെ അടിസ്ഥാനവും ഐക്യത്തിന്റെ അടിസ്ഥാനവും രാഷ്ട്ര നിർമിതിയുടെ അടിത്തറയും മതമാകണമെന്ന് പ്രചരിപ്പിക്കുന്നവർ ഉണ്ട്. അവർ പാകിസ്താനിലേക്ക് നോക്കണം. അവിടെ ഭാഷ ഒന്നാണ്, മതവും ഏതാണ്ട് ഒന്നാണ്. സംസ്കാരവും അങ്ങനെ തന്നെ. മതത്തിന് ജനങ്ങളെ ഒന്നിപ്പിക്കാൻ കഴിയുമെങ്കിൽ പാകിസ്താൻ വിഭജിക്കപ്പെടില്ലായിരുന്നു. പാകിസ്താനിൽ നിന്ന് ആഭ്യന്തര കലാപം നടത്തി പിരിഞ്ഞുപോയവർ ഇസ്‍ലാംമത വിശ്വാസികളായിരുന്നു. പിരിഞ്ഞുപോയ ബംഗ്ലാദേശ് ഏതാണ്ട് ഒരുസംസ്കാരം ഉയർത്തിപ്പിടിക്കുന്നവരായിരുന്നു. പക്ഷേ, അവർക്ക് ഒരുരാജ്യമായി അധികകാലം മുന്നോട്ട് പോകാനായില്ല. മതത്തെ ഒരു രാജ്യത്തി​ന്റെ അടിത്തറയായി അംഗീകരിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് പാകിസ്താന്റെ പിളർപ്പ്.

ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷത ബഹുസ്വരതയാണ്. അതില്ലാതാക്കി എല്ലാം ഒന്നിലേക്ക് കേന്ദ്രീകരിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു. ഉൾക്കൊള്ളലിന്റെ ഇന്ത്യ, ഒഴിവാക്കലിന്റെ ഇന്ത്യയായി മാറുകയാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് കൂട്ടാനായിരുന്നു സ്വാതന്ത്ര്യാനന്തരം മഹാത്മാഗാന്ധിയും ദേശീയനേതാക്കളും ശ്രമിച്ചത്. ഇന്ത്യയിൽ താമസിക്കാൻ തീരുമാനിച്ച മുസ്‍ലിംകൾക്ക് സുരക്ഷിതത്വം ​കൊടുക്കണം, വിഭജനാനന്തരം ഇന്ത്യ പാകിസ്താന് ​കൊടുക്കാനുള്ള 35 കോടി ആ രാജ്യത്തിന് കൊടുക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഗാന്ധിജി ഉപവാസം അനുഷ്ടിച്ചത്. ഇതിലുള്ള പകയായിരുന്നു ഗാന്ധിയെ കൊല്ലാൻ ഗോഡ്സെയെ പ്രേരിപ്പിച്ചത്. മലബാർ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു എന്ന് പറയുന്ന​വ​രെ രാജ്യദ്രോഹികളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ നാട്ടിൽ ഒരിക്കലും അടങ്ങാത്ത മതവൈരത്തിന്റെ വിത്ത് പാകാനാണ് ഭരണകൂടം ശ്രമിക്കുന്നത്. അതിനെതിരെ ശക്തമായി പ്രതികരിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്നത് സങ്കടകരമാണ്.

പൗരത്വ ഭേദഗതി നിയമവും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും മുത്തലാഖ് ബിൽ പാസാക്കിയതും ഇതിന്റെ ഭാഗമാണ്. ഭാര്യയെ മൊഴിചൊല്ലുന്ന മുസ്‍ലിം പുരുഷന് മാത്രം മൂന്ന് വർഷം തടവ് നൽകുന്നതാണ് മുത്തലാഖ് ബിൽ. തന്റെ ഭാര്യയെ മൊഴിചൊല്ലുന്ന ഹിന്ദുവിനും ക്രിസ്ത്യാനിക്കും പാഴ്സിക്കും ജൈനനും എ​ന്തേ ഈ നിയമം നടപ്പാക്കാത്തത് എന്ന് അന്ന് സി.പി.എം നേതാക്കളും ഇടതുപ്രസ്ഥാനങ്ങളും കേന്ദ്ര സർക്കാറിനോട് ചോദിച്ചിരുന്നു.

വിവിധ ഭാഷയും ഒരുപാട് മതങ്ങളുമുള്ള നിങ്ങൾക്ക് ഒരുരാജ്യമാകാനാകില്ല എന്ന് ഇന്ത്യയിലെ സ്വാതന്ത്ര്യ സമരസേനാനികളുടെ മുഖത്ത് നോക്കി ബ്രിട്ടീഷുകാർ പരിഹസിച്ചിരുന്നു. ഇംഗ്ലീഷ് എന്ന ഒറ്റ ഭാഷയും ബ്രിട്ടീഷ് എന്ന ഒറ്റ സംസ്കാരവും ക്രിസ്ത്യാനിറ്റി എന്ന ഒറ്റ മതവും മാത്രമുള്ള തങ്ങൾക്ക് മാത്രമേ രാഷ്ട്രമാകാനാവൂ എന്നായിരുന്നു അവരുടെ അവകാശവാദം. എന്നാൽ, വിവിധ മതങ്ങളും ഒരുപാട് ഭാഷകളും സംസ്കാരങ്ങളുമായി നമ്മൾ 75 കൊല്ലമായി ഒരുമിച്ച് നിന്ന് ബ്രിട്ടീഷുകാർക്ക് മറുപടി നൽകുകയാണ്.

രാജ്യം വെട്ടിമുറിക്കാനുള്ള ശ്രമമാണ് ആർ.എസ്.എസ് നടത്തുന്നത്. ചിലർക്ക് പാകിസ്താനിലേക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാനാണ് ബിജെപി നേതാക്കളുടെ ശ്രമം. മത വൈര്യത്തിന്‍റെ വിത്ത് പാകാൻ ഭരണകൂടം ശ്രമിക്കുന്നു. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നിയമം ഐക്യം തകർക്കാൻ ലക്ഷ്യം വെച്ചുള്ളത്. പ്രതികരിക്കാൻ പോലും കോൺഗ്രസ് വിറങ്ങലിച്ചു.

രാജ്യം വെട്ടിമുറിക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നതെന്നും കെ ടി ജലീൽ കുറ്റപ്പെടുത്തി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് മാപ്പ് എഴുതി നൽകിയാൽ മക്കത്ത് താമസിക്കാം എന്ന് പറഞ്ഞു. അതിനേക്കാൾ എനിക്കിഷ്ടം ഇവിടെ മരിച്ച് വീഴുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി നേതാക്കളോടും ഞങ്ങൾക്ക് പറയാനുള്ളത് അതാണെന്ന് കെ ടി ജലീൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfiKT Jaleeltripple talaqPakistanRSS
News Summary - Those who argue one nation one religion should look at Pakistan -KT Jaleel
Next Story