സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവർ ചരിത്രം തിരുത്തുന്നു- പിണറായി വിജയൻ
text_fieldsന്യൂഡല്‍ഹി: സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവർ അതു മറച്ചുവെക്കാൻ ചരിത്രം തിരുത്തിയെഴുതുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാര്‍ അവരുടെ പ്രത്യയശാസ്ത്രത്തിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന കാലമാണിത്. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന സംഘ്പരിവാർ ആശയം നടപ്പാക്കാനുള്ള ഉപാധിയായാണ് അവര്‍ വിദ്യാഭ്യാസത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.ജി സംസ്കൃതി കേന്ദ്രം ഏര്‍പ്പെടുത്തിയ പുരസ്കാരം കേരള ഹൗസിൽ നടന്ന ചടങ്ങിൽ ചരിത്രകാരി പ്രഫ. റൊമില ഥാപ്പറിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപ്ലവപ്രസ്ഥാനത്തിന്റെ ഭാഗമായി അന്തമാനിൽ ജയിലില്‍ കഴിയേണ്ടിവന്നിട്ടുള്ള തടവുകാരാരും സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തിട്ടില്ല. എന്നാൽ, അതേ ജയിലിലുള്ള സംഘ്പരിവാറുകാർ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകാനില്ലെന്ന് പ്രഖ്യാപിച്ച് മാപ്പെഴുതി നല്കുകയാണുണ്ടായത്. ഒറ്റിക്കൊടുത്തത് മറച്ചുപിടിക്കാനാണ് ചരിത്രത്തെ കാവിവത്കരിക്കുന്നത്. ചരിത്രത്തെ ശാസ്ത്രീയമായും യുക്തിപരമായും ലക്ഷ്യബോധത്തോടെയും സമീപിച്ച റൊമില ഥാപ്പര്‍ക്ക് പി. ഗോവിന്ദപ്പിള്ള പുരസ്കാരം സമ്മാനിക്കുന്നതിന് ഏറെ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊളോണിയല്കാലത്തെ ചരിത്ര അവതരണരീതി ഇന്ന് പുനരവതരിപ്പിക്കപ്പെടുകയാണെന്നും തെറ്റ് ചോദ്യം ചെയ്യുന്നവരെ വേട്ടയാടുന്ന കാലമാണിതെന്നും റൊമില ഥാപ്പര്‍ പറഞ്ഞു. ചടങ്ങിൽ എം.എ. ബേബി അധ്യക്ഷതവഹിച്ചു. എം.ജി. രാധാകൃഷ്ണന് പ്രശസ്തിപത്രം വായിച്ചു. ആര്. പാര്‍വതി ദേവി സ്വാഗതവും കെ.സി. വിക്രമന് നന്ദിയും പറഞ്ഞു. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരമാണ് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.