പറഞ്ഞത് നെഗറ്റീവായെന്ന്, അറിയിച്ചത് മരിച്ചെന്ന്; മൃതദേഹം വാങ്ങാനെത്തിയവർ രോഗമുക്തയുമായി മടങ്ങി
text_fieldsകടയ്ക്കൽ: ആശുപത്രി അധികൃതർ എഴുതി നൽകിയത് ചികിത്സയിലായിരുന്ന കോവിഡ് രോഗി നെഗറ്റീവായെന്ന്, പക്ഷെ, പൊലീസ് ബന്ധുക്കളെ അറിയിച്ച് രോഗി മരിച്ചെന്നും. പഞ്ചായത്തിൽ അറിയിച്ച് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാനെത്തിയവർ രോഗമുക്തയുമായി മടങ്ങി.
അതിനിടെ, ഡി.സി.സി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ജില്ല ആശുപത്രിയിൽ പ്രതിഷേധവും ഉയർന്നു. ബന്ധുക്കളിൽ നിന്ന വിവരം അറിഞ്ഞ്, പള്ളിയിൽ നിന്ന് മരണവിവരം ഉച്ചഭാഷിണി വഴി നാട്ടുകാരെ അറിയിച്ചെന്ന് മാത്രമല്ല, ഖബറടക്കത്തിനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു. നിലമേൽ കൈതക്കുഴി സ്വദേശിയായ 55 കാരിയാണ് കോവിഡ് ബാധിതായി കൊല്ലം ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നത്.
രോഗമുക്തയായെങ്കിലും ഡിസ്ചാർജ് ചെയ്യാത്തിനെത്തുടർന്നാണ്, പൊലീസ് സംവിധാനം വഴി ബന്ധുക്കളെ അറിയിക്കാൻ കൊല്ലം ഇൗസ്റ്റ് പൊലീസിൽ വിവരം അറിയിച്ചത്. സാധാരണ കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ചാണ് ഇത്തരത്തിൽ പൊലീസ് സ്റ്റേഷൻ വഴി അറിയിക്കുക എന്ന മുൻധാരണയിൽ വിവരം ലഭിച്ച പൊലീസുകാരൻ, കത്ത് ശരിക്ക് വായിക്കാതെ രോഗി മരിച്ചെന്ന് ചടയമംഗലം പൊലീസിൽ വിവരറമിയിച്ചു.
പൊലീസാകെട്ട അക്കാര്യം ബന്ധുക്കളെയും അറിയിച്ചു. ഇതിനിടെ ആശപ്രവർത്തക പഞ്ചായത്തിൽ അറിയിച്ച് മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങുകയും ചെയ്തു. അധികം വൈകാതെ പഞ്ചായത്ത് മെമ്പറും ബന്ധുക്കളും പഞ്ചായത്ത് ആരോഗ്യ വിഭാഗവുമായി സംസാരിച്ച് നിലമേൽ മുസ്‌ലിം ജമാഅത്തിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം സംസ്കരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി. മൃതദേഹം ഏറ്റുവാങ്ങുന്നതിന് വീട്ടമ്മയുടെ ചെറുമകനെ ചുമതലപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറി കത്തും കൈമാറി.
ആംബുലൻസുമായി ആശുപത്രിയിലേക്കുള്ള യാത്രക്കിടെ, രോഗി കോവിഡ് മുക്തയാണോ അതോ പോസിറ്റീവാണോ എന്ന സംശയം ദുരീകരിക്കുന്നതിന്, ഹെൽത്ത് ഇൻസ്പെക്ടർ വഴി ആശുപത്രിയിൽ ബന്ധപ്പെട്ടപ്പോഴാണ് രോഗി മരിച്ചിട്ടില്ലെന്ന നിജസ്ഥിതി അറിയുന്നത്. ജില്ല ആശുപത്രിയിലെത്തി, പൊലീസ് സ്റ്റേഷനിലേക്ക് ആശുപത്രിയിൽനിന്ന് കൈമാറിയ കത്ത്, അധികൃതർ ബന്ധുക്കളെ കാണിച്ചപ്പോഴാണ് 30-ാം തീയതി നെഗറ്റീവായെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന വസ്തുത ബോധ്യപ്പെട്ടത്. പിന്നീട് വീട്ടമ്മയുമായി ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ജില്ല ആശുപത്രിയിൽ നടന്ന പ്രതിഷേധത്തിനെതിരെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയേൽ രംഗത്തെത്തി. രോഗിയുടെ ആരോഗ്യനില അറിയിക്കുന്നതിനായി ആശുപത്രിയിൽ നൽകിയിരുന്ന മൂന്ന് നമ്പറുകളിൽ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് കടയ്ക്കൽ പോലീസ് മുഖേന ബന്ധുക്കൾക്ക് വിവരം നൽകുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് നൽകുകയായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
എന്നാൽ, ഡി.സി.സി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ഫേസ്ബുക്ക് ലൈവ് അടക്കമുള്ള സംഭവ വികാസങ്ങളാണ് ജില്ലാ ആശുപത്രിയിൽ അരങ്ങേറിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.