കോവിഡ് സർട്ടിഫിക്കറ്റില്ലാതെ വന്നവരെ നാടുകാണിയിൽ തിരിച്ചയച്ചു
text_fieldsഗൂഡല്ലൂർ: കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റില്ലാതെ എത്തിയ വിനോദ സഞ്ചാരികളടക്കമുള്ളവരെ നാടുകാണിയിൽനിന്ന് തിരിച്ചയച്ചു. കേരളത്തിൽനിന്ന് നീലഗിരിയിലേക്ക് വരുന്ന വിനോദ സഞ്ചാരികളടക്കമുള്ളവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജറാക്കണമെന്ന ഉത്തരവ് നീലഗിരി ജില്ല കലക്ടർ ജെ. ഇന്നസെൻറ് ദിവ്യയാണ് പുറപ്പെടുവിച്ചത്. സർട്ടിഫിക്കറ്റില്ലാതെ വരുന്നവരെ പരിശോധനക്ക് വിധേയമാക്കുമെന്നും ഇതിനായി സംവിധാനമൊരുക്കിയതായും കലക്ടർ വ്യക്തമാക്കിയിരുന്നു. എന്നിട്ടും യാത്രക്കാരെ തിരിച്ചയച്ച നടപടി വിവാദമായി.
അതേസമയം, തങ്ങൾ ടെസ്റ്റ് മാത്രമാണ് നടത്തുന്നതെന്നും സർട്ടിഫിക്കറ്റില്ലാതെ വരുന്നവരെ പൊലീസുകാരായിരിക്കും തിരിച്ചുവിട്ടതെന്നും ബ്ലോക് മെഡിക്കൽ ഓഫീസർ ഡോ. കതിരവൻ വ്യക്തമാക്കി. വ്യക്തമായ നടപടിക്രമങ്ങൾ ജില്ല കലക്ടർ ഉടൻ അറിയിക്കുമെന്നും ബി.എം.ഒ മാധ്യമത്തോട് പറഞ്ഞു.
തിരിച്ചയച്ചവർക്ക് ഇ-രജിസ്ട്രേഷനുമില്ലായിരുന്നുവത്രേ. മാത്രമല്ല, ഇവിടെ കോവിഡ് പരിശോധന ഫലം അറിയാൻ രണ്ടു ദിവസമാവുമെന്നും കേരളത്തിൽ നിന്നാവുമ്പോൾ ഉടൻ ഫലമറിയാൻ കഴിയുമെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി.
കോവിഡ് ഇളവുകൾക്ക് ശേഷം ഇ-രജിസ്ട്രേഷൻ സന്ദേശം ലഭിച്ചത് മാത്രം കാണിച്ച് നീലഗിരിയിലേക്ക് പ്രവേശിക്കാമായിരുന്നു. എന്നാൽ കേരളത്തിൽ കോവിഡ് ബാധിതർ വർധിക്കുന്ന റിപോർട്ടുകളെത്തുടർന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കർശനമാക്കി. ബുധനാഴ്ച മുതൽ നാടുകാണിയടക്കം അതിർത്തി ചെക്ക്പോസ്റ്റിൽ പരിശോധനയും ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.