പ്ലസ് വൺ പ്രതിസന്ധി: പരിഹരിക്കാൻ കഴിയാത്തവർ രാജിവെക്കണം -ജസ്റ്റിസ് കഠ്ജു
text_fieldsമലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തവർ രാജി വെക്കണമെന്ന് സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കഠ്ജു. മലപ്പുറം നിയോജക മണ്ഡലത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയിൽ 10ാം ക്ലാസ് വിജയിച്ചവരുടെയും പ്ലസ് വൺ സീറ്റിെന്റയും എണ്ണത്തിൽ വലിയ അന്തരമുണ്ട്. ഇതെന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. ഇവിടെ സി.പി.എമ്മിന്റെയും ലീഗിന്റെയും ജനപ്രതിനിധികൾ ഉണ്ടല്ലോ. നിങ്ങൾ രാഷ്ട്രീയക്കാർ എന്തുചെയ്യുകയാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഈ പ്രശ്നം പരിഹരിച്ചുകൂടെ? ഈയൊരു പ്രശ്നംപോലും പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോകുന്നതാണ് നല്ലത് -നിയമസഭ സ്പീക്കറെയും പി. ഉബൈദുല്ല എം.എൽ.എയെയും മുന്നിലിരുത്തി കഠ്ജു പറഞ്ഞു.
കുട്ടികളുടെ ജീവിതം വെച്ച് കളിക്കരുത്. ഭാവിയിൽ ഡോക്ടറും എൻജിനീയറും ശാസ്ത്രജ്ഞരുമെല്ലാം ആവാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ ഭാവി തകർത്തിട്ട് പദവികളിൽ ഇരുന്നിട്ട് എന്ത് കാര്യം. സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിലൂടെ വലിയ കുറ്റകൃത്യമാണ് കുട്ടികളോട് ചെയ്യുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ സ്പീക്കറോട് താൻ അഭ്യർഥിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഇനിയും തീരുമാനമുണ്ടായില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ താൻ നിങ്ങൾക്കെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്നും മാർക്കണ്ഡേയ കഠ്ജു കൂട്ടിച്ചേർത്തു.
സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടകനായി പങ്കെടുത്ത പരിപാടിയിലാണ് കഠ്ജു പ്ലസ് വൺ വിഷയത്തിൽ സർക്കാറിനെതിരെ രൂക്ഷപ്രതികരണം നടത്തിയത്. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ വൻ കരഘോഷത്തോടെയാണ് കഠ്ജുവിന്റെ പ്രസംഗത്തെ സ്വീകരിച്ചത്.
പ്ലസ് വൺ സീറ്റ് പ്രശ്നം എങ്ങനെയൊക്കെ പരിഹരിക്കാൻ പറ്റുമോ അതിന് ശ്രമിക്കുമെന്ന് സ്പീക്കർ ചടങ്ങിൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.