റമ്മി കളിക്കാത്തവർ ഭാഗ്യവാന്മാർ
text_fieldsറമ്മികളിയും പ്രവചന ഗെയിമും എം.പി.എല്ലും അടക്കമുള്ള ഓൺലൈൻ ഗെയിമിെൻറ നീരാളിപ്പിടിത്തത്തെ കുറിച്ച് 'മാധ്യമം' നടത്തുന്ന അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗം.
ഓൺലൈൻ റമ്മികളിയിൽ പതിയിരിക്കുന്ന അപകടത്തിെൻറ ആഴം മലയാളികൾക്ക് മുന്നിൽ തുറന്നുകാട്ടിയത് രണ്ടുപേരാണ്. തിരുവനന്തപുരം വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടൻറ് എം.ആർ. ബിജുലാലും കോട്ടയം താഴത്തങ്ങാടി ദമ്പതി കൊലക്കേസിലെ പ്രതി ബിലാലും.
നാടറിഞ്ഞ വമ്പൻ കേസുകളിൽ ഉൾപ്പെട്ടതു കൊണ്ടുമാത്രം ഇവരുടെ കഥ പുറത്തറിഞ്ഞു. എന്നാൽ, ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടും മാനക്കേടും പരാതിപ്പെട്ടാൽ കുടുങ്ങുമോയെന്ന പേടിയും കാരണം പുറത്തുപറയാത്ത എത്രയോ ഇരകൾ കേരളത്തിലെ 14 ജില്ലകളിലുമുണ്ട്.
കോട്ടയം താഴത്തങ്ങാടി ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ അവരുടെ വീട്ടിൽ പണം തട്ടുവാനെത്തിയ മുഹമ്മദ് ബിലാൽ എന്ന 23കാരൻ കൊലപ്പെടുത്തുകയായിരുന്നു. ഓൺലൈൻ റമ്മിക്ക് അടിമയായിരുന്ന യുവാവിന് പബ്ജി, റമ്മി കളി വഴി ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത്.
തുടർന്ന് കളിക്കാനുള്ള പണം മോഷ്ടിക്കാനാണ് പരിചയക്കാരനായ മുഹമ്മദ് സാലിയുടെ വീട്ടിൽ എത്തിയതും കൊലയിൽ കലാശിച്ചതുമെന്ന് പൊലീസിൽ വെളിപ്പെടുത്തിയിരുന്നു.
പണവും പോയി, പിന്നാലെ പണിയും
ഇനി കേരളത്തിലെ പ്രമാദമായ ട്രഷറി പണം തട്ടിപ്പ് കേസിലെ ബിജുലാലിെൻറ കഥ നോക്കാം. ഒരുവർഷം മുമ്പ് രസത്തിന് തുടങ്ങിയതാണ് റമ്മികളി. കൂടുതൽ നേരം ജോലി ചെയ്യുന്നു എന്ന വ്യാജേന മണിക്കൂറുകള് ഓഫിസില് ഇരുന്ന് ഓൺലൈൻ പോർട്ടലിൽ റമ്മി കളിക്കും. പിന്നെ വീട്ടിൽ വന്ന് ഫോണിലൂടെ തുടരും.
ഒരു സൈറ്റിൽ ഒരുമാസം പത്തുലക്ഷം രൂപക്ക് കളിച്ചു. ആകെ 70 ലക്ഷമാണ് മൂന്ന് ൈസറ്റുകളിൽ മാറിമാറി കളിച്ചു തുലച്ചത്. തുടക്കത്തിൽ പണം കിട്ടിയത് ഹരം കൂട്ടി. കീശ കാലിയായപ്പോൾ സഹപ്രവർത്തകെൻറ 65,000 രൂപ കവർന്നു. അധ്യാപികയായ ഭാര്യയുടെ അക്കൗണ്ടിലെ പണവുമെടുത്ത് കളിച്ചു. പിന്നെ ഓഫിസ് അക്കൗണ്ടിലെ പണം സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും മാറ്റി. 2.74 കോടി രൂപ ട്രഷറിയിൽനിന്ന് തട്ടിയെടുത്ത കേസിൽ അറസ്റ്റിലായതോടെ ജോലിയും പോയി.
കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ബിജുലാൽമാർ ഉണ്ട്. അഞ്ചുവർഷമായി ആന്ധ്രപ്രദേശിെല പഞ്ചാബ് നാഷനൽ ബാങ്കിെൻറ നുസീവേഡു ശാഖയിൽ ചീഫ് കാഷ്യറായിരുന്നു ഗുന്ദ്ര രവി തേജ. ഓൺലൈൻ റമ്മികളിക്കായി സ് ഥിരനിക്ഷേപ അക്കൗണ്ടുകളിലെ പണം പതിവായി സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. 1.56 കോടിയാണ് ഓൺലൈൻ റമ്മി കളിക്കാൻ രവി തേജ വകമാറ്റിയത്. സ്ഥിര നിക്ഷേപ അക്കൗണ്ടുകളിലെ വ്യത്യാസം ബാങ്ക് മാനേജർ മോഹൻ റാവു കണ്ടെത്തിയതോടെ സംഗതി പുറത്തായി.
നഷ്ടപ്പെടുന്നവർ പറയാറില്ല
ആദ്യം കളിച്ചപ്പോൾ ചെറിയ തുക കിട്ടിയെന്നും പിന്നെ വൻതുക െവച്ച് കളിച്ചപ്പോൾ അഞ്ചുലക്ഷത്തോളം നഷ്ടപ്പെട്ടെന്നും ഓൺലൈൻ റമ്മി കളിയിലൂടെ പണം നഷ്ടപ്പെട്ട കോഴിക്കോട്ടെ സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.
ലോക്ഡൗണിൽ മൂന്നു ലക്ഷം രൂപയാണ് പോയത്. ചിട്ടികിട്ടിയതും വീടുപണിക്ക് സൂക്ഷിച്ചതുമായ തുകയാണ് കളിച്ചുകളഞ്ഞത്. ആദ്യം പ്രാക്ടിസ് ഗെയിം കളിക്കുേമ്പാൾ തോന്നും പണംവെച്ചു കളിച്ചാൽ കുടുതൽ പണം കിട്ടുമല്ലോയെന്ന്. അങ്ങനെയാണ് പണം ഇറക്കിത്തുടങ്ങുന്നത്. ചെറിയ തുക കിട്ടുന്നത് വലിയ തുക വെക്കാൻ പ്രചോദനമാകും. പക്ഷേ, വലിയ തുകക്ക് കളിച്ചാൽ ഒരിക്കലും വിജയിക്കാൻ കഴിയില്ലെന്നും അദ്ദേഹം സ്വന്തം അനുഭവം സാക്ഷിയാക്കി പറയുന്നു.
കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ 30 വയസ്സുള്ള കെട്ടിടനിർമാണത്തൊഴിലാളി 2.75 ലക്ഷം രൂപയാണ് പല തവണയായി റമ്മി കളിച്ച് നശിപ്പിച്ചത്. റമ്മി കളിച്ച് പൈസ നഷ്ടപ്പെട്ട 60ഓളം സുഹൃത്തുക്കൾ ഇയാൾക്കുണ്ട്. 'ആയിരം കിട്ടിയവർ അയ്യായിരം കിട്ടിയെന്ന് പറയും, പക്ഷേ, അതിലധികം നഷ്ടപ്പെടുന്നത് ആരും മിണ്ടാറില്ലെ'ന്ന് യുവാവ് പറയുന്നു.
കോഴിക്കോട് സ്വദേശിനി വീട്ടുജോലി ചെയ്ത് സമ്പാദിച്ച മൂന്നര ലക്ഷം രൂപയാണ് ഭർത്താവിെൻറ റമ്മികളിയിലൂടെ പോയത്. കളിച്ച് പോയ പണം പിന്നെയും കാശെറിഞ്ഞാൽ തിരികെപിടിക്കാമെന്ന തോന്നലിൽ ചില യുവാക്കൾ പണമുണ്ടാക്കാൻ കഞ്ചാവ്- മയക്കുമരുന്ന് കടത്തിലേക്കും തിരിയുന്നു. ഈയിടെ പിടിയിലായ പല ചെറുപ്പക്കാരും ഓൺലൈൻ ഗെയിമിന് പണം കണ്ടെത്താൻ ഈ ജോലി തിരഞ്ഞെടുത്തവരാണ്. റമ്മി കളിച്ച് പണം നഷ്ടപ്പെട്ട കോഴിക്കോട്ടെ 23കാരൻ വിഷമം മറയ്ക്കാൻ അഭയം തേടിയത് കഞ്ചാവിലായിരുന്നു. ചോദ്യം ചെയ്ത കൂലിപ്പണിക്കാരനായ പിതാവിനെയും കിടപ്പുരോഗിയായ മാതാവിനെയും ക്രൂരമായി ആക്രമിച്ചു.
'ഓൺലൈൻ ഗെയിമുകൾക്ക് യുവാക്കളെ എളുപ്പത്തിൽ അടിമയാക്കാനുള്ള കഴിവുണ്ട്. അതിനാൽ, ഗെയിമുകൾക്കായി അവർ ചെലവഴിക്കുന്ന പണം തിരിച്ചറിയുന്നില്ല. ഈ ആസക്തി അവരെ മനഃശാസ്ത്രപരമായും ബാധിക്കുന്നു. കളിക്കാൻ കഴിയാതെ വരുമ്പോൾ അവർ അക്രമാസക്തമായി പെരുമാറുകയും ആത്മഹത്യകളിൽ അഭയം തേടുകയും ചെയ്യുന്നതായി തൂത്തുക്കുടിയിലെ സന്നദ്ധസംഘടനയായ എം.പവറിെൻറ എക്സിക്യൂട്ടിവ് ഡയറക്ടർ എ. ശങ്കർ വ്യക്തമാക്കുന്നു.
ടിക്ടോക്കുൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരവധി നിരോധിച്ചിട്ടും യുവാക്കളുടെ ജീവിതം നഷ്ടപ്പെടുത്തുന്ന ഓൺലൈൻ ഗെയിമുകൾക്കും റമ്മി പോർട്ടലുകൾക്കും പൂട്ടിടാൻ സർക്കാറിന് ആലോചനപോലുമില്ല.
കുടുക്കിലായാൽ പണം പോകും
ആൻഡ്രോയിഡ്, ഐ.ഒ.എസ് ആപുകളായും വെബ്സൈറ്റുകളായും റമ്മി നിലവിലുണ്ട്. തുടക്കക്കാർക്ക് കളിക്കാൻ കമ്പനി തന്നെ നൽകുന്ന ചെറിയ തുക (വെൽകം ബോണസ്)യിൽ ആകൃഷ്ടരായാണ് പലരും കളി തുടങ്ങുന്നത്. ചിലപ്പോൾ ആയിരവും രണ്ടായിരവും ആളും തരവും നോക്കി കമ്പനികൾ നൽകും.
രസംപിടിച്ചു കഴിഞ്ഞെന്ന് കണ്ടാൽ പിന്നെ ഒന്നും നൽകില്ല. കാശ് കമ്പനി പതിയെപ്പതിയെ ഊറ്റിയെടുക്കും. പോയതെല്ലാം തിരികെപ്പിടിക്കാമെന്ന തോന്നലിലൂടെ കുറഞ്ഞ തുകവെച്ച് കളിക്കുന്നവരെ കൊണ്ട് വൻതുകകൾ ഇറക്കിപ്പിക്കും. അങ്ങനെ ഒരിക്കലും ഊരാനാവാത്ത കടുംകെട്ടാണ് ഈ കളി.
25 മുതൽ 12,000 രൂപ വരെയാണ് എൻട്രി ഫീസ്. 50 രൂപ മുതൽ 50,000 രൂപ വരെ വാലറ്റിൽ ഇടാം. എതിർവശത്ത് ബോട്ട് അഥവാ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (നിർമിതബുദ്ധി) പിന്തുണയുള്ള കമ്പ്യൂട്ടർ പ്രോഗ്രാമാണെന്നാണ് കളിച്ചവരുടെ പരാതി. അവക്ക് നമ്മുടെ കൈയിലെ ചീട്ടുകൾ അറിയാൻ കഴിയുമെന്നാണ് ആരോപണം. നമുക്കാകട്ടെ അവരുടെ ചീട്ടുകൾ ഏതാണെന്ന് ഊഹിക്കാനും കഴിയില്ല.
നാളെ: ഇതൊരു കളിയാണ് മോനെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.