വി. മുരളീധരന് കെട്ടിവെക്കാനുള്ള പണം നൽകി യുക്രെയ്നിൽ നിന്ന് രക്ഷപ്പെട്ടവർ
text_fieldsതിരുവനന്തപുരം: ആറ്റിങ്ങൽ ബി.ജെ.പി-എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കെട്ടിവെക്കാനുള്ള തുക നൽകി യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾ. ബി.ജെ.പി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർഥി സംഘത്തെ പ്രതിനിധീകരിച്ചു സായി ശ്രുതി, സൗരവ് എന്നിവരും രക്ഷിതാക്കളും ചേർന്ന് പണം വി.മുരളീധരന് കൈമാറി.
യുദ്ധഭൂമിയിൽ നിന്നുള്ള രണ്ടാംജന്മം പോലുള്ള തിരികെ വരവിന് എല്ലാ പിന്തുണയും ധൈര്യവും നൽകി ഒപ്പം നിന്നതിനുള്ള സ്നേഹാദരമാണ് ഇതെന്ന് വിദ്യാർഥികൾ പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ചപ്പോൾ ഏറ്റവും കൂടുതൽ ആത്മസംതൃപ്തി നൽകിയത് മറുനാട്ടിൽ നിന്നുള്ള രക്ഷാദൗത്യങ്ങളെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ലോക്ഡൗൺ സമയത്ത് ആരംഭിച്ച ഓപ്പറേഷൻ വന്ദേഭാരത് മുതൽ ഒടുവിൽ റഷ്യയിൽ നിന്ന് അഞ്ചുതെങ്ങ് സ്വദേശികളെ തിരികെ എത്തിക്കുന്നത് വരെയുള്ള അഭിമാന ദൗത്യങ്ങളുടെ ഭാഗമായതിനാൽ സന്തോഷമുണ്ട്. മൂവായിരം മലയാളികൾ അടങ്ങുന്ന ഇരുപതിനായിരം വിദ്യാർഥികളെ യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്ന് ഒഴിപ്പിച്ച ദൗത്യത്തിന്റെ അനുഭവങ്ങളും കേന്ദ്രമന്ത്രി പങ്കുവെച്ചു. ലോകത്ത് എവിടെ ഇത് ദുർഘട സാഹചര്യത്തിൽ ഇന്ത്യക്കാർ അകപ്പെട്ടാലും സുരക്ഷിതമായി തിരികെ കൊണ്ടുവരുമെന്നത് നരേന്ദ്രമോദിയുടെ ഗ്യാരൻറിയാണ് എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.