അവശ്യസാധനങ്ങൾക്ക് പുറത്തിറങ്ങുന്നവർ റേഷൻ കാർഡ് കരുതണം; മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു
text_fieldsമലപ്പുറം: ട്രിപ്പിള്‍ ലോക്ഡൗണിെൻറ ഭാഗമായി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കി.
യാത്രയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ:
മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു.
10 വയസ്സിന് താഴെയുള്ളവര്‍, 60 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ അവരുടെ അടിയന്തിര മെഡിക്കല്‍ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടുള്ളതല്ല.
അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോവുന്ന പൊതുജനങ്ങള്‍ നിര്‍ബന്ധമായും കൈയില്‍ റേഷന്‍ കാര്‍ഡ് കരുതണം.
ജില്ലാ പരിധിയിലെ ഹൈവേയിലൂടെ കടന്നുപോകുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ ജില്ലയില്‍ നിര്‍ത്താന്‍ പാടില്ല. യാത്രാവേളയില്‍ നിയമാനുസൃത പാസ് കൈവശം സൂക്ഷിക്കേണ്ടതാണ്.
ചരക്കു വാഹനങ്ങളുടെ ഗതാഗതം അനുവദനീയമാണ്.
സ്ഥാപനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ:
കോവിഡ് രോഗനിര്‍വ്യാപന / പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍, അവശ്യ സേവനം നല്‍കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഏറ്റവും കുറവ് എണ്ണം ജീവനക്കാരെ വെച്ച് മാത്രമേ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളു. ജീവനക്കാര്‍ അവരുടെ സ്ഥാപന മേധാവി നല്‍കുന്ന ഡ്യൂട്ടി ഓര്‍ഡര്‍, ഐ.ഡി കാര്‍ഡ് എന്നിവ യാത്രാ വേളയില്‍ കൈവശം സൂക്ഷിക്കണം.
പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങളുടെ അകത്തും പുറത്തും കോവിഡ് പ്രോട്ടോകോള്‍ ഉറപ്പാക്കുന്നതിെൻറ പരിപൂര്‍ണ്ണ ഉത്തരവാദിത്തം സ്ഥാപന / ബ്രാഞ്ച് മേധാവിക്കായിരിക്കും. ഇക്കാര്യത്തിലുള്ള അലംഭാവം ഗുരുതരമായി കണക്കാക്കും.
ബാങ്ക്, ഇൻഷുറന്‍സ് സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ ഏറ്റവും കുറവ് ജീവനക്കാരെ വെച്ച്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുന്നതല്ല.
ആശുപത്രികള്‍, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ / വ്യവസായങ്ങള്‍, മെഡിക്കല്‍ ലാബ്, ഭക്ഷ്യ - അനുബന്ധ വ്യവസായങ്ങള്‍, മീഡിയ എന്നിവക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ:
പാല്‍, പത്രം, മത്സ്യം, മാംസം എന്നിവ രാവിലെ എട്ടിനകം വിതരണം പൂര്‍ത്തിയാക്കേണ്ടതാണ്. പാല്‍ സംഭരണം രാവിലെ എട്ട് വരേയും വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരേയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്നത് അനുവദനീയമാണ്.
റേഷന്‍ കടകള്‍, ഭക്ഷ്യ, അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ (മില്‍മ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) ഉച്ചക്ക് രണ്ട് മണി വരെ മാത്രമെ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളൂ.
ഭക്ഷ്യ, അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ പരമാവധി ഹോം ഡെലിവറി / ഓണ്‍ ലൈന്‍ പേമെൻറ് എന്നിവ പ്രോല്‍സാഹിപ്പിക്കേണ്ടതാണ്.
ക്വാറൈൻറനിൽ കഴിയുന്നവര്‍ യാതൊരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല. അവര്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വേണ്ട മരുന്ന് / ഭക്ഷണ സാധനങ്ങള്‍ ആർ.ആർ.ടി അംഗങ്ങള്‍ അവരുടെ വീടുകളില്‍ എത്തിക്കേണ്ടതാണ്. ആർ.ആർ.ടി അംഗങ്ങള്‍ക്ക് (ഒരു വാര്‍ഡിന് പരമാവധി അഞ്ച് എന്ന കണക്കില്‍) തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇന്‍സിഡെൻറ് കമാണ്ടര്‍ (തഹസില്‍ദാര്‍) പ്രവര്‍ത്തന പരിധി രേഖപ്പെടുത്തിയ പാസ് നല്‍കേണ്ടതാണ്. മറ്റു പാസുകള്‍ക്ക് സാധുത ഉണ്ടായിരിക്കുന്നതല്ല.
ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാൻ അനുമതി ഉണ്ടായിരിക്കും. മറ്റ് വളണ്ടിയര്‍മാര്‍ക്ക് പ്രവര്‍ത്തനപരിധി രേഖപ്പെടുത്തിയ പാസ് തഹസില്‍ദാര്‍ നല്‍കേണ്ടതാണ്.
പച്ചക്കറി മൊത്തവിതരണ കേന്ദ്രങ്ങള്‍ പുലര്‍ച്ചെ മൂന്ന് മുതല്‍ രാവിലെ ഏഴ് വരെ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളൂ.
പൊതു ഇടങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കേണ്ടതാണ്. തുറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സ്ഥാപന ഉടമകള്‍ ദിവസവും അണുവിമുക്തമാക്കേണ്ടതാണ്. പൊതു മാര്‍ക്കറ്റുകളിലേക്കുള്ള പ്രവേശനം / പുറത്ത് കടക്കല്‍ എന്നിവ ഒരൊറ്റ വഴിയിലൂടെ ആയി പരിമിതപ്പെടുത്തേണ്ടതാണ്. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗ്, സാനിറ്റൈസേഷന്‍ എന്നിവക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. മേല്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഇന്‍സിഡെൻറ് കമാണ്ടര്‍ / പൊലീസ് / തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം.
പൊതുജനങ്ങള്‍ക്ക് നിബന്ധനകള്‍ പാലിച്ചുകൊണ്ട് അവശ്യ വസ്തുക്കള്‍ വാങ്ങി പോകാനുള്ള സൗകര്യങ്ങള്‍ പൊലീസ് ചെയ്ത് കൊടുക്കേണ്ടതാണ്.
തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിെൻറ അവസാന അക്കം ഒറ്റ അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിെൻറ അവസാന അക്കം ഇരട്ട അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും അവശ്യവസ്തുക്കള്‍ വാങ്ങാൻ മാത്രം യാത്ര അനുവദിക്കാം.
റേഷന്‍ കാര്‍ഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടുള്ളതല്ല. അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് ഒരു റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമേ ഒരു ദിവസം പുറത്തിറങ്ങാന്‍ പാടുകയുള്ളൂ.
ഹോട്ടലുകള്‍ / സാമൂഹിക അടുക്കളകള്‍ ഹോം ഡെലിവറിക്കായി മാത്രം രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കാവുന്നതാണ്. വിതരണക്കാര്‍ മാസ്‌ക്, ഗ്ലൗസ് , സാനിറ്റൈസര്‍ മുതലായവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്. സ്ഥാപനത്തില്‍നിന്ന് നേരിട്ടുള്ള വിതരണം / പാര്‍സല്‍ സർവിസ് അനുവദനീയമല്ല.
പ്രവര്‍ത്താനുമതിയുള്ള സ്ഥാപനങ്ങള്‍ക്കകത്ത് ഉപഭോക്താക്കള്‍ കൃത്യമായ സാമൂഹികാകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പ് വരുത്തേണ്ടതാണ്. സ്ഥാപനങ്ങളുടെ അകത്ത് ഒരു സമയത്ത് പരമാവധി അഞ്ചുപേര്‍ മാത്രമേ അനുവദിക്കുകയുള്ളു. ഇക്കാര്യത്തിലുള്ള ലംഘനം സ്ഥാപന ഉടമക്കെതിരെ ഉള്ള നിയമ നടപടിക്കിടയാക്കുന്നതാണ്.
സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹികാകലം പാലിക്കുന്നതിലേക്കായി ക്യൂ സംവിധാനത്തിനായി പ്രത്യേകം അടയാളങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. ഈ അടയാളങ്ങള്‍ തമ്മില്‍ കുറഞ്ഞത് 150 സെൻറിമീറ്റർ അകലം ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ സാനിറ്റെസര്‍ / സോപ്പുപയോഗിച്ച് കൈ കഴുകുവാനുള്ള സൗകര്യം ക്രമീകരിക്കണം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.
മാസ്‌ക് ധരിക്കാത്തവര്‍ക്ക് സാധനങ്ങള്‍ കൊടുക്കാന്‍ പാടുള്ളതല്ല
.
മേല്‍ സൂചിപ്പിച്ചവ പാലിച്ചില്ലെങ്കില്‍ പ്രസ്തുത സ്ഥാപനം യാതൊരു മുന്നറിയിപ്പുമില്ലാതെ അടപ്പിക്കും.
വഴിയോര കച്ചവടം, വീടുകള്‍ തോറും കയറിയിറങ്ങിയുള്ള വില്‍പന എന്നിവ പൂർണമായും നിരോധിച്ചു.
മറ്റ് നിയന്ത്രണങ്ങൾ:
ഹാര്‍ബര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല. മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
പെട്രോള്‍ പമ്പുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് പ്രവര്‍ത്തിക്കാം.
വിവാഹ ചടങ്ങുകള്‍ പരമാവധി മാറ്റി വെക്കേണ്ടതാണ്. ഒഴിവാക്കാനാവാത്ത വിവാഹങ്ങളും മരണാന്തര ചടങ്ങുകളും പരമാവധി 20 ആളുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തേണ്ടതാണ്. മറ്റ് യാതൊരുവിധ ഒത്തുകൂടലുകളും പാടില്ല.
ജില്ലയില്‍ ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.
നിലവില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന പൊതുനിര്‍മ്മാണ പ്രവൃത്തികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് തുടരുവാന്‍ അനുവദിക്കും.
മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ എന്നിവ അനുവദിക്കും.
നെല്ല് സംഭരണം അനുവദനീയമാണ്.
എല്‍.പി.ജി വിതരണം അനുവദിക്കും. വിതരണക്കാര്‍ മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ മുതലായവ നിര്‍ബന്ധമായും ഉപയോഗിക്കണം.
ബന്ധപ്പെട്ട വകുപ്പ് / ഏജന്‍സികള്‍ക്ക് പച്ചക്കറി / ധാന്യ സംഭരണം നടത്താവുന്നതാണ്. ആർ.ആർ.ടി വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പച്ചക്കറി വീടുകളില്‍ എത്തിക്കാം.
ദുരിതാശ്വാസം / ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ അനുവദനീയമാണ്. ദുരന്ത മേഖല സന്ദര്‍ശനം പൂർണമായും ഒഴിവാക്കേണ്ടതാണ്.
മുകളില്‍ അനുവദിച്ച പ്രവൃത്തികളില്‍ കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.
അവശ്യവസ്തുക്കളുടെ ലഭ്യത സംബന്ധിച്ച ഉറപ്പ് വരുത്താൻ ജില്ലാ സപ്ലൈ ഓഫിസര്‍ അധിക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിപ്പിക്കണം. പ്രസ്തുത സ്‌ക്വാഡുകള്‍ക്ക് നിയമവിരുദ്ധ പ്രവൃത്തികള്‍ കണ്ടെത്തുന്ന കടകള്‍ അടപ്പിക്കാനുള്ള അധികാരം ഉണ്ടായിരിക്കും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് സംബന്ധിച്ച പൊതുഅറിയിപ്പ് ഉച്ചഭാഷിണിയിലൂടെ നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.