കേക്കു മുറിച്ചത് നേവിസ് അല്ല, അവന്റെ കൈകളായിരുന്നു; ഏഴ് ജീവനുകളാണിന്ന് നേവിസ്...
text_fieldsകൊച്ചി: ‘ഹാപ്പി ബർത്ത്ഡേ ടൂ യൂ.. നേവിസ്’... 27ാം പിറന്നാളിന് വെളുത്ത മാലാഖചിറകുകൾ തുന്നിയ ആ വലിയ കേക്കു മുറിച്ചത് നേവിസ് അല്ലെങ്കിലും അവന്റെ കൈകൾകൊണ്ടായിരുന്നു.ചുറ്റും കൂടിനിന്ന നിരവധി ആളുകളിലൊന്നിൽ അവന്റെ ഹൃദയവും മറ്റൊന്നിൽ അവന്റെ കരളും തുടിക്കുന്നുണ്ടായിരുന്നു, അവന്റെ കണ്ണുകൊണ്ട് ഒരാൾ ആ കാഴ്ച കൺനിറയെ കാണുന്നുണ്ടായിരുന്നു. മാലാഖയെപോലെ മറ്റൊരു ലോകത്തിരുന്ന് നേവിസും ആ ആഘോഷം കണ്ട് പുഞ്ചിരിക്കുന്നുണ്ടാവുമെന്ന് അവർ പരസ്പരം പറഞ്ഞുകൊണ്ടിരുന്നു.
മരണശേഷം അവയവങ്ങൾ ദാനം ചെയ്ത് ഏഴുപേർക്ക് പുതുജീവിതമേകിയ കോട്ടയം കളത്തിപ്പടി സ്വദേശി സാജൻ മാത്യുവിന്റെയും ഷെറിൻ ആനിയുടെയും മകൻ നേവിസിന്റെ പിറന്നാളിനായിരുന്നു കൊച്ചി അമൃത ആശുപത്രിയിൽ അവയവങ്ങൾ സ്വീകരിച്ചവരും ബന്ധുക്കളും ഒത്തുചേർന്നത്. നേവിസിന്റെ ഹൃദയം സ്വീകരിച്ച കണ്ണൂർ സ്വദേശി പ്രേംചന്ദ്, കരൾ സ്വീകരിച്ച നിലമ്പൂർ സ്വദേശി വിനോദ്, കൈകൾ സ്വകരിച്ച കർണാടകയിലെ ബെല്ലാരി സ്വദേശി ബസവന ഗൗഡ, വൃക്ക സ്വീകരിച്ച തൃശൂർ സ്വദേശി ബെന്നി, നേത്രപടലം സ്വീകരിച്ച കോട്ടയം സ്വദേശി ലീലാമ്മ എന്നിവരാണ് ചടങ്ങിൽ ഒത്തുചേർന്നത്. മറ്റൊരു വൃക്ക സ്വീകരിച്ച മലപ്പുറത്തെ അൻഷിഫിനും കണ്ണുകളിലൊന്ന് സ്വീകരിച്ചയാൾക്കും എത്താനായില്ല.
2021 സെപ്റ്റംബർ 25നാണ് കളത്തിപ്പടി പീടികയിൽ വീട്ടിൽ നേവിസിന് ഹൈപോഗ്ലൈസീമിയക്ക് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ചത്. തുടർന്ന് നേവിസിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയും സർക്കാറിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
മകനിലൂടെ നിരവധി പേർ ജീവിതത്തിലേക്ക് തിരിച്ചുവന്ന അനുഭവം പങ്കുവെച്ച സാജന്റെ വാക്കുകൾ ചടങ്ങിനെത്തിയവരെയെല്ലാം വികാരാധീനരാക്കി. അവനിന്ന് പലരിലൂടെ ജീവിക്കുകയാണെന്നും അവയവങ്ങൾ സ്വീകരിച്ചവരുൾെപ്പടെ തനിക്ക് പത്തു മക്കളാണെന്നും അദ്ദേഹം പറഞ്ഞു. ബസവനയുടെ കൈകൾ തൊടുന്നതിലൂടെ തന്റെ മകനെ തന്നെയാണ് തൊടുന്നതെന്നും സാജൻ കൂട്ടിച്ചേർത്തു.
അവയവങ്ങൾ സ്വീകരിച്ചവരെല്ലാം മിക്ക ദിവസവും സാജനെയും കുടുംബത്തെയും വിളിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യാറുണ്ട്. നേവിസ് വിളിച്ചിരുന്നതുപോലെ അവരെല്ലാം സാജനെ പപ്പായെന്നും ഷെറിനെ അമ്മായെന്നുമാണ് വിളിക്കുന്നത്. നേവിസിന്റെ സഹോദരങ്ങളായ എൽവിസ്, വിസ്മയ, സിനിമ താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, അമൃത ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.വി. ബീന, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.ബാബുറാവു നാരായണൻ, പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റീവ് സർജറി വിഭാഗം ചെയർമാൻ ഡോ. സുബ്രഹ്മണ്യ അയ്യർ, സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. കെ.പി. ഗിരീഷ് കുമാർ, പേഷ്യന്റ് സർവിസസ് ജനറൽ മാനേജർ രഹ്ന എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.