മറവുചെയ്യാൻ സ്ഥലമില്ലാത്തവർ; മൃതദേഹം വെച്ച് സമരം
text_fields‘ആദിവാസികൾക്ക് അങ്ങനെയൊക്കെ മതി’ എന്നാണോ? ജില്ലയിൽ ആദിവാസികൾക്കെതിരായ പീഡനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ‘മാധ്യമം’ നടത്തുന്ന അന്വേഷണം തുടരുന്നു
‘മൃതദേഹം മറവു ചെയ്യാൻ ഭൂമിയില്ല, ആദിവാസി വൃദ്ധന്റെ മൃതദേഹം അടുക്കളമുറ്റത്ത് അടക്കി’എന്ന വാർത്തക്ക് വയനാട്ടിൽ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവസാനം ആറടി മണ്ണിൽ അന്ത്യവിശ്രമം കൊള്ളുക എന്നത് ആദിവാസിയുടെയും അവകാശമാണ്. എന്നാൽ, കാടിന്റെ മക്കളായി മുദ്രകുത്തിയ ഈ ജനവിഭാഗം ഉറ്റവരെ എവിടെയെങ്കിലും അടക്കട്ടെ എന്നാണ് അധികൃതരുടെ മനോഭാവം.
ശ്മശാനത്തിന് സ്ഥലമെടുപ്പും സംവിധാനങ്ങൾ ഒരുക്കലും തകൃതിയാണെങ്കിലും മൃതദേഹങ്ങൾ അടക്കുന്നതിലെ തർക്കം തീരുന്നില്ല. പ്രതിഷേധം ഉയരുമ്പോൾ താൽകാലിക പരിഹാരം കണ്ടെത്തി മടങ്ങുന്ന അധികൃതർ പിന്നീട് ഇവരെക്കുറിച്ച് ഓർക്കാറില്ല എന്നതാണ് യാഥാർഥ്യം.
മൃതദേഹം മറവു ചെയ്യാൻ ഭൂമിയില്ലാത്തതിനാൽ ആദിവാസി വൃദ്ധന്റെ മൃതദേഹം അടുക്കളമുറ്റത്ത് അടക്കിയത് വെറും കഥയല്ല. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ആറുവാൾ മുടപ്പിലാവിൽ പണിയ കോളനിയിൽ നടന്ന സംഭവമാണ്. ജില്ലയിലെ വിവിധകോളനികളിൽ സമാന സംഭവം നിരവധി തവണ നടന്നിട്ടുണ്ട്.
വെള്ളമുണ്ട പാലയാണ ഉന്നതിയിലും ഇതേ പ്രതിഷേധം ഉയർന്നത് മാസങ്ങൾക്ക് മുമ്പാണ്. രാത്രിയില് മരണപ്പെട്ട കോളനിയിലെ കയമയുടെ (90) മൃതദേഹം സംസ്കരിക്കാന് ശ്മശാനമില്ലാത്തതിനാല് മൃതദേഹവുമായി നടത്തിയ പ്രതിഷേധം ഏറെ വിവാദമായിരുന്നു. ചിലയിടങ്ങളിൽ ശ്മശാനമുണ്ടെങ്കിലും അവിടേക്ക് വഴിയില്ല.
സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകിയ ഭൂമി ഉപയോഗിക്കുന്ന കോളനികൾക്ക് രേഖപ്രകാരം ശ്മശാന ഭൂമി ഇല്ല. തരുവണയിലെ ഒരു കോളനിയിൽ സ്വകാര്യ ഭൂമിയിലാണ് മൃതദേഹങ്ങൾ അടക്കുന്നത്. ഓരോ മരണങ്ങളിലും ശ്മശാനത്തിനായി പ്രതിഷേധമുയരും.
എന്നാൽ ശാശ്വതപരിഹാരം കാണാൻ അധികൃതർക്കും താൽപര്യമില്ല. പറഞ്ഞു മടുത്ത ആദിവാസികൾ ഒടുവിൽ അടുക്കളമുറ്റത്തും കിണറിനരികിലും മൃതദേഹം അടക്കം ചെയ്യും.
പൊതുശ്മശാനം പോര സർ
ഉറ്റവരെ മറവു ചെയ്യാനുള്ള ഒരു തുണ്ട് ഭൂമിക്ക് വേണ്ടി സമരം ചെയ്യേണ്ടി വരുന്ന അടിസ്ഥാന വർഗമാണ് ഇന്നും ആദിവാസികൾ. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും പണിയ വിഭാഗം സ്വന്തമായി ശ്മശാനമില്ലാതെ അലയുകയാണ്. സ്വന്തമായി ശ്മശാനഭൂമി ഇല്ലാത്ത പണിയവിഭാഗക്കാർ ധാരാളം ഉണ്ട്.
പത്ത് സെന്റിൽ താഴെ ഭൂമിയാണ് പല കോളനികളിലും ഇപ്പോഴും കുടുംബങ്ങൾക്കുള്ളത്. ഒന്നിനോടൊന്നു ചേർന്ന് വീട് വെച്ചതിനു ശേഷം മിച്ചം എന്ന് പറയാൻ മുറ്റം മാത്രമാണ് പലർക്കുമുള്ളത്. കുടുംബത്തിൽ ഒന്നിലധികം മരണങ്ങളുണ്ടായാൽ അടുക്കള പൊളിച്ച് മൃതദേഹം മറവുചെയ്യേണ്ട ഗതികേടിലാണ് ഈ മണ്ണിന്റെ മക്കളുള്ളത്.
ആരോപണങ്ങൾ ഉയരുമ്പോൾ പൊതു ശ്മശാനം ചൂണ്ടിക്കാട്ടി തടിയൂരുകയാണ് ഉദ്യോഗസ്ഥർ. ഇത്തരം സന്ദർഭങ്ങളിൽ ഗോത്രവിഭാഗങ്ങൾ തമ്മിലെ തർക്കം പരിഹരിക്കാനും അധികൃതർ മെനക്കെടാറില്ല. വിവിധ വിഭാഗങ്ങളിലുള്ള ആദിവാസികൾ മറ്റു വിഭാഗങ്ങളിലെ മൃതദേഹങ്ങൾ തങ്ങളുടെ പരിധിയിലുള്ള ഭൂമിയിൽ അടക്കം ചെയ്യാൻ സമ്മതിക്കാറില്ല.
ഓരോ വിഭാഗത്തിനും ഒരു ശ്മശാനം എന്ന ആദിവാസികളുടെ കാലങ്ങളായുള്ള ആവശ്യവും ഇതുവരെ പരിഹരിച്ചിട്ടില്ല. മുമ്പ് ജില്ല പഞ്ചായത്ത് ഇടപെട്ട് ആദിവാസി ശ്മശാനഭൂമികൾ വാങ്ങി പ്രശ്നം പരിഹരിക്കുന്നതിന് ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും തുടർ നടപടപടികൾ പാതിയിൽ നിലക്കുകയായിരുന്നു. അന്യാധീനപ്പെട്ട അതേ ഭൂമി ആദിവാസികൾക്കു വീണ്ടെടുത്തു കൊടുക്കേണ്ടതായിരുന്നു.
മാധവ മേനോൻ കമീഷൻ റിപ്പോർട്ട് പ്രകാരം, ആദിവാസികൾക്ക് അഞ്ചേക്കർ ഭൂമി പതിച്ചു നൽകണമെന്നാണ് നിർദ്ദേശം. ഈ ആവശ്യമുന്നയിച്ച് മുത്തങ്ങയിൽ സമരം ചെയ്ത ആദിവാസികളെ നിഷ്ഠൂരമായി ആക്രമിക്കുകയും ജോഗിയെന്ന ആദിവാസിയെ വെടിവെച്ച് കൊല്ലുകയുമാണ് അന്നത്തെ ഭരണകൂടം ചെയ്തത്.
1975 ലെ ആദിവാസി ഭൂസംരക്ഷണ നിയമം നടപ്പിലാക്കിയിരുന്നെങ്കിൽ കോളനികൾ തന്നെ ഉണ്ടാകുമായിരുന്നില്ല. മുഖ്യധാരാ സമൂഹത്തിന്റെ കടുത്ത ചൂഷണത്തിനും അരികുവത്കരണത്തിനും വിധേയരായ ആദിവാസികളുടെ ഭൂമി പ്രശ്നം അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ പരിഹരിച്ചും അവരുടെ ശാക്തീകരണത്തിനുള്ള ശാസ്ത്രീയ പദ്ധതികൾ രൂപവത്കരിച്ചുമുള്ള മുന്നേറ്റത്തിനാണ് വയനാട് ജില്ല നേതൃത്വം നൽകേണ്ടത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.