ഫലസ്തീൻ പോരാട്ടത്തിൽ തീവ്രവാദം കാണുന്നവർ ചരിത്രം പഠിക്കാൻ തയാറാവണം -പി. മുജീബ് റഹ്മാൻ
text_fieldsമലപ്പുറം: ഫലസ്തീൻ ജനതയുടെ പോരാട്ടത്തിന് തീവ്രവാദത്തിന്റെ ചാപ്പ കുത്താൻ ശ്രമിക്കുന്നവർ ചരിത്രം പഠിക്കാൻ തയാറാവണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1948ൽ ഇസ്രായേലിനെ ഫലസ്തീനിൽ കുടിയിരുത്തിയത് മുതൽ സ്വന്തം മണ്ണിൽനിന്ന് ആട്ടിയോടിക്കപ്പെടുന്ന ജനതയാണ് ഫലസ്തീനിലേത്.
അത് അറിയുന്നതിനാലാണ് ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾ എന്നും ഫലസ്തീനൊപ്പം നിന്നത്. ഇന്ത്യയിൽ ഭഗത് സിങ്ങും ഉദ്ദംസിങ്ങും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും നടത്തിയ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് സമാനമായ പോരാട്ടങ്ങൾ നടത്തിയാൽ അവരെയെങ്ങനെ തീവ്രവാദികളെന്ന് വിളിക്കാനാവും. 17 വർഷത്തോളമായി ആകാശവും ഭൂമിയും ഉപരോധിക്കപ്പെടുന്ന ഗസ്സയിലെ ജനത പിന്നെ എന്തുചെയ്യണമെന്നാണ് പറയുന്നത്. അവർ അധിനിവേശ ശക്തികളിൽനിന്ന് പിറന്ന മണ്ണിനുവേണ്ടി പോരാടുകയാണ്.
അവർക്കുവേണ്ടി സംസാരിക്കലും ഐക്യദാർഢ്യമാണ്. പലരും സംസാരിക്കാൻ മടിക്കുകയാണ്. അല്ലെങ്കിൽ ഹമാസിനെ തീവ്രവാദ സംഘടനകളോട് സമീകരിക്കാൻ ശ്രമിക്കുകയാണ്. പ്രശ്നം ഹമാസ് അല്ല. ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യമാണെന്നും പി. മുജീബ് റഹ്മാൻ പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങളിലോ സാമൂഹിക വിഷയങ്ങളിലോ ഇടപെടുന്ന ഇസ് ലാമിക പ്രസ്ഥാനങ്ങളേയോ സംഘടനകളേയോ ഇവിടുത്തെ മാധ്യമങ്ങൾ പൊളിറ്റിക്കൽ ഇസ് ലാമെന്ന് വിളിച്ച് അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കാറുള്ളതെന്ന് ജംഇയത്തുൽ ഉലമയേ ഹിന്ദ് ജനറൽ സെക്രട്ടറി അലിയാർ ഖാസിമി പറഞ്ഞു. ഫലസ്തീനിനെക്കുറിച്ച് പറയുന്നത് നന്മയെക്കുറിച്ച് പറയുന്നതിന് തുല്യമാണെന്ന് രാജീവ് ഗാന്ധി സ്റ്റഡി സെന്റർ കോഓഡിനേറ്റർ അഡ്വ. വി.ആർ. അനൂപ് പറഞ്ഞു.
ഫലസ്തീനെ പിളർത്തി അവിടെ ഇസ്രയേൽ എന്ന രാജ്യത്തെ കൊണ്ടുവന്ന ശേഷം തുടർന്നുള്ള 75 വർഷത്തെ ഭരണം എത്രമാത്രം ഭീകരമായിരുന്നെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഭീകരതയെയും വംശീയതയേയും പിന്തുണക്കുന്ന ഇസ്രയേലിന് അനുകൂലമായി നരേന്ദ്രമോദി സർക്കാർ നിലപാടെടുക്കുന്നത് ഇന്ത്യൻ ഭരണകർത്താക്കളുടെ ഫാഷിസ്റ്റ്, സയണിസ്റ്റ് മനോഭാവത്തെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പ്രസിഡന്റ് നഹാസ് മാള അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. ശുഹൈബ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡന്റ് സി.എച്ച്. സാജിത, ജി.ഐ.ഒ ജില്ല പ്രസിഡന്റ് ടി. ജന്നത്ത്, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഡോ. പി.പി. അബ്ദുൽബാസിത് തുടങ്ങിയവർ സംസാരിച്ചു. ടി.എം. ശരീഫ് മൗലവി ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ ്ലാമി ജില്ല ജന. സെക്രട്ടറി കെ.പി. അബൂബക്കർ സ്വാഗതവും പ്രോഗ്രാം കൺവീനർ സി.എച്ച് ബഷീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.