പൊതുസ്ഥലത്ത് പുകച്ചവർ പിഴ നൽകിയത് ഒന്നര കോടി
text_fieldsമലപ്പുറം: പുകയില നിയന്ത്രണ നിയമ (കോട്പ) ലംഘനങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് പൊലീസ് പിഴ ഈടാക്കിയത് 1,64,54,399 രൂപ. പൊതുസ്ഥലത്തെ പുകവലി നിരോധന ലംഘനത്തിനാണ് ഏറ്റവും കൂടുതല്‍ കേസും പിഴയും.
കഴിഞ്ഞ ഒരു വർഷത്തിനിടെ പൊതുസ്ഥലത്ത് പുക വലിച്ചതിന് ഒന്നര കോടിയിലേറെ (1,57,83,099) രൂപയാണ് പിഴയായി സര്‍ക്കാര്‍ ഖജനാവിലേക്ക് ഈടാക്കിയത്. ഇക്കാലയളവിൽ 78,883 പേർക്കെതിരെ പൊതുസ്ഥലത്തെ പുകവലിക്ക് നടപടിയെടുത്തു. കുട്ടികള്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരേയുള്ള നടപടികളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വിറ്റതിന് കഴിഞ്ഞ ഒരു വർഷത്തിനിടെ 578 കേസുകളിലായി 2,81,100 രൂപ പിഴ ചുമത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണ ദൂരപരിധിക്കുള്ളില്‍ വിറ്റതിന് ഒരു വർഷത്തിനിടെ നടപടിയെടുത്തത് 1434 പേർക്കെതിരെയാണ്. ഇതിൽ 3,84,800 രൂപ സർക്കാർ പിഴ ഈടാക്കി. പുകയില ഉൽപന്നങ്ങളുടെ പാക്കറ്റുകളില്‍ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള മുന്നറിയിപ്പുകള്‍ ഇല്ലാത്തതിന് 102 പേർക്കെതിരെ നടപടിയെടുത്തു. 8400 രൂപയാണ് ഈയിനത്തിൽ പിഴ ചുമത്തിയത്. ഉൽപന്നങ്ങളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരേയുള്ള കേസുകള്‍ കഴിഞ്ഞ ഒരു വർഷ കാലയളവിൽ ഒരെണ്ണം പോലും രജിസ്റ്റർ ചെയ്തിട്ടില്ല.
കോട്പ പ്രകാരം 2022ലെ ആദ്യ മൂന്ന് മാസത്തിനിടെ 20,000ത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021ൽ 88,360 കേസുകളാണ് ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്തത്. 2020ൽ 47,995, 2019ല്‍ 90,972, 2018ല്‍ 1,14,355, 2017ല്‍ 1,67,278 കേസും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.