ഇംഗ്ലീഷ് ഫസ്റ്റ്
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ മലയാളം മീഡിയത്തെ ബഹുദൂരം പിന്നിലാക്കി ഇംഗ്ലീഷ്. ഇതാദ്യമായി ഇംഗ്ലീഷ് മീഡിയത്തിൽ പരീക്ഷ എഴുതുന്നവർ 60 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം 2,39,881 പേർ ഇംഗ്ലീഷ് മീഡിയത്തിൽ എഴുതിയിരുന്നത് 16,216 പേർ കൂടി വർധിച്ച് 2,56,097 ആയി.
ഇത്തവണ 4,27,073 പേരാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ 1,67,778 പേരാണ് (39.28 ശതമാനം) മലയാളത്തിൽ എഴുതുന്നത്. 1230 പേർ തമിഴിലും 1968 പേർ കന്നടയിലുമാണ് എഴുതുന്നത്. അൺഎയ്ഡഡ് സ്കൂളുകളിലേക്ക് കുട്ടികളുടെ ഒഴുക്ക് തടയുന്നത് ലക്ഷ്യമിട്ടാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം കൂടി പ്രോത്സാഹിപ്പിക്കുന്നത്.
ഇംഗ്ലീഷ് മാധ്യമത്തിലുള്ള പഠനത്തിന് പ്രിയമേറിയതോടെ 2010ന് ശേഷം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിൽ കുട്ടികൾ കൂടി വന്നു. 2015ൽ 4,68,466 പേർ പരീക്ഷയെഴുതിയതിൽ 3,32,693 പേരും (71 ശതമാനം) മലയാളം മീഡിയത്തിലായിരുന്നു. തുടർ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞാണ് ഇപ്പോൾ 39.28 ശതമാനത്തിലെത്തിയത്.
മാതൃഭാഷ പഠനത്തിനും പ്രോത്സാഹനത്തിനും സർക്കാർ വിവിധ നടപടി സ്വീകരിച്ചുവരുമ്പോഴാണ് മലയാളം അധ്യയന മാധ്യമമാക്കുന്നതിൽനിന്ന് കുട്ടികൾ പിന്നോട്ട് പോകുന്നത്. ഒന്നാം ക്ലാസിലെ പരിഷ്കരിച്ച മലയാളം പാഠപുസ്തകത്തിൽ അടുത്ത അധ്യയന വർഷം മുതൽ മലയാളം അക്ഷരമാല ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.