പനി ലക്ഷണമുള്ളവര്‍ പൊതുസ്ഥലങ്ങളിൽ പോകരുതെന്ന് ആരോഗ്യമന്ത്രി
text_fieldsതിരുവനന്തപുരം: പനി ലക്ഷണങ്ങളുള്ളവർ പൊതുസ്ഥലങ്ങളിൽ പോകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പനി ലക്ഷണവുമുള്ള കുട്ടികളും മുതിർന്നവരും ഓഫീസുകളിലോ കോളജുകളിലോ സ്കൂളിലോ ഒന്നും പോകരുത്. മറ്റ് അസുഖങ്ങളുള്ളവർ പനിലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡാണോ എന്നു നിർബന്ധമായും പരിശോധിക്കണം. ജലദോഷം പോലുള്ള ലക്ഷണങ്ങളുള്ളവർ വീട്ടില്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും വീട്ടിലെ മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാകരുതെന്നും മന്ത്രി അഭ്യർഥിച്ചു.
'സംസ്ഥാനത്തെ മുഴുവന്‍ സാഹചര്യവും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഈ ഘട്ടത്തില്‍ ആശങ്കപ്പെടേണ്ടതില്ല. പക്ഷേ, കോവിഡ് പടർത്താതിരിക്കാനുള്ള ഉത്തരവാദിത്വം വ്യക്തിപരമായി ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം'- വീണാ ജോർജ് പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച 1,99,041 പേരിൽ 3 ശതമാനം മാത്രമാണ് ആശുപത്രിയിലുള്ളത്. 0.7 ശതമാനത്തിനാണ് ഓക്സിജൻ കിടക്ക ഇപ്പോൾ ആവശ്യമുള്ളത്. ഐ.സി.യു ആവശ്യമുള്ളത് 0.6 ശതമാനം പേർക്കാണ്. രാവിലത്തെ കണക്കുകള്‍ പ്രകാരം സർക്കാർ ആശുപത്രികളിലെ വെന്‍റിലേറ്ററുകളുടെ ആകെയുള്ള ഉപയോഗത്തില്‍ രണ്ട് ശതമാനം കുറവ് വന്നതായി കണ്ടെത്തിയിട്ടുണ്ട്.
എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ടീം
ആരോഗ്യവകുപ്പ് പുറത്തിറക്കിയ ക്ലസ്റ്റര്‍ മാനേജ്മെന്‍റ് ഗൈഡ് ലൈന്‍ അനുസരിച്ച് എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ടീം ഉണ്ടായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുത്ത ടീം അംഗങ്ങള്‍ക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാര്‍ഗനിര്‍ദേശം സംബന്ധിച്ച് പരിശീലനം നല്‍കണം. ഇതിന് ജില്ലാ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർ പിന്തുണ നൽകും.
ഒരു ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് ഈ അവബോധ നിയന്ത്രണ ടീമിന്‍റെ പ്രധാന ഉത്തരവാദിത്വം. പത്തില്‍ അധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആ സ്ഥാപനം ലാര്‍ജ് ക്ലസ്റ്റര്‍ ആകും. പത്തില്‍ അധികം ആളുകള്‍ക്ക് കോവിഡ് ബാധയേറ്റ അഞ്ച് ക്ലസ്റ്ററുകളില്‍ അധികമുണ്ടെങ്കില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ ഉപദേശം അനുസരിച്ച് സ്ഥാപനം/ ഓഫീസ് അഞ്ച് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കാം.
സാധ്യമാകുന്നിടത്തെല്ലാം ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കണം. എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും വെന്‍റിലേറ്റഡ് സ്പെയ്സസ് ഉണ്ടെന്ന് ഉറപ്പാക്കണം. അതോടൊപ്പം ഓഫീസിനുള്ളില്‍ കൃത്യമായി മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.