'കാതിൽ സംഗീതമായി ആ വാക്കുകൾ ഇപ്പോഴുമുണ്ട്, അതാണ് ഞാന്‍ അറിയുന്ന കോടിയേരി'
text_fields2009ൽ സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി ആയിരുന്ന കാലത്ത് ജർമൻ സർക്കാറുമായി ഇന്റർനാഷണൽ യൂത്ത് എക്സ്ചേഞ്ച് കരാർ ഉണ്ടാക്കിയിരുന്നു. അതിനാൽ തന്നെ കേരളോത്സവ വിജയികളായ 21 കലാകാരന്മാരെയും യുവജന നേതാക്കളെയും ഉൾപ്പെടുത്തി ജർമനിയിലെ മൂന്നു സംസ്ഥാനങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ തയാറെടുപ്പുകൾ നടത്തിയിരുന്നു.
ടീം പുറപ്പെടുന്നതിന് ഒരാഴ്ച മുമ്പ് ഫയൽ സ്പോർട്സ് യുവജനകാര്യ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ തിരിച്ചെത്തി. അന്താരാഷ്ട്ര ഇടപാടായതു കൊണ്ട് ഭാരത സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിച്ചിട്ടേ യാത്ര പാടുള്ളു' എന്ന ഒബ്ജക്ഷനോടെയാണ് ഫയൽ തിരിച്ചെത്തിയത്. എല്ലാവിധ സഞ്ജീകരണങ്ങളും ഒരുക്കി കാത്തിരുന്ന പാവം കുട്ടികളുടെ കണ്ണീരിനും സങ്കടത്തിനും ആരും വില കൊടുത്തില്ല.
തുടർന്ന് സ്പോർട്സ് വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ.ജി ശശിധരൻ നായരുടെ നിർദേശത്തിൽ ഞാൻ ഫയലുമായി അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കാണാൻ പോയി. കണ്ട ഉടനെ ഹൃദയം പുറത്തു കാണുന്ന ഒരു പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചത്, 'ഇത് നമ്മുടെ സ്പോർട്സ് അല്ലെ' എന്നായിരുന്നു...! ഫയലിൽ കുറിച്ച കാര്യങ്ങൾ പൂർണമായി അദ്ദേഹം വായിച്ചു നോക്കി. വകുപ്പ് സെക്രട്ടറിയെ നോക്കി മെല്ലെ പറഞ്ഞു. 'പിള്ളേരല്ലേ, പോയി വരട്ടെ, അപ്പോഴേക്കും അനുമതി ഒക്കെ നമുക്ക് വാങ്ങാമല്ലോ'. കാതിൽ സംഗീതമായി ആ വാക്കുകൾ ഇപ്പോഴുമുണ്ട്. മന്ദഹസിക്കുന്ന ആ മുഖവും..! കോടിയേരി ബാലകൃഷ്ണണന് പ്രണാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.