10 വർഷത്തിനിടെ ചെരിഞ്ഞത് ആയിരത്തോളം കാട്ടാനകൾ; ഒരു കേസിലും പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല
text_fieldsതൃശൂർ: പാലക്കാട് തിരുവിഴാംകുന്നിൽ ഗർഭിണിയായ കാട്ടാന സ്ഫോടകവസ്തു കടിച്ച് പരിക്കേറ്റതിനെ തുടർന്ന് ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തിനെതിരെ വർഗീയ വിദ്വേഷം ചീറ്റുമ്പോൾ, കാടിനകത്ത് 10 വർഷത്തിനിടെയുണ്ടായ ആനകളുടെ ക്രൂരമായ മരണത്തിൽ നടപടിയുണ്ടായില്ല. വനംവകുപ്പിെൻറ ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തിലെ വനത്തിൽ 2011 മുതൽ ഈ വർഷം ഇതുവരെ 836 ആനകളാണ് ചെരിഞ്ഞത്.
എന്നാൽ, ആനപീഡനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വ്യവഹാരത്തിലുള്ള ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സ് സംഘടനയുടെ കണക്കനുസരിച്ച് 1,500 ആണ്. 60 ശതമാനവും വയനാട് വനാന്തരങ്ങളിലാണ്. 20 ശതമാനം അതിരപ്പിള്ളി, പൂയംകുട്ടി, മതികെട്ടാൻ വനമേഖലകളിലും.
10 ശതമാനം മാത്രമാണ് പാലക്കാട്, മലപ്പുറം മേഖല ഉൾപ്പെടുന്ന വനാന്തരങ്ങളിൽ ചെരിഞ്ഞത്. 10 ശതമാനം തീവണ്ടി തട്ടിയും മറ്റും പരിക്കുകളോടെയുള്ള ജീവഹാനിയാണ്. അസ്വാഭാവിക സാഹചര്യങ്ങളിൽ ചെരിഞ്ഞത് 64 ആനകളെന്നാണ് വനംവകുപ്പിെൻറ കണക്ക്. 772 എണ്ണം പ്രായവും അസുഖവും മൂലം ചെരിഞ്ഞെന്നും പറയുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ ദിവസവും കാട്ടിൽ പട്രോളിങ് നടത്തേണ്ടതുണ്ട്. പക്ഷേ, ഇത് ചെയ്യാറില്ല. 16 കിലോമീറ്റർ യാത്ര ചെയ്താൽ അലവൻസ് ലഭിക്കും. ഇതിന് യാത്ര ചെയ്തതായി രേഖകളുണ്ടാക്കി മടങ്ങുകയാണ് പതിവ്. കഴിഞ്ഞ ദിവസം പാലക്കാട് മണ്ണാർക്കാട് വനാന്തരങ്ങളിൽ കുട്ടിയാനയുടെ ആഴ്ചകൾ പഴക്കമുള്ള ജഡം കണ്ടെത്തിയിരുന്നു. പട്രോളിങ് നടത്തിയിരുന്നുവെങ്കിൽ ഇത്ര പഴക്കത്തോടെ ജഡം കണ്ടെത്തേണ്ടിവരില്ലെന്ന് ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം വ്യക്തമാക്കുന്നു.
കാടിെൻറ വിസ്തൃതി കുറഞ്ഞുകൊണ്ടിരിക്കെ, കുടിയേറ്റക്കാർ വന്യജീവികളെ കൃഷി നശിപ്പിക്കുന്നതിെൻറ പേരിൽ പടക്കം പൊട്ടിച്ചും ഭയപ്പെടുത്തിവിടുന്നുണ്ട്. മുൻകാലങ്ങളിൽ പിണ്ഡം പരിശോധനയിലൂടെയാണ് ആനകളുടെ എണ്ണം കണക്കാക്കിയിരുന്നത്. ഇപ്പോൾ സാറ്റലൈറ്റിലൂടെയാണ്. ഇതനുസരിച്ച് 2012ൽ ശേഖരിച്ച കണക്കുപ്രകാരം 6,177 കാട്ടാനകളുണ്ടായിരുന്നു. 2019ലെ കണക്ക് പ്രകാരം 5,706 ആയി കുറഞ്ഞു. 2015 മുതൽ 2019 വരെ മാത്രം 28 ആനകൾ െചരിഞ്ഞതായാണ് വനംവകുപ്പിെൻറ കണക്ക്.
തോട്ട പൊട്ടിച്ചും വെടിവെച്ചും അപായപ്പെടുത്തിയും അസ്വാഭാവികമായി എന്ന് രേഖപ്പെടുത്തി വനംവകുപ്പ് രജിസ്റ്റർ ചെയ്ത 64 കേസുകളിൽ പോലും അന്വേഷണം നടത്താനും പ്രതികളെ കണ്ടെത്തി ശിക്ഷിക്കാനും കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.