നവകേരള സദസ്സിൽ ഉഗ്രസ്ഫോടനം ഉണ്ടാകുമെന്ന് ഭീഷണി
text_fieldsകാക്കനാട്: എറണാകുളം ജില്ലയിൽ തിങ്കളാഴ്ച നടക്കുന്ന നവകേരള സദസ്സിൽ ഉഗ്രസ്ഫോടനം ഉണ്ടാകുമെന്ന് അജ്ഞാതന്റെ ഭീഷണിക്കത്ത്. കാക്കനാട് പോസ്റ്റ്ഓഫിസിൽ എത്തിയ കത്ത് എ.ഡി.എം എസ്. ഷാജഹാനാണ് ലഭിച്ചത്. ഭീഷണിക്കത്ത് എ.ഡി.എം തൃക്കാക്കര പൊലീസിന് കൈമാറി. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കത്ത് വന്നിരിക്കുന്ന സ്ഥലത്തെ പോസ്റ്റ് ഓഫിസ് സീൽ വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. ഏറെ ഗൗരവത്തോടെയാണ് കത്ത് പൊലീസ് കാണുന്നത്. ഭീഷണിയെത്തുടർന്ന് നവകേരള സദസ്സിന്റെ വേദികൾ പൊലീസ് പരിശോധിച്ചു. ‘നവകേരള സദസ്സിന്റെ വേദികളിൽ ഒന്നാം തീയതി ഉഗ്രസ്ഫോടനം ഉണ്ടാകും. കുഴിബോംബ് വരെ സ്ഥാപിക്കും. ഞങ്ങളും പഴയ കമ്യൂണിസ്റ്റുകാരാണ്. ഇയാളെ മടുത്തു. പാർട്ടിയുടെയും നാടിന്റെയും നാശമാണ് ഇയാൾ’ -ഇതാണ് കത്തിലെ ഉള്ളടക്കം.
ജനുവരി 1, 2 തീയതികളിൽ തൃക്കാക്കര, പിറവം, തൃപ്പൂണിത്തുറ, കുന്നത്തുനാട് നിയോജക മണ്ഡലങ്ങളിലാണ് നവകേരള സദസ്സ്. ഒന്നാം തീയതി വൈകീട്ട് മൂന്നിന് തൃക്കാക്കര മണ്ഡലത്തിലേത് കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിലും വൈകീട്ട് അഞ്ചിന് പിറവം മണ്ഡലത്തിലേത് പിറവം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഗ്രൗണ്ടിലും നടക്കും.
ജനുവരി രണ്ടിന് തൃപ്പൂണിത്തുറ മണ്ഡലത്തിലേത് വൈകീട്ട് മൂന്നിന് പുതിയകാവ് ക്ഷേത്ര മൈതാനത്തും കുന്നത്തുനാട് മണ്ഡലത്തിലേത് വൈകീട്ട് അഞ്ചിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഗ്രൗണ്ടിലും നടത്തും. ഇതിൽ ഒന്നാം തീയതിയിലെ നവകേരള സദസ്സിനാണ് കുഴിബോംബ് ഭീഷണി. കാനം രാജേന്ദ്രന്റെ മരണത്തെതുടർന്നാണ് ഈ മണ്ഡലങ്ങളിലെ നവകേരള സദസ്സ് മാറ്റിവെച്ചത്. തൃക്കാക്കരയിലെ വേദിയായ കാക്കനാട് കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ അസി. കമീഷണർമാരായ പി.വി. ബേബി, ടി.ആർ. ജയകുമാർ, കെ.ബി. ബിനു തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.